Skip to main content

നാക്ക് നീട്ടുന്ന പട്ടിയെപ്പോലെ

''നാം, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, എന്നിട്ട് അതില്‍നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്ത ഒരാളുടെ വാര്‍ത്ത അവര്‍ക്ക് വിവരിച്ച് കൊടുക്കുക. അപ്പോള്‍ പിശാച് അവന്റെ പിന്നാലെ കൂടി. അങ്ങനെ അവന്‍ വഴിപിഴച്ചവരില്‍പ്പെട്ടു പോയി. നാം ഇച്ഛിച്ചിരിക്കുന്നുവെങ്കില്‍ അത് മുഖേന അവനെ ഉന്നതനാക്കാമായിരുന്നു. പക്ഷേ അവന്‍ മണ്ണിനോടൊട്ടി നില്ക്കുകയും തന്നിഷ്ടം പിന്തുടരുകയും ചെയ്യുകയായിരുന്നു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേത് പോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാല്‍ അത് കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാണ് നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. ഈ കഥ വിവരിച്ചു കൊടുക്കൂ; അവര്‍ ചിന്തിച്ചെന്നു വരാം (7:175,176).

സത്യം ഗ്രഹിക്കുവാനുള്ള നിരവധി തെളിവുകള്‍ ലഭിക്കുകയും യഥാര്‍ഥ വഴിയില്‍ എത്തിച്ചേരാന്‍ അവസരം ലഭിക്കുകയും ചെയ്തിട്ടും, ഭൗതിക ജീവിതത്തിന്റെ താത്ക്കാലിക സുഖങ്ങളില്‍ അഭിരമിച്ച്, നിഷേധത്തിന്റെയും, അഹങ്കാരത്തിന്റെയും അവിശ്വാസത്തിന്റെയും വഴികളിലേക്ക് തിരിച്ചു പോകുന്ന വ്യക്തികളെയാണ് ഈ വചനത്തില്‍ ഉപമിക്കുന്നത്. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായി വഴിതെറ്റിപ്പോവുകയാണ് ഇവര്‍ ചെയ്യുന്നത്. സത്യത്തില്‍ ക്ഷമാപൂര്‍വം ഉറച്ചുനിന്നിരുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും ഒട്ടേറെ പദവികള്‍ അവരെ തേടിയെത്തുമായിരുന്നു.

ബില്‍ആം എന്ന ഒരു മതപണ്ഡിതന്റെ വിഷയത്തിലാണ് ഈ വചനങ്ങള്‍ ഇറങ്ങിയത്. സത്യം മറച്ചു വെച്ചുകൊണ്ട് ഐഹിക നേട്ടങ്ങള്‍ക്കു വേണ്ടി മതവിധികള്‍ നല്‍കുകയും യഥാര്‍ഥ്യവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കി സത്യത്തെ വക്രീകരിക്കുന്ന പണ്ഡിതന്മാരും ഈ വചനത്തിന്റെ ആശയത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവരെ അല്ലാഹു ഉപമിക്കുന്നത് സദാ നാവ് പുറത്തേക്ക് നീട്ടി കിതച്ചോടുന്ന നായയോടാണ്. തിന്നുക, ഭോഗിക്കുക എന്ന ലക്ഷ്യം മാത്രമാണതിന്നുള്ളത്. ആര്‍ത്തിയാണ് അതിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു എല്ലില്‍ കഷ്ണം കിട്ടിയാല്‍ അതിേന്മലായി കടിപിടി. ഏത് നേരവും തല താഴ്ത്തി, നാവ് നീട്ടി   മണത്ത് ഓടിക്കൊണ്ടിരിക്കുന്ന നായക്ക് സമാനമാണ് ദുന്‍യാവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി, ദീനിനെയും ധര്‍മത്തെയും കൈയൊഴിഞ്ഞ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടെ സ്ഥിതി.
 

Feedback