''അല്ലെങ്കില്‍ കപടവിശ്വാസികളെ ഉപമിക്കാവുന്നത് ആകാശത്ത് നിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദം കേട്ട്, മരണഭയത്താല്‍ അവര്‍ ചെവിയില്‍ വിരലുകള്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ പിണര്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കാറായി. മിന്നല്‍ അല്‍പം വെളിച്ചം നല്‍കുമ്പോഴെല്ലാം അതിലൂടെ അവര്‍ നടക്കുന്നു. ഇരുട്ടാവുമ്പോള്‍ നിശ്ചലരാവുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും എടുത്തു കളയുമായിരുന്നു. അല്ലാഹു എല്ലാറ്റിനും പ്രാപ്തനാണ്, തീര്‍ച്ച (2:19,20).
സത്യത്തിന്റെ കൂടെ ഉറച്ച് നില്‍ക്കാനും ത്യാഗങ്ങള്‍ സഹിക്കാനും സന്നദ്ധരല്ലാത്ത കപട വിശ്വാസികളുടെ സ്ഥിതിഗതികളെ ചിത്രീകരിക്കുന്ന ഒരു ഉപമയാണിത്. മാനവ സമൂഹത്തിന്റെ മോചനത്തിനും ക്ഷേമത്തിനുമായി സ്രഷ്ടാവ് അവര്‍ക്ക് ഇറക്കിക്കൊടുക്കുന്ന ഖുര്‍ആനിക വചനങ്ങളും ദൈവീക ദൃഷ്ടാന്തങ്ങളും നിയമാവലികളുമാണ് കുത്തിച്ചൊരിയുന്ന പേമാരിയോടുപമിപ്പിച്ചിരിക്കുന്നത്. മഴ, മണ്ണിന് ജീവനും തുടിപ്പും നല്‍കുന്ന പോലെ മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതാണ്. ദിവ്യദര്‍ശനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താക്കീതുകളും മുന്നറിയിപ്പുകളും മഴയോടൊപ്പം വരുന്ന ഇടിനാദങ്ങളായും, ദൃഷ്ടാന്തങ്ങളും സന്തോഷവാര്‍ത്തകളും മിന്നല്‍ പിണരുകളായും മനസിലാക്കാവുന്നതാണ്.
ദിവ്യവചനമായ പേമാരിയോടൊപ്പം വരുന്ന ഇടിനാദങ്ങളായ താക്കീതുകളും ശാസനകളും കേള്‍ക്കുമ്പോള്‍ അവര്‍ക്കത് സഹിക്കാവുന്നില്ല. കാത് പൊത്തിയും കണ്ണ് ചിമ്മിയും ഇടിമിന്നലുകളില്‍ നിന്ന് രക്ഷപ്പെടാമെന്നു കരുതുന്ന മൗഢ്യത്തിലാണ് കപടവിശ്വാസികളുള്ളത്.
സത്യസന്മാര്‍ഗം സ്വീകരിച്ചാല്‍ ലഭിക്കാനിരിക്കുന്ന മഹത്തായ സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തകള്‍ ചിലപ്പോള്‍ അവരുടെ മനസ്സുകളെ പ്രചോദിപ്പിക്കും. അപ്പോള്‍ കുറച്ച് കാലം അവര്‍ പ്രവാചന്റെയും അനുയായികളുടെയും കൂടെ സഞ്ചരിക്കും. വിഷമങ്ങളും പരീക്ഷണങ്ങളും ത്യാഗങ്ങളും ഈ ലോകത്ത് അനുഭവിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോള്‍ അവര്‍ പിന്‍വലിയുകയും ചെയ്യും. അതാണ് മിന്നല്‍ നല്കുന്ന വെളിച്ചത്തിലൂടെ അവര്‍ കുറച്ച് മുന്നോട്ട് പോകും. ഇരുട്ടായാല്‍ നിശ്ചലമായി പോവുകയും ചെയ്യും എന്ന് പറഞ്ഞത്.
പഞ്ചേന്ദ്രീയങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടും അവയെ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അവ നിശ്ശേഷം പിന്‍വലിക്കാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. എങ്കിലും അത്തരം കാര്യങ്ങള്‍ അല്ലാഹു പെട്ടെന്ന് ചെയ്യുന്നില്ല എന്ന് അവര്‍ തിരിച്ചറിയട്ടെ എന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ചുരുക്കത്തില്‍ കൂരിരുട്ടുള്ള രാത്രിയില്‍ പേമാരിയിലകപ്പെട്ട് ആശയ്ക്കും ആശങ്കയ്ക്കുമിടയില്‍ നിമിഷങ്ങള്‍ തള്ളി നീക്കുന്ന സ്ഥിതിവിശേഷമാണ് കപടന്മാരുടേത് എന്ന് അല്ലാഹു ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുകയാണ് ഇവിടെ.