ഭൗതിക ജീവിതത്തിന്റെ പളപളപ്പുകള്‍ക്കിടയില്‍ എല്ലാവരും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് സുഖസൗകര്യങ്ങളുടെ സമ്പൂര്‍ണതയാണ്. അതാകട്ടെ ഒരിക്കലും ഒരാള്‍ക്കും പൂര്‍ണമായി ഈ ലോകത്ത് ലഭ്യമല്ല താനും. കോടീശ്വരനായാലും അസ്വസ്ഥ മനസ്സിന്റെ ഉടമയാണെങ്കില്‍ പുറമേ കാണുന്ന സാമ്പത്തിക ശേഷി മാത്രം നോക്കി ഒരാളെ ധന്യന്‍ എന്ന് വിലയിരുത്തിക്കൂടാ.
അതുപോലെത്തന്നെയാണ് ബാഹ്യമായ സൗന്ദര്യവും സൗകര്യവും വിലയിരുത്തി ഒരു വ്യക്തിയെയോ, കുടുംബത്തെയോ സമൂഹത്തെയോ വിലയിരുത്തുന്നതും. ഈയൊരു യാഥാര്‍ഥ്യത്തിന് മുന്‍പില്‍നിന്ന് സത്യത്തെയും അസത്യത്തെയും ഉപമിച്ച് പറയുന്ന വിശുദ്ധ ഖുര്‍ആനിലെ 13ാം അധ്യായത്തിലെ 17ാം വചനം എത്ര ചിന്താര്‍ഹം!
''അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ആ വെള്ളം താഴ്‌വരകളിലൂടെ അവയുടെ വലിപ്പത്തിനനുസരിച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ഒഴുക്കില്‍ പൊങ്ങി നില്‍ക്കുന്ന നുരയെയും വഹിച്ചുകൊണ്ടാണ് ആ ഒഴുക്ക്. വല്ല ആഭരണമോ, ഉപകരണമോ ഉണ്ടാക്കാന്‍വേണ്ടി അവര്‍ തീയിലിട്ട് കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകും. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്കുപകാരമുള്ളതാകട്ടെ, ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു''(13:17).
വളരെ ആഴത്തില്‍ വിലയിരുത്തേണ്ട ഒരു ഉപമയാണിത്. ശുദ്ധമായ ലോഹം അടിയില്‍ തങ്ങി നില്‍ക്കും അതിലെ മാലിന്യങ്ങള്‍ പുറമെ പതച്ചു പൊങ്ങിനില്‍ക്കും. ശുദ്ധമായ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നു. പുറമേക്ക് കാണുന്ന കുത്തൊഴുക്കിലെ നുരയും പതയും പതഞ്ഞുപൊങ്ങി പൊട്ടിത്തീരുന്ന കുമിളകള്‍ മാത്രവും. ഇതുപോലെത്തന്നെയാണ് ജീവിത പ്രവാഹത്തിന്റെ മുകള്‍പരപ്പില്‍ അസത്യത്തിന്റെ ചപ്പും ചവറും പൊങ്ങി നില്‍ക്കുന്നതായി നമുക്ക് പലപ്പോഴും കാണാം. കാലക്രമത്തില്‍ അവയൊക്കെ ഛിന്നഭിന്നമായി നശിച്ചുപോകുന്നു. സത്യം സ്ഥായിയായ അംഗീകാരത്തോടെ സമൂഹത്തിന്റെ അന്തര്‍ധാരയായി നിലനില്‍ക്കുന്നു.
അസത്യത്തിന്റെയും അസാന്മാര്‍ഗികതയുടെയും സഹയാത്രികര്‍ ഭൗതിക ജീവിതത്തില്‍ പൊലിമയും പൊങ്ങച്ചവും പ്രകടിപ്പിക്കുന്നത് സത്യസന്ധരെയും സന്മാര്‍ഗികളെയും പുഛിക്കുന്നിടം വരെ എത്താറുണ്ട്. ശാശ്വതമായ ജീവിതത്തെ സംബന്ധിച്ചിടത്തോളം നശ്വരമായ ഇഹലോകജീവിതം എത്ര തുച്ഛമാണെന്ന് നബി(സ്വ) ഉദാഹരിച്ചത് നോക്കൂ. ''ഒരു മഹാ സമുദ്രത്തില്‍നിന്ന് ഒരു പക്ഷി തന്റെ കൊക്കുകൊണ്ട് എടുക്കുന്ന വെള്ളം എത്രയാണോ അത്രയാണ് ഈ ഇഹലോകം, സമുദ്രത്തില്‍ ബാക്കി എത്രയാണോ അതാണ് പരലോകം.'' ഈ വിശ്വാസ ദൃഢതയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്ഷണികമായ ഈ ലോക ജീവിതം അടിച്ചുപൊളിച്ചു പുളയ്ക്കാനുള്ളതല്ല. വിജയത്തിനുള്ള വഴിയൊരുക്കാനും സ്വര്‍ഗം കരസ്ഥമാക്കാനുമുള്ളതാണ്. അതുകൊണ്ടുതന്നെ ബാഹ്യമായ മോഡിക്കല്ല മറിച്ച് മനസ്സിലൂറിയ വിശ്വാസത്തിനും അതില്‍നിന്നുത്ഭുതമാവുന്ന സത്പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന. അതിന് വിരുദ്ധമായ ജീവിത വീക്ഷണം വെച്ചു പുലര്‍ത്തുന്നവരാകട്ടെ അവര്‍ ശരീരത്തിന്റെ സൗഖ്യവും ബാഹ്യമായ സുഖസൗകര്യങ്ങളും എത്രത്തോളം നേടാമോ അത്രയും ശേഖരിക്കാന്‍ ശ്രമിക്കുന്നു. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയില്‍ മറ്റാരുടെയും വിധിവിലക്കുകള്‍ അവന്‍ മുഖവിലക്കെടുക്കുന്നില്ല. ധര്‍മാ-ധര്‍മങ്ങള്‍ അവനെ വ്യാകുലപ്പെടുത്തുന്നില്ല. എന്നാല്‍ അതു മുഖേന ജീവിതത്തില്‍ ശരിയായ സമാധാനം കിട്ടില്ല അവര്‍ക്ക്.
തനിക്ക് ലഭിച്ചത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടുത്തുകയും ചെയ്യുന്ന പ്രസിദ്ധി ആഗ്രഹിക്കാത്ത സജ്ജനങ്ങളാണ് സത്യത്തിന്റെ സഹചാരികള്‍. പുറമേക്ക് കാണുന്ന പളപളപ്പില്‍ മാത്രം കാര്യം കാണുന്നവര്‍ ജീവിത ലക്ഷ്യമെന്തന്നറിയാത്ത അസത്യത്തിന്റെ കുത്തൊഴുക്കില്‍ പെട്ടവരും. ആഭരണമുണ്ടാക്കാന്‍ സ്വര്‍ണ്ണമുരുക്കുമ്പോഴും ഇതേ പ്രതിഭാസം നമുക്ക് ദര്‍ശിക്കാനാകും.
ചൂടേറ്റ് തനി തങ്കത്തിന് മാറ്റ് കൂടുമ്പോള്‍ അതിലെ മാലിന്യമാണ് നുരയായി പൊന്തുന്നത്. ജീവിത പരീക്ഷണത്തിന്റെ ഏത് തീച്ചൂളയിലും വിശ്വാസത്തിന്റെ മാറ്റുകൂട്ടുന്ന പ്രക്രിയക്ക് നല്ല ഒരു ഉപമ തന്നെയാണിത്.