''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല, അതിന്നായി ആരാധ്യരെല്ലാം ഒത്തുചേര്‍ന്നാല്‍ പോലും. ഇനി ഈച്ച അവരില്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന് അത് തിരിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (22:73).
ലോകത്ത് ഒട്ടേറെ മതങ്ങളും അതിനേക്കാള്‍ കൂടുതല്‍ ആരാധിക്കപ്പെടുന്ന ദൈവങ്ങളുമുണ്ട്. ഈ ആരാധ്യരെത്തന്നെ മനുഷ്യദൈവങ്ങളും മനുഷ്യേതര ദൈവങ്ങളുമായി വിഭജിക്കപ്പെടുന്നു. തുമ്പയും തുളസിയും പേരാലും പാലയും പോലെയുള്ള വൃക്ഷലതാദികളും എലിയും പാമ്പും പശുവും തുടങ്ങി മൃഗങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ഗിരിശൃംഗങ്ങളും വരെ നീളുന്ന പട്ടിക മനുഷ്യേതര ദൈവ ഗണത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യരില്‍ തന്നെ ജീവിക്കുന്നവരും മരിച്ചുപോയവരും മുതല്‍ കാല്‍പനിക കഥകളിലെ കഥാപാത്രങ്ങളും ഇതിഹാസങ്ങളിലെ നായികാ- നായകന്മാരും വരെ നീണ്ടുകിടക്കുന്നു. അവയില്‍തന്നെ ചരിത്ര പിന്‍ബലമുള്ള പ്രവാചകന്മാരും പുണ്യപുരുഷന്മാരും മിത്തുകളില്‍ മാത്രമുള്ള സങ്കല്പങ്ങളും ഉള്‍പ്പെട്ടു. ലോകത്തുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദൈവവിശ്വാസത്തിലും ആരാധ്യരെ തെരഞ്ഞെടുക്കുന്നതിലുമുള്ളത്. അതുകൊണ്ടുതന്നെ ശരിയായ ആരാധ്യനെ കണ്ടെത്താനും ഉറപ്പിക്കാനും ഏറെ പരിശ്രമങ്ങള്‍ ആവശ്യമാണ്. പക്ഷേ ഒരു ഉത്പന്നത്തില്‍നിന്ന് തനിക്ക് ഗുണകരമായത് തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന ശുഷ്‌കാന്തിപോലും തന്റെ സ്രഷ്ടാവും രക്ഷിതാവുമാകേണ്ട ആരാധ്യരെ തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്നില്ല.
വിവിധങ്ങളായ ബിംബങ്ങള്‍ പ്രതിഷ്ഠിച്ച് അവക്ക് മുമ്പില്‍ പൂജയും നിവേദ്യവും ബലിയും ആരാധനയും അര്‍പ്പിച്ചുകൊണ്ടിരുന്ന ആറാം നൂറ്റാണ്ടിലെ അറബികളും ഇക്കാര്യത്തില്‍ തുല്യരാണ്. മനുഷ്യരേ ശ്രദ്ധിച്ചു കേള്‍ക്കുക എന്ന ഈ അഭിസംബോധന. എല്ലാവര്‍ക്കും ബാധകമാണ്. ശേഷം പറയുന്നത് ഉപമകളില്‍ ഏറ്റവും ലളിതസംഗതി ആരാധ്യന്‍ സ്രഷ്ടാവായിരിക്കണം എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു വിഷയമാണ്. ഏതൊരു മതവിശ്വാസിയും ദൈവത്തെ പരിചയപ്പെടുത്തുന്ന പദംകൂടിയാണ് സ്രഷ്ടാവ്, പടച്ചവന്‍, കര്‍ത്താവ്, ഉടയോന്‍ എന്നതൊക്കെ. ആ പടച്ചവന്‍ തന്നെയാണോ തന്റെ മുന്‍പിലെ പ്രതിഷ്ഠകള്‍ എന്ന് ചിന്തിച്ചുറപ്പിക്കാനാണ് ഈ ഉദാഹരണം ഖുര്‍ആനില്‍ ഉദ്ധരിക്കുന്നത്. ഈ ആരാധ്യര്‍ എന്തെങ്കിലും ഒന്ന് സൃഷ്ടിച്ചിട്ടുണ്ടോ? നിസ്സാരജീവിയായ ഒരീച്ചയെപ്പോലും!? പോകട്ടെ ഒരു ഈച്ച ഈ വിഗ്രഹങ്ങള്‍ക്കായി നല്‍കപ്പെട്ട ബലിയില്‍ നിന്നോ നിവേദ്യങ്ങളില്‍ നിന്നോ വല്ലതും ആഹാരമാക്കിയാല്‍ അത് തടയാനോ ആ തട്ടിയെടുത്തത് തിരിച്ചു പിടിക്കാനോ പോലും അവക്ക് സാധ്യമല്ലതാനും.