“സത്യനിഷേധികളെ ഉപമിക്കാവുന്നത്, വിളിയും തെളിവുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും മൂകരും അന്ധരുമാണ്. അതിനാല്‍ അവര്‍ ചിന്തിക്കുന്നവരുമല്ല'' (2:171).
ബുദ്ധിയും വിവേചന ശക്തിയും നല്കി, സുന്ദരഘടനയോടെ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍. ചിന്താശക്തി ഉപയോഗപ്പെടുത്തി, സത്യസരണി തെരഞ്ഞെടുത്ത്, നന്മനിറഞ്ഞ ജീവിതം നയിക്കുമ്പോഴാണ് അവര്‍ സത്യവിശ്വാസികളും സന്മാര്‍ഗചാരികളുമായിത്തീരുക. എന്നാല്‍ പാരമ്പര്യത്തെ അവലംബമാക്കി, അന്ധവിശ്വാസത്തിലും, സത്യനിഷേധത്തിലും അടിയുറച്ച് നില്‍ക്കുകയും, യഥാര്‍ഥസത്യത്തെക്കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവര്‍ മൃഗതുല്യരാണ്. മൃഗങ്ങളെ മേക്കുന്നവര്‍ ഒച്ചയിടുകയും തെളിക്കുകയും ചെയ്യുമ്പോള്‍ അവ ആ ശബ്ദം കേള്‍ക്കുന്നു എന്നതിന്നപ്പുറം, അവന്‍ പറയുന്നതിന്റെ സാരവും ഉദ്ദേശ്യവും എന്താണെന്ന് ആ മൃഗങ്ങള്‍ക്കറിയില്ലല്ലോ.
ഇതുപോലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്ത് സത്യത്തിലേക്ക് അവരെ ക്ഷണിച്ചാലും അവര്‍ കേള്‍ക്കുന്നതിനപ്പുറം, അവരുടെ ഹൃദയത്തിലേക്ക് അത് കടന്ന് ചെല്ലുകയോ ആ സന്ദേശം ഉള്‍ക്കൊണ്ട് സത്യവിശ്വാസം സ്വീകരിക്കുകയോ ചെയ്യാത്ത വിഭാഗമാണവര്‍.
അവരുടെ നാവിലൂടെ സത്യത്തിന്റെ പ്രഖ്യാപനം പുറത്ത് വരാതെ ഊമകളായാണ് അവര്‍ കഴിയുന്നത്. സത്യം കണ്ട് മനസ്സിലാക്കാനോ യാഥാര്‍ഥ്യം കേട്ട് ഗ്രഹിക്കാനോ തയ്യാറില്ലാത്തവര്‍ അന്ധരും ബധിരരുമായി ഉപമിക്കപ്പെട്ടിരിക്കുന്നു.