ഖുത്ബ കഴിഞ്ഞാല്‍ ഇമാം മിമ്പറില്‍ നിന്നിറങ്ങണം. ഉടനെ ഇഖാമത്ത് വിളിക്കണം. രണ്ടു റക്അത്ത് ജമാഅത്തായി നമസ്‌കരിക്കണം.
''ഇമാമിന്റെ കൂടെ ഒരു റക്അത്ത് ലഭിച്ചാല്‍ മറ്റൊരു റക്അത്ത് തനിയെ നമസ്‌കരിച്ചാല്‍ മതി'' (നസാഈ 3:111). അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''ജുമുഅ നമസ്‌കാരത്തിലോ മറ്റു (രണ്ടു റക്അത്തുള്ള) നമസ്‌കാരത്തിലോ ഒരു റക്അത്ത് ലഭിച്ചാല്‍ അതിനോട് ഒരു റക്അത്ത് കൂട്ടിച്ചേര്‍ക്കുക. അതോടെ നമസ്‌കാരം പൂര്‍ത്തിയായി '' (നസാഈ, ഇബ്‌നുമാജ).
അത്തഹിയ്യാത്തിന് ഇരിക്കുമ്പോഴാണ് തുടര്‍ന്നതെങ്കില്‍ നാലു റക്അത്ത് നമസ്‌കരിക്കണം. ''ജുമുഅ നമസ്‌കാരത്തില്‍ ഒരു റക്അത്ത് ലഭിച്ചവന്‍ മറ്റൊരു റക്അത്ത് കൂടി നമസ്‌കരിക്കട്ടെ. രണ്ടു റക്അത്തും നഷ്ടപ്പെട്ടവന്‍ നാലു റക്അത്ത് നമസ്‌കരിക്കട്ടെ'' (ത്വബ്‌റാനി). എന്നാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്നാലും രണ്ടു റക്അത്ത് നമസ്‌കരിച്ചാല്‍ മതി എന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. ഇതാണ് കൂടുതല്‍ ശരിയായി തോന്നുന്നത്.
ജുമുഅ നമസ്‌കാരത്തിലെ ആദ്യ റക്അത്തില്‍ സൂറത്തുല്‍ അഅ്‌ലായും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഗാശിയയും നബി(സ്വ) ഓതാറുണ്ടായിരുന്നു (മുസ്‌ലിം).
ചിലപ്പോള്‍ സൂറത്തുല്‍ ജുമുഅയും സൂറത്തുല്‍ മുനാഫിഖൂനും ഓതാറുണ്ടായിരുന്നു.
ഇവയല്ലാതെ ഖുര്‍ആനില്‍ നിന്ന് ഇഷ്ടമുള്ള ഏതു ഭാഗവും ഓതാം. സുന്നത്ത് നഷ്ടപ്പെടുമെങ്കിലും വിരോധമില്ല. വെള്ളിയാഴ്ച രാവിലെ സ്വുബ്ഹ് നമസ്‌കാരത്തില്‍ ആദ്യ റക്അത്തില്‍ അലിഫ് ലാം മീം സജ്ദയും രണ്ടാമത്തേതില്‍ സൂറതുദ്ദഹ്‌റും ഓതുന്നതും നബി(സ്വ) പതിവാക്കിയിരുന്നു.