Skip to main content

അഞ്ചു നമസ്‌കാരങ്ങള്‍

ദിനംപ്രതി അഞ്ചു നമസ്‌കാരം നിര്‍ബന്ധമാണ്. നമസ്‌കാരങ്ങള്‍ അതാതിന്റെ സമയങ്ങളുടെ പേരില്‍തന്നെയാണ് അറിയപ്പെടുന്നത്. ദുഹ്ര്‍, അസ്വര്‍, മഗ്‌രിബ്, ഇശാ, സ്വുബ്ഹ് എന്നിവയാണ് ആ പേരുകള്‍. ഉച്ച, അപരാഹ്നം, അസ്തമയം, സന്ധ്യ, പ്രഭാതം എന്നിങ്ങനെയാണ് യഥാക്രമം അവയുടെ അര്‍ഥം.

വിശുദ്ധ ഖുര്‍ആന്‍ ഈ പേരുകള്‍ ഇങ്ങനെ ക്രമമായി എണ്ണിപ്പറഞ്ഞിട്ടില്ല. മറ്റുവിഷയങ്ങള്‍ പോലെത്തന്നെ വിശുദ്ധ ഖുര്‍ആന്‍ ഈ കാര്യങ്ങള്‍ പൊതുവായി പ്രതിപാദിക്കുകയും നബി(സ്വ) അത് വിശദീകരിച്ചു പ്രാവര്‍ത്തികമായി കാണിച്ചുതരികയും ചെയ്തു. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ''പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യ യാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക'' (11:114).

അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെ കണിശമായ സമയനിര്‍ണയമല്ല, ദിനരാത്രങ്ങളില്‍ മുറതെറ്റാതെ പ്രാര്‍ഥന നടത്താനുള്ള ഉദ്‌ബോധനമാണ് ഈ വചനത്തില്‍ അങ്ങിയിരിക്കുന്നത്. പകലിന്റെ ഒരറ്റത്തെ നമസ്‌കാരം സ്വുബ്ഹും മറ്റേ അറ്റത്തേത് അസ്വ്‌റുമാണ്. 'സുലഫ്' എന്ന പദത്തിന് പകലിനോട് അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ഥം. മഗ്‌രിബും ഇശാഉമാണ് ഈ സമയത്തെ നമസ്‌കാരങ്ങള്‍.

''സൂര്യന്‍ (ആകാശ മധ്യത്തില്‍നിന്ന്) തെറ്റിയതുമുതല്‍ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക; ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും. തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു'' (17:78).

ഉച്ചതിരിഞ്ഞതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നാലു നമസ്‌കാരങ്ങളാണുള്ളത്. ദുഹ്ര്‍, അസ്വര്‍, മഗ്‌രിബ്, ഇശാ. ഈ വസ്തുതകള്‍ പൊതുവില്‍ വിശദീകരിക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങള്‍ കാണാം. ഉദാഹരണത്തിന് ചിലതുകൂടി ഉദ്ധരിക്കട്ടെ.

''സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി കൈവന്നേക്കാം'' (20:130).

''ആകയാല്‍, നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. ആകാശങ്ങളിലും ഭൂമിയിലും അവനു തന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക)'' (30:17,18).

ഈ സൂചനകളെല്ലാം നിര്‍ബന്ധ നമസ്‌കാരങ്ങളെപ്പറ്റിയാണെന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ല. ഖുര്‍ആനിന്റെ ശൈലി ഇങ്ങനെയാണ്. മൊത്തത്തില്‍ കാര്യങ്ങള്‍ പറയുക. പ്രേരണയും പ്രോത്സാഹനവും നല്‍കുക. നിഷേധികളെ താക്കീതു ചെയ്യുക. പല വിശദാംശങ്ങളും നബിവചനങ്ങളിലാണ് കാണുക. നമസ്‌കാരത്തിന്റെ രൂപവും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും കാര്യവും എല്ലാം ഇങ്ങനെ തന്നെ.

ഈ വസ്തുതകള്‍ വ്യക്തമായി ഗ്രഹിക്കാതെ ചിലയാളുകള്‍ 'നമസ്‌കാരം അഞ്ചു നേരങ്ങളില്‍ വേണമെന്ന് ഖുര്‍ആനിലില്ല; മൂന്നുനേരം മാത്രമേ വേണ്ടൂ' എന്ന് വാദിച്ചു നോക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ നമസ്‌കാര സമയം കണ്ടെത്തുക എന്നതല്ല, നബിചര്യയുടെ പ്രാമാണികതയെ ചോദ്യം ചെയ്യുകയും സ്വഹാബിമാരെ തള്ളിപ്പറയുകയുമാണ് അവരുടെ ഗൂഢോദ്ദേശ്യം. അത്തരക്കാരുടെ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞതിനാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ അത് കാര്യമായ ഒരു ചര്‍ച്ചാ വിഷയമായില്ല.

വിശുദ്ധ ഖുര്‍ആനില്‍ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ക്കു പുറമെ ഇതേ ആശയം വേറെ ആയത്തുകളിലുമുണ്ട്. 'സ്വലാതുല്‍ഫജ്ര്‍', 'സ്വലാതുല്‍ഇശാ' എന്നിവ (24:58) പേരെടുത്തുതന്നെ പറഞ്ഞിരിക്കുന്നു. കൂടാതെ 'സ്വലാതുല്‍ അസ്വ്‌റിനെപ്പറ്റി 'സ്വലാതുല്‍ വുസ്ത്വാ' എന്ന് 2:238ലും പറഞ്ഞിരിക്കുന്നു. ഇതിനുപുറമെ ഉച്ച തിരിയുമ്പോള്‍ നമസ്‌കരിക്കണമെന്ന് 17:78ല്‍ വ്യക്തമാക്കിയിരിക്കുന്നു. 30:18ല്‍ ഇത് സൂചിപ്പിച്ചിട്ടുമുണ്ട്. 11:114ല്‍ 'പകലിനോടടുത്ത യാമങ്ങള്‍' എന്ന വാക്കിലും 30:18ല്‍ മഗ്‌രിബ് നമസ്‌കാരത്തെപ്പറ്റിയും സൂചനയുണ്ട്. ചുരുക്കത്തില്‍ എപ്പോഴെങ്കിലും ദൈവനാമങ്ങള്‍ ഉരുവിടുകയോ ജപിക്കുകയോ ചെയ്യുക എന്നതല്ല ഇസ്‌ലാമിലെ നമസ്‌കാരം. അതിനു കൃത്യമായ രൂപം ഉള്ളതുപോലെ നിശ്ചിതവും നിര്‍ണിതവുമായ സമയപരിധിയുമുണ്ട്. ''തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു'' (4:103).

''ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്നു. താങ്കള്‍ എഴുന്നേറ്റു നമസ്‌കരിക്കുക എന്നു പറഞ്ഞു. സൂര്യന്‍ ആകാശ മധ്യത്തില്‍നിന്നു നീങ്ങിയ സമയത്ത് 'ദുഹ്ര്‍' നമസ്‌കരിച്ചു. പിന്നെ അദ്ദേഹം അപരാഹ്നത്തില്‍ വന്നു. നമസ്‌കരിക്കൂ എന്നു പറഞ്ഞു. ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്രയായ സമയത്ത് 'അസ്വര്‍' നമസ്‌കരിച്ചു. പിന്നെ (ജിബ്‌രീല്‍) അസ്തമയ നേരത്ത് വന്നു. നമസ്‌കരിക്കൂ എന്നു പറഞ്ഞു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ 'മഗ്‌രിബ്' നമസ്‌കരിച്ചു. പിന്നെ (ജിബ്‌രീല്‍) രാത്രിയുടെ ആദ്യയാമത്തില്‍ വന്നു. നമസ്‌കരിക്കൂ എന്നു പറഞ്ഞു. അസ്തമന ശോഭ മാഞ്ഞുതീര്‍ന്ന നേരത്ത് ഇശാ നമസ്‌കരിച്ചു. പിന്നെ (ജിബ്‌രീല്‍) പ്രഭാതത്തില്‍ വന്ന് നമസ്‌കരിക്കൂ എന്ന് പറഞ്ഞു. പ്രഭാതം പൊട്ടിവിടര്‍ന്നപ്പോള്‍ 'സ്വുബ്ഹ്' അഥവാ 'ഫജ്ര്‍ നമസ്‌കരിച്ചു.

പിറ്റെദിവസം (ജിബ്‌രീല്‍) 'ദുഹ്‌റി'നു വേണ്ടിവന്നു. എന്നിട്ട് (നബിയോട്) നമസ്‌കരിക്കൂ എന്നു പറഞ്ഞു. ഓരോ വസ്തുവിന്റെയും നിഴല്‍ അതിന്റെ അത്ര വലിപ്പമായപ്പോള്‍ ദുഹ്ര്‍ നമസ്‌കരിച്ചു. പിന്നെ അപരാഹ്നത്തില്‍ വന്നു. നമസ്‌കരിക്കൂ എന്നു പറഞ്ഞു. വസ്തുക്കളുടെ നിഴല്‍ രണ്ടിരട്ടി വലിപ്പമായപ്പോള്‍ അസ്വര്‍ നമസ്‌കരിച്ചു. പിന്നെ അസ്തമയ സമയത്തുതന്നെ മഗ്‌രിബിനുവേണ്ടി വന്നു. പിന്നെ അര്‍ധരാത്രിയായപ്പോള്‍ വന്നു ഇശാ നമസ്‌കരിച്ചു. പിന്നെ നല്ലവണ്ണം നേരം പുലര്‍ന്നപ്പോള്‍ വന്നു. നമസ്‌കരിക്കൂ എന്ന് പറഞ്ഞു. ഫജ്ര്‍ നമസ്‌കരിച്ചു. എന്നിട്ട് പറഞ്ഞു: 'ഈ രണ്ടു സമയങ്ങള്‍ക്കിടയിലുള്ളതാണ് (നമസ്‌കാര) സമയം'' (അഹ്മദ്, നസാഈ, തിര്‍മിദി).

ഈ ഹദീസില്‍ നിന്ന് അഞ്ചു നമസ്‌കാരത്തിന്റെ പേരുകളും അവയുടെ സമയവും വ്യക്തമായി. ഒന്നാംദിവസം നമസ്‌കരിച്ചത് ഓരോന്നിന്റെയും ആദ്യസമയങ്ങളിലും പിറ്റേന്ന് നമസ്‌കരിച്ചത് അവസാന സമയങ്ങളിലുമാണ്. സൂര്യന്‍ മധ്യത്തില്‍ നിന്നു നീങ്ങിയതുമുതല്‍ ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്രയാവുന്നതുവരെ ദുഹ്‌റിന്റെ സമയവും ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ അത്ര വലിപ്പമായതു മുതല്‍ സൂര്യാസ്തമയംവരെ അസ്വ്‌റിന്റെ സമയവുമാണ്. അസ്തമയം മുതല്‍ കുറഞ്ഞ സമയം മാത്രം മഗ്‌രിബിനും അസ്തമയശോഭ നീങ്ങിയതു മുതല്‍ അര്‍ധരാത്രിവരെയുള്ള വിശാലസമയം ഇശാഇന്നും നബി(സ്വ) പഠിപ്പിച്ചു. പ്രഭാതം മുതല്‍ സൂര്യോദയംവരെയാണ് സ്വുബ്ഹ് നമസ്‌കരിക്കാവുന്ന സമയം. മഗ്‌രിബിന്റെ സമയം അസ്തമയ ശോഭ അപ്രത്യക്ഷമാകുന്നതുവരെയാണെന്ന് നബി(സ്വ) പറഞ്ഞതായി ഇബ്‌നു അംറ്(റ)ല്‍ നിന്ന് മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.

മേല്പറഞ്ഞ സമയങ്ങളുടെ രണ്ടറ്റങ്ങള്‍ക്കിടയില്‍ അതതു നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചിരിക്കണം. സമയമായിട്ടു ചെയ്യുന്ന നമസ്‌കാരം മാത്രമേ സ്വീകാര്യമാകൂ. ചൂട്, തണുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ നമസ്‌കാരം അല്പം പിന്തിക്കുകയോ നേരത്തെ ആക്കുകയോ ചെയ്യാം. പക്ഷേ, ഈ സമയപരിധിക്കുള്ളിലായിരിക്കണം.

ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നുചോദിച്ച സ്വഹാബിയോട്, 'നമസ്‌കാരം അതിന്റെ ആദ്യസമയത്തുതന്നെ നിര്‍വഹിക്കല്‍' എന്നു പ്രവാചകന്‍(സ്വ) അരുളിയതില്‍നിന്ന് ആദ്യ സമയത്തിന്റെ പ്രാധാന്യം വ്യക്തമാണ്.
 
 

Feedback