ഇസ്‌ലാമിലെ നമസ്‌കാരം രണ്ടു തരമാണ്. നിര്‍ബന്ധമായതും ഐഛികമായതും. ഒരു മുസ്‌ലിം നിര്‍ബന്ധമായും ദിനേന അനുഷ്ഠിക്കേണ്ട നമസ്‌കാരങ്ങള്‍ അഞ്ചെണ്ണമാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. മുആദ്(റ)വിനെ യമനിലേക്ക് പ്രബോധകനായി നിയോഗിച്ചപ്പോള്‍ നബി(സ്വ) അദ്ദേഹത്തോട് നിര്‍ദേശിച്ചു: 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല എന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ് എന്നുമുള്ള സത്യസാക്ഷ്യത്തിലേക്ക് നീ അവരെ ക്ഷണിക്കുക. അതവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, അല്ലാഹു അവര്‍ക്ക് ഓരോ ദിവസവും അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് താങ്കള്‍ അവരെ അറിയിക്കുക' (ബുഖാരി).
ഈ നമസ്‌കാരങ്ങള്‍ക്ക് പ്രത്യേകം സമയം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിശ്ചയമായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു (4:103). ഇവ സ്വീകാര്യമാകണമെങ്കില്‍ അതിന്റെ നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ നിര്‍വഹിക്കണം. ഓരോ നമസ്‌കാരവും സമയമാകുന്നതിനു മുമ്പോ ശേഷമോ നിര്‍വഹിച്ചാല്‍ അവ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. പ്രതിഫലം ലഭിക്കില്ല, നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കാത്തതിനാല്‍ ശിക്ഷാര്‍ഹനായി മാറുകയും ചെയ്യും. അതിനാല്‍ നമസ്‌കാരം സമയത്ത് നിര്‍വഹിക്കുക എന്നതിനെ ഇസ്‌ലാമിക കര്‍മശാത്രം നമസ്‌കാരത്തിന്റെ സ്വീകരാര്യമാകുന്നതിനുള്ള നിബന്ധനയായി (ശര്‍ത്വ്) എണ്ണുന്നു.