Skip to main content

നമസ്‌കരിക്കാന്‍ പാടില്ലാത്ത നേരം

ചില പ്രത്യേക സമയങ്ങളില്‍ നമസ്‌കരിക്കുന്നത് പ്രവാചകന്‍(സ്വ) വിലക്കിയിട്ടുണ്ട്. അസ്വ്‌ർ  നമസ്‌കരിച്ച ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെയും, സ്വുബ്ഹ് നമസ്‌കരിച്ച ശേഷം സൂര്യന്‍ ഉദിക്കുന്നതുവരെയും നമസ്‌കരിക്കരുത് എന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ സൂര്യന്‍ ഉദിച്ചുകൊണ്ടിരിക്കുമ്പോഴും അസ്തമിച്ചു കൊണ്ടിരിക്കുമ്പോഴും സൂര്യന്‍ നേരെ തലയ്ക്കുമീതെ ആയിരിക്കുമ്പോഴും നമസ്‌കരിക്കരുത് എന്നും ഉണര്‍ത്തിയിട്ടുണ്ട്.

''സ്വുബ്ഹിനു ശേഷം സൂര്യന്‍ ഉദിച്ചുയരുന്നതു വരെയും അസ്വ്‌റിനു ശേഷം സൂര്യാസ്തമയം വരെയും നമസ്‌കരിക്കാന്‍ പാടില്ല'' (ബുഖാരി). ''നിങ്ങളിലാരും  സൂര്യന്‍ ഉദിച്ചുകൊണ്ടിരിക്കുമ്പോഴും അസ്തമിച്ചു കൊണ്ടിരിക്കുമ്പോഴും നമസ്‌കരിക്കാനായി കാത്തിരിക്കരുത്'' (ബുഖാരി 585).

''ഉഖ്ബതുബ്‌നു ആമിര്‍(റ) പറയുന്നു: മൂന്നു സമയങ്ങളില്‍ നമസ്‌കരിക്കുന്നതും ആ സമയങ്ങളില്‍ നമ്മുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതും റസൂല്‍(സ്വ) നമ്മോടു വിരോധിച്ചിരിക്കുന്നു. സൂര്യന്‍ ഉദിച്ചുവരുമ്പോള്‍ അത് അല്പം പൊങ്ങുന്നതുവരെയും, സൂര്യന്‍ മധ്യാഹ്നത്തില്‍ നില്‍ക്കുമ്പോഴും, സൂര്യന്‍ അസ്തമിക്കാറാകുമ്പോള്‍ അത് അസ്തമിച്ചു കഴിയുന്നതുവരെയും'' (മുസ്‌ലിം).

നിരോധിക്കപ്പെട്ട അഞ്ചു നേരങ്ങളില്‍ രണ്ടെണ്ണം മറ്റു നമസ്‌കാരങ്ങളുമായും മൂന്നെണ്ണം കേവലം സമയങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. സൂര്യന്റെ ഉദയാസ്തമയങ്ങളെയാണ് ഇവിടെ പ്രധാനമായും പരിഗണിച്ചുകാണുന്നത്. സൂര്യനെ ആരാധിച്ചിരുന്ന ആളുകള്‍ ഈ സമയങ്ങളിലായിരുന്നു അതു നിര്‍വഹിച്ചിരുന്നതെന്നും അതുമായി സാദൃശ്യം ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ഈ നിരോധം എന്നും മുസ്‌ലിം ഉദ്ധരിച്ച സുദീര്‍ഘമായ ഒരു ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ നിരോധം കേവല നമസ്‌കാരങ്ങള്‍ക്കാണ്. കാരണമുണ്ടെങ്കില്‍ വിരോധമില്ല. ഉദാഹരണത്തിന് ഒരാള്‍ പള്ളിയില്‍ കയറിയത് അസ്വ്‌റിനുശേഷമാണെങ്കിലും തഹിയ്യത്ത് നമസ്‌കരിക്കാവുന്നതാണ്.

Feedback