Skip to main content

സമയനിര്‍ണയത്തിലെ യുക്തി

നമസ്‌കാരത്തിനുള്ള സമയം അല്ലാഹു നമുക്ക് നിര്‍ണ്ണയിച്ചുതന്നിരിക്കയും നബി(സ്വ) അത് പഠിപ്പിച്ചു തരികയുമുണ്ടായി. 

എന്നാല്‍, എപ്പോഴും ആരാധനാകര്‍മങ്ങളില്‍ തളച്ചിട്ടുകൊണ്ട്, ജീവിതായോധനം ലക്ഷ്യമാക്കി അധ്വാനിക്കുന്ന മനുഷ്യനെ വിഷമിപ്പിക്കുന്നതിന് ഈ നമസ്‌കാര സമയം കാരണമാകുന്നില്ല. പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്ന മനുഷ്യന്ന്- അതാണല്ലോ പ്രകൃതിയുടെ താല്‍പര്യവും.- ഫജ്ര്‍ നമസ്‌കാരം കഴിഞ്ഞാല്‍, ജീവിത സന്ധാരണത്തിന്നായി സുദീര്‍ഘമായ ഏഴെട്ടു മണിക്കൂറുകള്‍ ലഭിക്കുന്നു. ഏതു തരത്തിലുള്ള ജോലി ചെയ്യുന്നവനും സാധാരണയായി ഉച്ചഭക്ഷണത്തിനുള്ള വിശ്രമവേളയുണ്ടാകും. ആ സമയത്താണ് അടുത്ത നമസ്‌കാരം. ജോലികളില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുന്ന സായാഹ്നങ്ങളിലാണ് മറ്റു രണ്ടു നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുവാനുള്ളത്. രാത്രി ശയ്യയെ അവലംബിക്കുന്നതിനു മുമ്പായി അവസാനത്തെതും നിര്‍വഹിക്കുന്നു. ജീവിതതാളവുമായി ഇണങ്ങിച്ചേരുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ.

നമസ്‌കാര സമയങ്ങളുടെ കാര്യത്തില്‍ നബി(സ്വ) സൂര്യന്റെയും ഭൂമിയുടെയും ഗതി വിഗതികളും നിഴലിന്റെ സ്ഥാനവും അടിസ്ഥാനമാക്കിക്കൊണ്ട് പ്രകൃതിയുടെ കൃത്യവും പിഴവുകള്‍ വരാത്തതുമായ കണക്കാണു സൂചിപ്പിച്ചത്. ആധുനിക ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും, സഹായത്തോടെ ഭൂഭ്രമണവും മറ്റും കൃത്യമായി കണക്കാക്കുകയും അതനുസരിച്ച് വാച്ചുകളും കലണ്ടറുകളും സംവിധാനിക്കുകയും ചെയ്ത ഇക്കാലത്ത് സമയമറിയാന്‍ മാനത്തേക്ക് നോക്കണമെന്നില്ല. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ മതി.

കൂടാതെ, ഈ സമയവ്യത്യാസം ബാധകമല്ലാത്ത ധ്രുവപ്രദേശങ്ങളിലും മറ്റും നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ട്. നിര്‍ബന്ധമായ ഈ അഞ്ചു നമസ്‌കാരങ്ങള്‍ അവയ്ക്കു നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ തന്നെ നിര്‍വഹിക്കണം. അതിനുമപ്പുറം, ബോധപൂര്‍വം അതു നീട്ടിവെക്കാവുന്ന ഒരവസ്ഥയും നബി(സ്വ) അംഗീകരിച്ചതായി കാണാന്‍ കഴിയില്ല. ഈ സമയപരിധിക്കുള്ളില്‍ നമസ്‌കരിക്കാന്‍ കഴിയാതിരിക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ടായേക്കാം. മനുഷ്യന്റെ ദൗര്‍ബല്യമായ മറവിയും ഉറക്കവും ഉദാഹരണമായെടുക്കാം. അതു രണ്ടും, തന്റെ നിയന്ത്രണത്തിന് അപ്പുറത്തായതുകൊണ്ടായിരിക്കാം, പ്രവാചകന്‍ ആ കാരണങ്ങളുടെ പേരില്‍ ഇളവ് നല്‍കിയത്.

അനസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: ''ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോയാല്‍, ഓര്‍മ്മവന്ന ഉടനെ അതവന്‍ നമസ്‌കരിക്കണം. അതല്ലാതെ അതിനു പ്രായശ്ചിത്തമില്ല'' (ബുഖാരി, മുസ്‌ലിം).

''നിങ്ങളില്‍ ആരെങ്കിലും നമസ്‌കാരം നിര്‍വഹിക്കാതെ ഉറങ്ങിപ്പോവുകയോ അശ്രദ്ധയില്‍ പെട്ട് മറന്നു പോവുകയോ ചെയ്താല്‍ ഓര്‍മ്മവന്ന ഉടനെ അതു നമസ്‌കരിക്കണം. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു: 'എന്നെ സ്മരിക്കുവാന്‍ വേണ്ടി നീ നമസ്‌കാരം നിര്‍വഹിക്കുക' (മുസ്‌ലിം).

മറ്റു ആരാധനകള്‍ക്ക് മാറ്റിവയ്ക്കാന്‍ അവസരമുണ്ട്. ഉദാഹരണത്തിന് റമദ്വാനില്‍ നോമ്പ് അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് വേറെ അവസരമുണ്ട്. എന്നാല്‍ നമസ്‌കാരത്തിന്റെ കാര്യം അങ്ങനെയല്ല. ഏതവസ്ഥയിലും നീട്ടിവെക്കാനോ മാറ്റിവെക്കാനോ പാടില്ല. നില്‍ക്കാന്‍ വയ്യെങ്കില്‍ ഇരുന്നോ കിടന്നോ ആകാം. യാത്രയിലെങ്കില്‍ രണ്ടെണ്ണം ഒരേ സമയത്തേക്ക് കൂട്ടിയും റക്അത്തുകള്‍ ചുരുക്കിയും നിര്‍വഹിക്കാം. വെള്ളം കിട്ടിയില്ലെങ്കില്‍, തയമ്മും ചെയ്താല്‍ മതി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അവസരത്തില്‍ ഭയത്തോടെ ചെയ്യാവുന്ന  'സ്വലാതുല്‍ ഖൗഫും പഠിപ്പിച്ചിരിക്കുന്നു. അതൊക്കെയാവാമെങ്കിലും പക്ഷേ, സമയത്തിന്നപ്പുറം അത് മാറ്റിവെക്കുന്ന പ്രശ്‌നമേയില്ല.

നബിയുടെ ജീവിതത്തില്‍, ഒരിക്കല്‍ മാത്രം ഒരു നമസ്‌കാരം, സമയം തെറ്റിപ്പോയി. അഹ്‌സാബ് യുദ്ധാവസരത്തില്‍ അസ്വര്‍ നമസ്‌കാരം നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതിനു മുമ്പ് സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. വര്‍ധിച്ച വേവലാതിയോടെ അദ്ദേഹം അതു നിര്‍വഹിക്കുകയുണ്ടായി. യുദ്ധവേളയിലെ നമസ്‌കാരത്തിന്റെ നിയമം അവതരിക്കുന്നതിനു മുമ്പായിരുന്നു അത്.

ജാബിര്‍(റ)വില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''ഖന്‍ദഖ് ദിവസത്തില്‍ സൂര്യാസ്തമയത്തിനു ശേഷം അവിശ്വാസികളായ ഖുറയ്ശികളെ പഴിച്ചുകൊണ്ട് ഉമര്‍ കടന്നുവന്നു. അദ്ദേഹം പറഞ്ഞു: പ്രവാചകരേ, സൂര്യനസ്തമിക്കുന്നതുവരെ എനിക്ക് അസ്വര്‍ നമസ്‌കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഞാനും നമസ്‌കരിച്ചിട്ടില്ല. അപ്പോള്‍ അദ്ദേഹം അംഗ ശുദ്ധി വരുത്തി; ഞങ്ങളും. എന്നിട്ട് ഞങ്ങള്‍ അസ്വര്‍ നമസ്‌കരിച്ചു; പിന്നെ മഗ്‌രിബും'' (ബുഖാരി, മുസ്‌ലിം).

അത്രയും ശുഷ്‌കാന്തി നമസ്‌കാരത്തിന്റെ കാര്യത്തില്‍ പുലര്‍ത്തണം. അതാണ്  സമയം നിര്‍ണയിക്കപ്പെട്ട ബാധ്യത' എന്നു പറഞ്ഞതിന്റെ പൊരുള്‍.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446