Skip to main content

അദാഉം ഖദാഉം

എന്നാല്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇവ്വിഷയകമായി 'അദാഅ്, ഖദാഅ് എന്നീ രണ്ടു പ്രയോഗങ്ങള്‍ കാണാം. നിശ്ചിത സമയപരിധിക്കുള്ളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് അദാഅ് എന്നും സമയം കഴിഞ്ഞതിനു ശേഷം നിര്‍വഹിക്കുന്നതിന് ഖദാഅ് എന്നും അവര്‍ പേരു നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ സംഭവത്തില്‍ സൂര്യാസ്തമയത്തിനു ശേഷം നബി(സ്വ) അസ്വ്ര്ർ നമസ്‌കരിച്ച സംഭവത്തെ ആസ്പദമാക്കിയാണിത്. അതായത് മാനുഷികമായ നിയന്ത്രണങ്ങള്‍ക്ക് അതീതമായ എന്തെങ്കിലും അത്യാഹിതത്തില്‍പെട്ടു പോയിട്ട് നമസ്‌കാരം തെറ്റിപ്പോയാല്‍ സൗകര്യപ്പെട്ട ഉടനെ അതു നിര്‍വഹിക്കണമെന്നര്‍ഥം. അതിന്നായി രണ്ടു സാങ്കേതിക സംജ്ഞകള്‍ ഉപയോഗിച്ചു എന്നു മാത്രം. ഈ രണ്ടു പദങ്ങളും (അദാഉം ഖദാഉം) ഭാഷയില്‍ ഒരേ അര്‍ഥത്തിന് ഉപയോഗിക്കുന്നതാണ്. നിര്‍വഹിക്കുക എന്നാണ് രണ്ടിനുമര്‍ഥം.

അദാഉം ഖദാഉം സാധാരണക്കാര്‍ മനസ്സിലാക്കിയേടത്തും അവരെ പഠിപ്പിച്ചേടത്തും ഭീമമായ അബദ്ധം പറ്റിയിട്ടുണ്ട് എന്നാണ് ജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നമസ്‌കാരം 'അദാ' ആയിട്ടോ 'ഖദാ' ആയിട്ടോ നിര്‍വഹിച്ചാല്‍ മതി എന്ന് ലാഘവത്തോടെ ജനങ്ങള്‍ മനസ്സിലാക്കി. ജോലിക്കു പോകുന്നവരും അങ്ങാടിയില്‍ പോകുന്നവരും വിവാഹാഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരും തങ്ങളുടെ ജോലി കഴിഞ്ഞ ശേഷം ദ്വുഹ്‌റും അസ്വ്‌റും മഗ്‌രിബും ഒന്നിച്ചു നിര്‍വഹിക്കുന്ന രീതി, ഇന്ന് കേരള മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി കാണുന്നു. ചിലര്‍ ദ്വുഹ്‌റിന്റെ കൂടെ സ്വുബ്ഹ് പോലും ഖദാ വീട്ടുന്നതു കാണാം! യാഥാര്‍ഥ്യവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഇത് പ്രവാചകന്‍(സ്വ) പഠിപ്പിച്ച രീതിയുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അദാഉം ഖദാഉം വിശദീകരിക്കപ്പെട്ടത് നമസ്‌കാരത്തിന്റെ സമയക്രമത്തെ ഇത്ര ലാഘവത്തോടെ കാണാന്‍ വേണ്ടിയുമല്ല.

വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരത്തെപ്പറ്റി പറഞ്ഞ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിങ്ങള്‍ നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കുക എന്നാണ് പറഞ്ഞത്; എങ്ങനെയെങ്കിലും ചെയ്തുകൂട്ടുക എന്നല്ല.

Feedback