Skip to main content

ഹുദൈബിയ സന്ധി (14-17)

ഹിജ്‌റ വര്‍ഷം ആറ്. നബി(സ്വ) ഒരു സ്വപ്നം കണ്ടു. നബി(സ്വ)യും സ്വഹാബിമാരും നിര്‍ഭയരായി കഅ്ബയിലെത്തി ഉംറ ചെയ്യുന്നു. സ്വപ്നം സ്വഹാബിമാരുമായി പങ്കുവെച്ചു. ഉംറക്ക് പുറപ്പെടാനുള്ള ദൂതരുടെ കല്പനകൂടി വന്നപ്പോള്‍ ഇഹ്‌റാമിന്റെ വസ്ത്രമണിഞ്ഞ് ബലിഹാരങ്ങളണിയിച്ച ഒട്ടകങ്ങളുമായി അവര്‍ ഒരുങ്ങി. 1500 പേരാണ് ഉണ്ടായിരുന്നത്.

വിവരം മക്കയിലെത്തി. നബി(സ്വ)യുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അറിയാന്‍ ഖുറൈശികള്‍ ആളുകളെ അയച്ചുകൊണ്ടേയിരുന്നു. അവരെല്ലാവരും നബി(സ്വ)യെയും സംഘത്തെയും നിരീക്ഷിച്ചു റിപ്പോര്‍ട്ട് നല്‍കി. നബി(സ്വ)യുടെ ഉദ്ദേശ്യം യുദ്ധമല്ല ഉംറ മാത്രമാണ്.

ഖുറൈശികളുടെ സന്ദേഹമകറ്റാന്‍ നബി(സ്വ) ഉസ്മാനുസ്‌നു അഫ്ഫാനെ(റ) മക്കയിലേക്ക് വിട്ടു. ഉസ്മാനെ മാന്യമായാണ് അവര്‍ സ്വീകരിച്ചതെങ്കിലും മടങ്ങാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തെ അവര്‍ വധിച്ചു കളഞ്ഞു എന്ന ഒരു കിംവദന്തി പരന്നു. തിരുനബിയുടെ ദൂതനെ വധിച്ചവരോട് പകരം ചോദിക്കുമെന്ന് നബി(സ്വ)യുടെ കൈപിടിച്ച് പ്രതിജ്ഞയെടുത്തു. ഇതാണ് റിദുവാന്‍ ഉടമ്പടി. 

ഇതിനിടെ ഉസ്മാന്‍(റ) തിരിച്ചെത്തി. മുസ്‌ലിംകളുടെ ഉടമ്പടിയെക്കുറിച്ചറിഞ്ഞ ഖുറൈശികളും ആശങ്കയിലായി. പരസ്പരം ധാരണയുണ്ടാക്കി മുസ്‌ലിംകളെ മടക്കിപ്പറഞ്ഞയക്കുക എന്ന തീരുമാനത്തില്‍  അവരെത്തി. ഇതിനായി സുഹൈല്ബ്‌നുഅംറിനെ അവര്‍ നിയോഗിച്ചു. 

സുഹൈലും നബി(സ്വ)യും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി. അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു.

1)    പത്ത് വര്‍ഷം ഇരുവിഭാഗങ്ങളും തമ്മില്‍ യുദ്ധമില്ല.

2)    മക്കയില്‍ നിന്ന് മുസ്‌ലിമായി ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കാതെ    മക്കയിലേക്ക് തന്നെ തിരിച്ചയക്കണം. എന്നാല്‍ മുസ്‌ലിംകളില്‍ നിന്ന് ഖുറൈശി പക്ഷത്തേക്ക് ആരെങ്കിലും തിരിച്ച് പോരുന്ന പക്ഷം അവരെ മക്കക്കാര്‍ തിരിച്ചയക്കേണ്ടതില്ല.

3)    ഈ വര്‍ഷം മക്കയില്‍ പ്രവേശിക്കാതെ മുസ്‌ലിംകള്‍ തിരിച്ച് പോകണം. അടുത്ത വര്‍ഷം ആയുധമൊന്നുമില്ലാതെ വന്ന് മക്കയില്‍ പ്രവേശിച്ച് മൂന്ന് ദിവസം താമസിക്കാം. 

4)    തങ്ങള്‍ക്ക് താല്‍പര്യമുള്ളവരുമായി സംഖ്യത്തില്‍ ഏര്‍പ്പെടാന്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും. 

കരാര്‍ എഴുതി വെക്കുമ്പോള്‍ ചില അപസ്വരങ്ങളുണ്ടായി. അലി(റ)യാണ് എഴുതിയിരുന്നത്. 'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം'. തുടക്കമെന്നോണം അലി(റ) എഴുതി. സുഹൈല്‍ ഇടപെട്ടു 'റഹ്മാനി'നെ ഞങ്ങള്‍ക്കറിയില്ല 'ബിസ്മികല്ലാഹ്' എന്ന് മാത്രം മതി. മുസ്‌ലിംകള്‍ എതിര്‍ത്തു. സുഹൈല്‍ ഉറച്ചുനിന്നു. 'ബിസ്മികല്ലാഹുമ്മ' എന്നെഴുതാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. അപ്രകാരം തന്നെ എഴുതി. 

''ദൈവദൂതനായ മുഹമ്മദും അംറിന്റെ മകന്‍ സുഹൈലും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍'' - അലി രണ്ടാമതായി എഴുതി ''താങ്കള്‍ ദൈവദൂതനാണ് എന്ന് സമ്മതിക്കുന്നുവെങ്കില്‍ എന്തിന് ഈ വഴി തടയലും കരാറുമെല്ലാം?'' സുഹൈല്‍ വീണ്ടും ഉടക്കി. ''അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്'' എന്ന് മതി - അയാള്‍ പറഞ്ഞു. എഴുതിയത് വെട്ടാന്‍ നബി(സ്വ) പറഞ്ഞു. അലി(റ) വിസമ്മതിച്ചു. അലിയുടെ കൈയില്‍ നിന്നും പേന വാങ്ങി നബി(സ്വ) ആ ഭാഗം വെട്ടിക്കളഞ്ഞു. എന്നിട്ട് സുഹൈല്‍ പറഞ്ഞതുപ്രകാരം എഴുതാന്‍ അലിയോട് പറഞ്ഞു.

കരാര്‍ വ്യവസ്ഥകളും അനന്തര സംഭവങ്ങളും ഉമര്‍(റ) ഉള്‍പ്പെടെയുള്ളവരെ ക്ഷുഭിതരാക്കി. അവരത് തിരുനബിയോട് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദൂതര്‍ തികഞ്ഞ മൗനം പാലിച്ചു. ബലികര്‍മം നടത്തി ഇഹ്‌റാമില്‍ നിന്ന് വിരമിച്ച് അവര്‍ മദീനയിലേക്ക് മടങ്ങി. അപ്പോള്‍ അവരുടെ മുഖങ്ങളില്‍ കടുത്ത നിരാശ തളം കെട്ടിനിന്നിരുന്നു. അവര്‍ മദീനയിലെത്തുന്നതിന് മുമ്പു തന്നെ തിരുനബിക്ക് ദിവ്യവചനങ്ങളവതീര്‍ണമായി. അതിന്റെ ആരംഭം ഇങ്ങനെയായിരുന്നു ''നിശ്ചയം, നിനക്ക് നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു''. (ഫത്ഹ് : 1). ഇത് കേട്ട പാടെ നിരാശ മാറിയ മുഖങ്ങളില്‍ ആനന്ദം നിറഞ്ഞു. അല്ലാഹുവിന് സ്തുതിയര്‍പ്പിച്ച് അവര്‍ മദീനയണഞ്ഞു.

Feedback