Skip to main content

നബി(സ്വ)യുടെ യുദ്ധങ്ങള്‍ (12-17)

മദീനയില്‍ സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാഹചര്യമുണ്ടായി. എങ്കിലും മദീനാജീവിത കാലത്ത് നബി(സ്വ) നിരവധി യുദ്ധങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ നബി(സ്വ) നടത്തിയ യുദ്ധങ്ങള്‍ പോലും മാതൃകാപരമായിരുന്നു. 

വിശ്വാസ സ്വാതന്ത്ര്യം, പ്രതിരോധം ഇതിന് വേണ്ടിയല്ലാതെ നബി(സ്വ) യുദ്ധം ചെയ്തിട്ടില്ല. ഹിജ്‌റ രണ്ടില്‍ നടന്ന ബദ്ര്‍ യുദ്ധം മുസ്‌ലിംകളുടെ മുന്നില്‍ വന്നുപെട്ടതാണ്. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള സമ്പത്ത് സ്വരൂപിക്കാനാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ വന്‍ കച്ചവടസംഘം സിറിയയിലേക്ക് പോയത്. അവരെ തടഞ്ഞില്ലെങ്കില്‍ വൈകാതെ ഖുറൈശികള്‍ മുസ്‌ലിംകളെ അക്രമിച്ചേക്കും. ഇതുമാത്രമായിരുന്നു 313 പേരടങ്ങുന്ന സംഘവുമായി തിരിച്ച തിരുമേനിയുടെ ലക്ഷ്യം. എന്നാല്‍ കച്ചവടസംഘത്തെ രക്ഷിക്കാന്‍ ആയിരം പേരടങ്ങുന്ന സൈന്യം മക്കയില്‍ നിന്നും പുറപ്പെട്ടിരുന്നു.

അതേ സമയം ബുദ്ധിമാനായ അബൂസുഫ്‌യാന്‍ കച്ചവട സംഘത്തെ കടല്‍ത്തീരം വഴി  നയിച്ച് സുരക്ഷിതമായി മക്കയിലെത്തി. ഇക്കാര്യം അറിഞ്ഞിട്ടും ഖുറൈശിപ്പടയെ നയിച്ച അബൂജഹ്ല്‍ പിന്തിരിയാതെ ബദ്‌റിലെത്തുകയാണ് ചെയ്തത്. മുന്നില്‍ വന്നുചാടിയ യുദ്ധത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ മുസ്‌ലിംകളും തയ്യാറായില്ല. യുദ്ധത്തിനുള്ള അനുമതി ഇതിനകം അല്ലാഹു അവര്‍ക്ക് നല്‍കിയിരുന്നു(ഹജ്ജ് 29, 40).

തങ്ങളുടെ മൂന്നിരട്ടിയിലധികം വരുന്ന ഖുറൈശിപ്പടയെ സഹനത്തിന്റെയും വിശ്വാസക്കരുത്തിന്റെയും പിന്‍ബലത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെടുത്തി. ഖുറൈശിത്തലവന്‍ അബൂജഹല്‍ ഉള്‍പ്പെടെ 70 പേര്‍ മരിച്ചപ്പോള്‍ 14 മുസ്‌ലിംകളും രക്തസാക്ഷികളായി.

ഹിജ്‌റ വര്‍ഷം രണ്ടിലെ ബദ്ര്‍ യുദ്ധം മുതല്‍ ഒന്‍പതിലെ തബൂക്ക് വരെയുള്ള 27 സൈനിക നീക്കങ്ങളാണ് നബി(സ്വ) നടത്തിയത്. ഇവയില്‍ ശത്രുവിനെ കണ്ടുമുട്ടുകയോ ചോര ചിന്തുകയോ ചെയ്യാത്ത മുന്നേറ്റങ്ങളും ഉള്‍പ്പെടും. നബി(സ്വ) പങ്കെടുത്ത 35 ഓളം കേവല സൈനിക നീക്കങ്ങളും ഏറ്റുമുട്ടലുകളും വേറെയും നടന്നിട്ടുണ്ട്. ഇവയിലെല്ലാം കൂടി കൊല്ലപ്പെട്ടവര്‍ 1284 പേരാണ്. അഥവാ 1022 ശത്രുക്കളും 262 മുസ്‌ലിംകളും.

ഈ യുദ്ധങ്ങളിലെല്ലാം കൂടി പങ്കെടുത്ത യോദ്ധാക്കളുടെയും മരിച്ചവരുടെയും അനുപാതം നോക്കുകയാണെങ്കില്‍ അത്ഭുതപ്പെട്ടുപോകും. അത്രയേറെ കുറവാണിത്. ശത്രുപക്ഷത്തുനിന്ന് നൂറില്‍ രണ്ടുപേര്‍ വധിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം പക്ഷത്തുനിന്ന് രക്തസാക്ഷികളായത് നൂറില്‍ ഒരാള്‍ വീതം മാത്രമാണ്. എന്നാല്‍ രണ്ടാം ലോകയുദ്ധത്തെ ഇതുമായൊന്നു താരതമ്യം ചെയ്യാം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ 1,56,00,000 പേര്‍.  ഈ യുദ്ധത്തില്‍ മരിച്ചവരാകട്ടെ 5,48,00,000 പേരും! അതേ, സൈനികരുടെ  മൂന്നിരട്ടി പേര്‍. സൈനികരുടെ എണ്ണത്തിന്റെ അനേകമിരട്ടി മരിച്ചു വീണത് പ്രദേശവാസികളായിരുന്നു. (അര്‍റഹ്മത്തുഫീഹായത്തില്‍ റസൂല്‍, ഡോ റാഗിബ് സന്‍ജാനി).


 

Feedback