Skip to main content

മറ്റു യുദ്ധങ്ങള്‍ (13-17)

ബദ്റില്‍ ദയനീയ തോല്‌വി സംഭവിക്കുകയും നേതൃനഷ്ടം ഉണ്ടാവുകയും ചെയ്തതിനാല്‍ പ്രതികാരദാഹവുമായി മൂവായിരം യോദ്ധാക്കളെയുമായി അബൂസൂഫ്‌യാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങിയ വിവരം നബി(സ്വ)ക്ക് കിട്ടി. ആയിരം പേരടങ്ങുന്ന സൈന്യവുമായി നബി(സ്വ) ഉഹ്ദിലേക്ക് നീങ്ങി. ഇരു സംഘവും ഏറ്റുമുട്ടി. വിജയം കൈയ്യെത്തും ദുരത്തെത്തിയ വേളയിലാണ് നബി(സ്വ)യുടെ നിര്‍ദേശം പാലിക്കാതെ മലമുകളിലെ അമ്പെയ്ത്ത് സംഘാംഗങ്ങളില്‍ ചിലര്‍ യുദ്ധസ്വത്ത് വാരിക്കൂട്ടാന്‍ യുദ്ധക്കളത്തിലെത്തിയത്. കഴുകക്കണ്ണുമായി ശത്രപാളയത്തിലെ ഖാലിദ് ആ അവസരം മുതലെടുത്തു. അതുവഴിയെത്തി മുസ്‌ലിംകളെ പിന്നില്‍ നിന്നാക്രമിച്ചു. ഖാലിദിന്റെ നീക്കം മുസ്‌ലിംകളെ ഛിന്നഭിന്നമാക്കി. പലരും കളംവിട്ടോടി. ഹംസ(റ) ഉള്‍പ്പെടെ 70 പേര്‍ രക്തസാക്ഷികളായ ഉഹ്ദ് നബി (സ്വ)ക്കും സഹചരര്‍ക്കും മറക്കാത്ത പാഠമായിമാറി. നബി(സ്വ)ക്ക് പരിക്കുപറ്റി. മരിച്ചുകിടക്കുന്ന മുസ്‌ലിംകളുടെ ശരീരങ്ങള്‍ വികൃതമാക്കിയും അവയങ്ങള്‍ മുറിച്ചെടുത്തും സത്യനിഷേധികള്‍ പക തീര്‍ക്കുകയും ചെയ്തു. ഇത് ഹിജ്‌റ മൂന്നാം വര്‍ഷമായിരുന്നു.

ഹിജ്‌റ വര്‍ഷം അഞ്ചിലെ ഖന്‍ദഖ് (അഹ്സാബ്) യുദ്ധം മുസ്‌ലിംകളെ വല്ലാതെ ഉലച്ചുകളഞ്ഞു. പക്ഷേ, ഉറച്ചുനിന്നപ്പോള്‍ വിജയം അവര്‍ക്കു തന്നെയായി. ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ജൂതന്മാരും ഗത്ഫാന്‍ ഗോത്രവും വ്യത്യസ്ത അറബ് ഗോത്രങ്ങളും ഒന്നിച്ച് മക്കയെ പിന്തുണച്ചു. അബൂസുഫ്‌യാന്‍ പതിനായിരം പടയാളികളുടെ നേതൃത്വമേറ്റെടുത്തു മദീനയെ വളഞ്ഞു.

എന്നാല്‍ സല്‍മാനുല്‍ ഫാരിസി(റ)യുടെ ബുദ്ധിയിലുദിച്ച തന്ത്രമനുസരിച്ച് മദീനയുടെ ഒഴിഞ്ഞ അതിരുകളില്‍ ചുറ്റും കിടങ്ങ് തീര്‍ത്താണ് മുസ്‌ലിംകള്‍ പ്രതിരോധിച്ചത്. ഇതിനിടെ കപട വിശ്വാസികള്‍ പിരിഞ്ഞുപോയതും മദീനയിലെ ബനൂഖുറൈദ ജൂതഗോത്രം കരാര്‍ ലംഘിച്ചതും മുസ്‌ലിംകളെ സങ്കടത്തിലാഴ്ത്തി,  അവരുടെ കണ്ണുകള്‍ താളം തെറ്റുകയും ഹൃദയങ്ങള്‍ തൊണ്ടക്കുഴിയിലെത്തുകയും ചെയ്ത ഭീതിതാവസ്ഥയുണ്ടായതായി ഖുര്‍ആന്‍ (അഹ്‌സാബ് 10, 11) പറയുന്നു.

ഗത്ഫാന്‍ ഗോത്രത്തിലെ നഈം മുസ്‌ലിംകളുടെ പക്ഷത്തേക്ക് വരികയും ശത്രുപാളയത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്തതും ശക്തമായ കാറ്റില്‍ അവരുടെ തമ്പുകള്‍ നശിച്ചതും മുസ്‌ലിംകള്‍ക്ക് തുണയായി. ശത്രു സൈന്യം വന്നവഴിക്ക് മടങ്ങി.

ഇവിടെ നിന്ന് നബി(സ്വ) നേരെ പോയത് നിര്‍ണ്ണായകമായ വേളയില്‍ കടുത്ത വഞ്ചന കാട്ടിയ ബനൂഖുറൈദയിലേക്കാണ്. 25 ദിവസം നീണ്ടു നിന്ന ഉപരോധത്തിനൊടുവില്‍ അവരുടെ മേല്‍ തൗറാത്ത് അനുസരിച്ചുള്ള ശിക്ഷ നടപ്പാക്കി. ഹിജ്‌റ എട്ടിലെ മുഅ്ത യുദ്ധത്തില്‍ 3000 പേരെയാണ് തിരുദൂതര്‍ അയച്ചത്! സൈദുബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍. എന്നാല്‍ ഒരു ലക്ഷം വരുന്ന റോമന്‍ സൈന്യത്തിന് മുന്നില്‍ നിന്ന് ഖാലിദുബ്‌നുല്‍ വലിദ് യുദ്ധതന്ത്രമെന്ന നിലയില്‍ മുസ്‌ലിം സേനയുമായി സമര്‍ഥമായി പിന്‍വാങ്ങുകയായിരുന്നു. സൈദുബ്‌നുഹാരിസ, ജഹ്ഫറുബ്‌നു അബിത്വാലിബ്, അബ്ദുല്ലാഹിബ്‌നു റവാഹ എന്നീ പട നായകര്‍ ഒന്നിന് പുറകെ ഒന്നായി ഈ യുദ്ധത്തില്‍ മരിച്ചു. നാലാമനായി നേതൃത്വം ഏറ്റെടുത്തത് ഖാലിദ് ആയിരുന്നു.

ഹിജ്‌റ ഒന്‍പതിലാണ് ഹുനൈന്‍ യുദ്ധം നടന്നത്. ഹവാസിന്‍, ത്വാഇഫിലെ സഖീഫ് ഗോത്രങ്ങള്‍ക്കെതിരായിരുന്നു ഈ യുദ്ധം. 12000 പടയാളികളുമായാണ് നബി(സ്വ) ഹുനൈനിലെത്തിയത്. അംഗബലത്തിലെ ആധിക്യം മുസ്‌ലിംകളെ അമിത പ്രതീക്ഷയിലാക്കിയപ്പോള്‍ ഹുനൈനിന്റെ ഇടുങ്ങിയ മലമ്പാതകളില്‍ അവര്‍ ചിന്നിച്ചിതറി. ഉറച്ചു നിന്ന നബി(സ്വ)ക്ക് പിന്നില്‍ അവര്‍ കനത്ത പോരാട്ടം നടത്തിയപ്പോഴാണ് വിജയതീരമണയാന്‍ അവര്‍ക്കായത്.

തോറ്റോടിയ സഖീഫ് ഗോത്രക്കാര്‍ ത്വാഇഫ് കോട്ടയില്‍ അഭയം തേടിയെങ്കിലും മുസ്‌ലിം സൈന്യം അവരെ പിന്‍തുടര്‍ന്ന് കോട്ട ഉപരോധിച്ചു. തന്ത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവരെ ഉപേക്ഷിച്ച് നബി (സ്വ)യും സൈന്യവും മടങ്ങി. 24,000 ഒട്ടകം, 40,000 ആടുകള്‍, 4,000 ഊഖിയ (വെള്ളി നാണയം), 6,000 തടവുകാര്‍ എന്നിവ യുദ്ധ സ്വത്തായി കിട്ടിയെങ്കിലും ഹവാസിന്‍ ഗോത്രക്കാരുടേത് നബി(സ്വ) തിരിച്ച് നല്‍കി. 

നബി(സ്വ) നേരിട്ട് പങ്കെടുത്ത അവസാനത്തെ യുദ്ധമായിരുന്ന തബൂക്ക് യുദ്ധം. ഹിജ്‌റ ഒമ്പതിലാണ് നടന്നത്. ക്ഷാമകാലത്ത് വന്ന യുദ്ധത്തിന് സൈന്യത്തെ ഒരുക്കാന്‍ നബി(സ്വ) യുദ്ധഫണ്ട് സ്വരൂപിക്കുകയുണ്ടായി. ലഖ്മ്, ഗസ്സാന്‍ ഗോത്രങ്ങളെ കൂടെ കൂട്ടി. ഹിര്‍ഖല്‍ ചക്രവര്‍ത്തിയാണ് മുസ്‌ലിംകള്‍ ക്കെതിരെ വന്‍പട നയിച്ചത്. എന്നാല്‍ അബൂബക്ര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ 30,000 സൈന്യത്തെ ഒരുക്കി നബി(സ്വ) റോമക്കാരെ ഞെട്ടിച്ചു. മുസ്‌ലിം സൈന്യത്തെ കണ്ട അവര്‍ പിന്തിരിഞ്ഞതോടെ യുദ്ധം ഒഴിവായി.

ബനുന്‍ മുസ്ത്വലഖ്, ദാതുര്‍രിഖാഅ് എന്നീ യുദ്ധങ്ങളും നബി(സ്വ) നയിച്ചിരുന്നു. 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446