അഖബ ഉടമ്പടിക്ക് പിന്നാലെ യസ്‌രിബിലേക്ക് മുസ്‌ലിംകളുടെ പലായനം തുടങ്ങി. ഓരോ ദിവസവും അനുമതി തേടിയെത്തിയവര്‍ക്ക് പ്രവാചകന്‍ സമ്മതം നല്‍കി. ഒറ്റയ്ക്കും കുടുംബ സമേതവുമുള്ള ഹിജ്‌റ പലരും ഖുറൈശികളുടെ കണ്ണുവെട്ടിച്ചാണ് നടത്തിയത്. ഹംസ(റ), ഉമര്‍(റ) എന്നിവരെപ്പോലുള്ളവര്‍ മാത്രമാണ് ശത്രുക്കളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് മക്ക വിട്ടത്.
ഹിജ്‌റ സജീവമായതോടെ മക്കയിലെ പല വീടുകളിലും ആളില്ലാതായി. പട്ടണങ്ങള്‍ ഒഴിഞ്ഞു കിടന്നു. ഇതോടെ ഖുറൈശികള്‍ക്ക് ആധിയായി. മുഹമ്മദ് കൂടി യസ്‌രിബിലെത്തിയാല്‍ പിന്നെ തങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് സഭ ചേര്‍ന്ന് അവര്‍ കടുത്ത തീരുമാനമെടുത്തു. മുഹമ്മദിനെ ഇല്ലാതാക്കുക. സംരക്ഷണം നല്‍കിയിരുന്ന മുത്ഇമിന്റെ ഭരണവും ഹംസയെപ്പോലുള്ളവരുടെ ഹിജ്‌റയും സാഹചര്യം അനുകൂലമാക്കി.
എന്നാല്‍ അപ്പോഴേക്കും ഹിജ്‌റക്കുള്ള അനുമതി നല്‍കി ജിബ്‌രീല്‍ നബി(സ്വ)ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ടിരുന്നു. ഖുറൈശികളുടെ നീക്കവും മാലാഖ ദൂതരെ അറിയിച്ചു. വൈകാതെ തന്നോടൊപ്പം ഹിജ്‌റക്കൊരുങ്ങാന്‍ നബി(സ്വ) അബൂബക്‌റിന് വിവരം നല്‍കി. അദ്ദേഹം ഒട്ടകങ്ങളെ ഒരുക്കി നിര്‍ത്തിയിരുന്നു.
വീട്ടിലെത്തിയ നബി(സ്വ) ഒരുക്കങ്ങള്‍ നടത്തി. മക്കക്കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച വസ്തുക്കള്‍ തിരികെ നല്‍കാന്‍ അലി(റ)യെ ചുമതലപ്പെടുത്തി. രാത്രിയില്‍ ഇറങ്ങാനായിരുന്നു പദ്ധതി. വിരിപ്പില്‍ അലി(റ)യെ കിടത്തി. അപ്പോഴേക്കും നബി(സ്വ)യെ വധിക്കാനായി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യുവാക്കള്‍ വീട് വളഞ്ഞു. നബി(സ്വ) വിശുദ്ധ ഖുര്‍ആനിലെ 'യാസീന്‍' അധ്യായം പാരായണം തുടങ്ങി. ''നാം അവരെ മൂടിയപ്പോള്‍ അവര്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല'' (യാസീന്‍ 9) എന്ന ഭാഗമെത്തിയപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. അവര്‍ക്കിടയിലൂടെ നടന്നു. അത്ഭുതം ആരും അദ്ദേഹത്തെ കണ്ടില്ല. നബി(സ്വ) നേരെ അബൂബക്‌റിന്റെ വീട്ടിലേക്ക്.
മകന്‍ അബ്ദുല്ലയെയും കൂട്ടി സൗര്‍ ഗുഹ ലക്ഷ്യമാക്കി അവര്‍ യാത്രയായി. ഒട്ടകക്കുളമ്പടയാളങ്ങള്‍ മായ്ച്ചുകളയാന്‍ ആമിര്‍ എന്ന ആട്ടിടയനെയും ഒട്ടകങ്ങളെ തിരിച്ച് വീട്ടിലെത്തിച്ച് മക്കയിലെ വാര്‍ത്തകളെത്തിച്ചുകൊടുക്കാന്‍ മകന്‍ അബ്ദുല്ലയെയും ഭക്ഷണമെത്തിക്കാന്‍ മകള്‍ അസ്മയെയും അബൂബക്ര്‍ ഏര്‍പ്പാടാക്കിയിരുന്നു. നേരം പുലര്‍ന്നതോടെ അവര്‍ ഗുഹയിലെത്തി.
വിരിപ്പില്‍ കിടക്കുന്നത് തിരുനബിയാണെന്ന് പ്രതീക്ഷിച്ച് രാവു മുഴുവന്‍ കാത്തിരുന്നവര്‍ പ്രഭാതത്തില്‍ അലി(റ)യെ കണ്ട് ഇളിഭ്യരായി. അവര്‍ ഉടനെ ഗോത്ര നേതാക്കള്‍ക്ക് വിവരം കൈമാറി. ക്ഷുഭിതരായ നേതാക്കള്‍ നാലു ഭാഗത്തേക്കും ആളെ വിട്ടു. മുഹമ്മദിനെ പിടിച്ചു തരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. സമ്മാന മോഹികളും ഖുറൈശികളും മലമ്പാതകള്‍ അരിച്ചുപെറുക്കി. ഒടുവില്‍ സൗര്‍ ഗുഹാമുഖത്തും അവരെത്തി. അവരുടെ കാല്പാദങ്ങള്‍, ഗുഹയിലിരുന്ന കണ്ട അബൂബക്ര്‍ ചകിതനായി. ''നബിയേ, നാം പിടിക്കപ്പെടും!'' ആ ലോലഹൃദയന്‍ പറഞ്ഞു.
''നീ ദു:ഖിക്കരുത്, അല്ലാഹു നമ്മുടെ കൂടെത്തന്നെയുണ്ട്'' (9:40). ''മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളുകളെപ്പറ്റി താങ്കളെന്താണ് വിചാരിക്കുന്നത്.'' നബി(സ്വ) സുഹൃത്തിനെ ആശ്വസിപ്പിച്ചു.
കാറ്റും കോളുമടങ്ങി. മാനം തെളിഞ്ഞു ത്രിദിന ഗുഹാവാസത്തിനൊടുവില്‍ അബ്ദുല്ലാഹിബ്‌നു ഉറയ്ഖിത് എന്ന ബഹുദൈവവിശ്വാസിയായ വഴികാട്ടിയുടെ സഹായത്തോടെ യസ്‌രിബിലേക്കുള്ള യാത്ര തുടങ്ങി. മക്കയുടെ അതിര്‍ത്തി വിടും മുമ്പ് തിരുനബി ഒന്നു നിന്നു. പിന്നെ തിരിഞ്ഞ് മക്കയ്ക്കഭിമുഖമായി നിന്ന് നിറകണ്ണുകളോടെ ആ അധരങ്ങള്‍ മന്ത്രിച്ചു ''ഓ മക്കാ പ്രദേശമേ, ദൈവത്തിന്റെ സകല മണ്ണിനേക്കാളും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എന്റെ ജനത എന്നെ പുറത്താക്കിയില്ലായിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല.''
അപ്പോഴും സുരക്ഷിതമായിരുന്നില്ല യാത്ര. റസൂലിനെ സുരക്ഷിതമാക്കാനുള്ള വ്യഗ്രതയില്‍ നബിക്ക് മുമ്പിലും ഇടത്തും വലത്തുമായി അബൂബക്കര്‍ ജാഗരൂകനായി നെഞ്ചിടിപ്പോടെ നടന്നു. ഇതിനിടെ അവര്‍ സുറാഖതുബ്‌നു മാലികിന്റെ കണ്ണില്‍ പെട്ടു. നബി(സ്വ)യെ പിടിച്ചുകൊടുത്ത് സമ്മാനം വാങ്ങാനുള്ള മോഹത്തില്‍ സുറാഖ അവരുടെ പിന്നാലെ കൂടി. എന്നാല്‍ അയാളുടെ കുതിര പലവട്ടം മണലില്‍ പുതഞ്ഞത് അയാളില്‍ പരിഭ്രമവും ആശ്ചര്യവുമുണ്ടാക്കി. നബിയോട് മാപ്പുചോദിച്ച ആ മനുഷ്യനോട് നബി പറഞ്ഞു, ഈ കൈകളില്‍ കിസ്‌റയുടെ വളകള്‍ അണിയിക്കപ്പെടും. പിന്നീട് രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലത്ത് കിസ്‌റ ഭരണം തകര്‍ക്കപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ നിന്നു വന്ന ആഭരണങ്ങളില്‍ നിന്ന് പ്രസ്തുത വളകളെടുത്ത് അദ്ദേഹം സുറാഖക്ക് നല്കിയത് ചരിത്രം.
പന്ത്രണ്ടാം ദിനം. നാഴികകള്‍ക്കപ്പുറത്ത് പച്ചപുതച്ച് നില്‍ക്കുന്ന യസ്‌രിബ് അവരുടെ കാഴ്ചയില്‍ ഒരു ബിന്ദുവായി തെളിഞ്ഞുവന്നു. അവരുടെ മനം കുളിരണിയുന്നതിനിടെ ദിവ്യബോധനം ലഭിച്ചു തിരുദൂതര്‍ക്ക്.
''നിന്നിലേക്ക് ഖുര്‍ആന്‍ തന്നവരാരോ അവന്‍ നിന്നെ തിരിച്ചെത്തേണ്ടിടത്തേക്ക് തിരിച്ചുകൊണ്ടു വരിക തന്നെ ചെയ്യും'' (28: 85). ദൈവിക വാഗ്ദാനം തിരുമേനിയില്‍ വീണ്ടും കുളിരായി.
ക്രിസ്താബ്ദം 622 ജൂലൈ 2ന് നബി(സ്വ) യുടെ വാഹനമായ ഖസ്വ്‌വ എന്ന ഒട്ടകം യസ്‌രിബില്‍ ദിവസങ്ങളായി തങ്ങളെ കാത്തു നില്‍ക്കുന്ന, പാട്ടുപാടിയും ആനന്ദംകൊണ്ടും സ്വീകരിക്കാന്‍ മത്സരിക്കുന്ന ആബാവലൃന്ദത്തിനു മുന്നില്‍ മുട്ടുകുത്തി.