രഹസ്യബോധനം മൂന്ന് വര്‍ഷം നീണ്ടു. അറിഞ്ഞവരില്‍ മിക്കവരും ഇസ്‌ലാം സ്വീകരിച്ചു. പ്രത്യേകിച്ച് യുവതീ യുവാക്കള്‍. എന്നാല്‍ നബി(സ്വ)യുടെ പിതൃസഹോദരന്മാരായ അബൂത്വാലിബ്, അബൂ ലഹബ്, ഹംസ, അബ്ബാസ് തുടങ്ങിയവരെല്ലാം വിട്ടുനില്ക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് പ്രബോധനം പരസ്യമാക്കാനും സ്വന്തം കുടുംബത്തില്‍ നിന്ന് തുടങ്ങാനും ദൈവീക കല്പനയുണ്ടായത്.
''നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്കുക'' (26: 214).
അലി(റ)യുടെ സഹായത്തോടെ നബി(സ്വ) കുടുംബത്തിനായി ഒരു സദ്യയൊരുക്കി. എല്ലാവരെയും വിളിച്ചു. സദ്യ വിളമ്പി. തുടര്‍ന്ന് നബി(സ്വ) സംസാരം തുടങ്ങി. എന്നാല്‍ ഇടക്ക് കയറി അബൂലഹബ് ഇടപെടുകയും എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അത് അലസി.
അടുത്ത ദിവസവും വിരുന്ന് നടത്തി. ഇത്തവണ സംസാരിക്കുകയും പുതിയ സന്ദേശങ്ങള്‍ അവരെ അറിയിക്കുകയും സഹായം തേടുകയും ചെയ്തു. അലി(റ) മാത്രം അനുകൂലിച്ചു. പിതൃവ്യന്മാരെല്ലാം മൗനം പാലിച്ചു. ചിലര്‍ പരിഹസിക്കുകയും ചെയ്തു.
മൂന്നാമതാണ് നബി(സ്വ) കുടുംബാംഗങ്ങളെ സ്വഫാകുന്നിലേക്ക് വിളിച്ചത്. കുടുംബങ്ങളെല്ലാം വന്നു. നബി(സ്വ) സംസാരം തുടങ്ങി. 'ഈ കുന്നിന്റെ അപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ കുതിരപ്പട സജ്ജമായി നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ'' അവര്‍ ഒന്നിച്ച് മറുപടി പറഞ്ഞു ''തീര്‍ച്ചയായും വിശ്വസിക്കും. കാരണം താങ്കള്‍ ജീവിതത്തില്‍ കളവ് പറയാത്തയാളാണ്''
പിന്നെ നബി(സ്വ) പറഞ്ഞു '' എന്നാല്‍ നിങ്ങള്‍ക്ക് വരാനിരിക്കുന്ന ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത്''.
മറ്റൊരിക്കല്‍ കൂടി നബി(സ്വ) കുടുംബാംഗങ്ങളെ വിളിച്ചുകൂട്ടുകയും ദിവ്യസന്ദേശം കൈമാറുകയും ചെയ്തു. എന്നാല്‍ അബൂലഹബ് 'നിനക്ക് നാശം' എന്നുപറഞ്ഞ് സദസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. മറ്റുള്ളവര്‍ മൗനം പാലിച്ചു.
ഈ സംഭവങ്ങളോടെ ബഹുദൈവവിശ്വാസികളും ഖുറൈശി നേതൃത്വവും പുതിയ ഭീഷണിയെ തിരിച്ചറിയാന്‍ തുടങ്ങി. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന മുഹമ്മദി(സ്വ)ന്റെ 'പുതിയ' വാദം തങ്ങളുടെ ദൈവങ്ങളുടെയും പരമ്പരാഗതമായ വിശ്വാസാചാരങ്ങളെയും കടയ്ക്കല്‍ കത്തിവെക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. രഹസ്യമായി നടത്തിയിരുന്ന പ്രബോധനം പരസ്യമാക്കിത്തുടങ്ങിയതും സമൂഹത്തിലെ ഉന്നതരും അടിമകളും ഒരുപോലെ പുതിയ വിശ്വാസത്തിലേക്ക് ആകര്‍ഷിപ്പിക്കപ്പെടുന്നതും ഖുറൈശി നേതൃത്വത്തെ ആശങ്കപ്പെടുത്തുകയും ചെയ്തു. അടിമകളെയും യജമാനന്മാരെയും ഒരുപോലെ കാണുന്ന 'പുതിയ മത'ത്തെ വളരാനനുവദിക്കില്ലെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതിന്നായി ചില തീരുമാനങ്ങളെടുക്കുകയും ചെയ്തു ഖുറൈശി നേതൃത്വം.