Skip to main content

റസൂലി(സ്വ)ന്റെ പട്ടണം (11-17)

യസ്‌രിബില്‍ നിന്ന് ഏതാനും നാഴിക ഇപ്പുറം 'ഖുബാഇലാണ് നബി(സ്വ) ആദ്യം ഇറങ്ങിയത്. ഇവിടെ ഒരു പള്ളി പണിതു. മൂന്ന് ദിവസം കഴിഞ്ഞ് യസ്‌രിബിലെത്തി. ഒട്ടകം മുട്ടുകുത്തിയിടത്ത് പള്ളി പണിയാന്‍ നബി(സ്വ) നിര്‍ദേശം നല്‍കി. പള്ളിക്കു ചാരി, താമസിക്കാന്‍ രണ്ട് മുറികളും നിര്‍മ്മിച്ചു. നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ അബൂഅയ്യൂബില്‍ അന്‍സാരിയുടെ വസതിയിലാണ് നബി(സ്വ) താമസിച്ചത്.

മക്കയില്‍ നിന്ന് പ്രവാസികളായി എത്തിയവരെ മുഹാജിറുകള്‍ എന്നും, യസ്‌രിബില്‍ അവര്‍ക്ക് ആശ്രയം നല്‍കിയവരെ അന്‍സ്വാറുകള്‍ എന്നും വിളിക്കപ്പെട്ടു. പരസ്പരം അറിയാത്തവരും കാണാത്തവരുമായ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നബി(സ്വ) സാഹോദര്യം പ്രഖ്യാപിച്ചു. ഓരോ മുഹാജിറിനെയും ഓരോ അന്‍സ്വാരിക്ക് സഹോദരനായി നിശ്ചയിച്ചു നല്‍കി. ഒന്നിച്ചു താമസിച്ചും പങ്കുകച്ചവടം നടത്തിയും കൂട്ടുകൃഷിയിലേര്‍പ്പെട്ടും അവര്‍ മാതൃകാ സമൂഹമായി മാറി. ഇന്നും തുടരുന്ന ലോകഅഭയാര്‍ഥി സമൂഹത്തിനോടുള്ള ക്രൂരതക്കു മുന്നില്‍ റസൂലിന്റെ അന്‍സ്വാര്‍ സമൂഹം അത്ഭുതമായി നിലനില്‍ക്കുന്നു.

പള്ളി നിര്‍മാണം കഴിഞ്ഞതോടെ അതിന് ചുറ്റും പുതിയ വീടുകളും താമസങ്ങളുമുണ്ടായി. പുതിയ സമൂഹം രൂപപ്പെടുകയും സംസ്‌കാരം വളര്‍ന്നു വരികയും ചെയ്തു. അങ്ങനെ ആ പ്രദേശം  -യസ്‌രിബ് മാറി റസൂലിന്റെ പട്ടണമായി; മദീനത്തുര്‍ റസൂല്‍. തുടര്‍ന്ന് ഇന്നോളം മദീന എന്നറയിപ്പെടുന്നു. അവിടെ മുസ്‌ലിംകള്‍ സ്വസ്ഥമായ ജീവിതം തുടങ്ങി.

Feedback