മക്കയില്‍ ആദര്‍ശ ജീവിതം സുരക്ഷിതമല്ലെന്ന് നബി(സ്വ) മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങി. ജലസമൃദ്ധവും ഈന്തപ്പനകളാല്‍ സമ്പന്നവുമായ കറുത്ത പാറമടകള്‍ക്കിടയിലെ സുന്ദരമായ ഭൂമിയായിരുന്നു, യസ്‌രിബ്. എന്നാല്‍ ശത്രുതയിലും തിന്മയിലും പൊറുതിമുട്ടിക്കഴിയുകയായിരുന്നു യസ്‌രിബ്. ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മിലായിരുന്നു തീരാപ്പക നിലനിന്നിരുന്നത്. പ്രശ്‌നപരിഹാരത്തിന് ഒരു വിമോചകനെ കാത്തിരിക്കുകയായിരുന്നു അവര്‍. ഇതിന്ന് പുറമെ ബനൂഖുറൈദ, ബനൂ ഖൈനുഖാഅ്, ബനൂനദീര്‍ എന്നീ ജൂതഗോത്രങ്ങളും അവിടെയുണ്ടായിരുന്നു. ഇവരാകട്ടെ തങ്ങളുടെ വേദാധ്യാപനപ്രകാരം ഒരു പ്രവാചകന്റെ ആഗമനം കാത്തിരിക്കുകയുമായിരുന്നു.
പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം തന്നെ തിരുനബി(സ) ഹിജ്‌റക്കുള്ള ഒരുക്കം തുടങ്ങിയിരുന്നു. യസ്‌രിബില്‍ നിന്ന് തീര്‍ഥാടനത്തിനായി മക്കയിലെത്തുന്നവരെ രഹസ്യമായിക്കണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇവര്‍ തങ്ങളുടെ ആളുകളിലേക്ക് ഈ സന്ദേശം കൈമാറി.
അടുത്ത വര്‍ഷം, അഥവാ എ ഡി 621 ല്‍ ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ നിന്നായി 12 പേര്‍ ഹജ്ജ് തീര്‍ഥാടനത്തിന് വന്നപ്പോള്‍ അഖബ എന്ന സ്ഥലത്തുവെച്ച് ദൂതരുമായി അവര്‍ സന്ധിക്കുകയും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു. ''അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ല, മോഷണം, അശ്ലീലവൃത്തികള്‍, മക്കളെ കൊല്ലല്‍, വ്യാജ ആരോപണം ഉന്നയിക്കല്‍ എന്നിവ നടത്തില്ല, നന്മയില്‍ പ്രവാചകനെ അനുസരിക്കും എന്നിവയായിരുന്നു ഉടമ്പടിയിലെ വ്യവസ്ഥകള്‍. ഇതാണ് ഒന്നാം അഖബ ഉടമ്പടി.
മടങ്ങുമ്പോള്‍ യസ്‌രിബുകാര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനായി യുവപ്രബോധകന്‍ മുസ്അബുബ്‌നു ഉമൈറി(റ)നെയും നബി(സ്വ) അവരോടൊപ്പം അയച്ചു കൊടുത്തു. മുസ്അബ്(റ) തന്റെ ബാധ്യത ഭംഗിയായി നിര്‍വ്വഹിച്ചപ്പോള്‍ അടുത്ത വര്‍ഷം കൂടുതല്‍ പേരെത്തി. ഖസ്‌റജില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 64 പേരും ഔസില്‍ നിന്ന് 11 പേരും, ഇവര്‍ അര്‍ധ രാത്രിയില്‍ നബി (സ്വ)യുമായി കൂടിക്കാഴ്ച നടത്തി. പിതൃവ്യന്‍ അബ്ബാസുമുണ്ടായിരുന്നു നബിയോടൊപ്പം.
''നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും നിങ്ങള്‍ സംരക്ഷിക്കുന്നതുപോലെ എന്നെയും സംരക്ഷിക്കണം'' എന്ന് പറഞ്ഞ് നബി(സ്വ) ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്തു. അപ്പോള്‍ ഖസ്‌റജിലെ നേതാവ് ബറാഅ് നബി(സ്വ)യുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. ''റസൂലേ, ഞങ്ങള്‍ യോദ്ധാക്കളാണ് അല്ലാഹുവാണ് സത്യം, ഞങ്ങള്‍ താങ്കളെ സംരക്ഷിക്കും; ഞങ്ങളുടെ കുടുംബങ്ങളെപ്പോലെത്തന്നെ''
അപ്പോള്‍ അബൂല്‍ ഹൈസം ചോദിച്ചു. ''ഞങ്ങള്‍ അങ്ങനെ ചെയ്യുകയും അല്ലാഹു താങ്കള്‍ക്ക് വിജയം നല്‍കുകയും ചെയ്താല്‍ ഞങ്ങളെ ഒഴിവാക്കി താങ്കള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമോ?''
നബി(സ്വ)യുടെ മറുപടി ചിരിച്ചുകൊണ്ടായിരുന്നു. ''ഒരിക്കലും മടങ്ങില്ല. ഞാന്‍ നിങ്ങളുടേതും നിങ്ങള്‍ എന്റേതുമാണ്.