വിസ്തീര്‍ണം : 434,128 ച.കി.മി
ജനസംഖ്യ: 38,893,000 (2017)
അതിരുകള്‍ : വടക്ക് തുര്‍ക്കി, തെക്ക് കുവൈത്ത്, കിഴക്ക് ഇറാന്‍, പടിഞ്ഞാറ് സുഊദി അറേബ്യ
തലസ്ഥാനം : ബഗ്ദാദ്
മതം : ഇസ്‌ലാം
ഭാഷ : അറബി, കുര്‍ദിഷ്
കറന്‍സി : ഇറാഖി ദിനാര്‍
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 17,004 ഡോളര്‍ (2017)
ചരിത്രം:
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍ക്കിടയിലെ ഫലഭൂയിഷ്ഠമായ മെസപ്പൊട്ടോമിയയാണ് പില്‍ക്കാലത്ത് ഇറാഖായത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയാനുണ്ട് ഈ നാഗരികതകളുടെ കളിത്തൊട്ടിലിന്. പ്രവാചക പിതാവ് ഇബ്‌റാഹീം നബി(അ) ജനിച്ചതും വളര്‍ന്നതും പ്രബോധനം തുടങ്ങിയതും ഊര്‍ എന്ന പഴ ഇറാഖി പട്ടണത്തിലാണ്.
ഖലീഫ ഉമറി(റ)ന്റെ കാലത്ത് പേര്‍ഷ്യന്‍ ആധിപത്യത്തെതകര്‍ത്താണ് ഇസ്‌ലാം ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറാഖിലെത്തുന്നത്. യസ്ദജുര്‍ദിന്റെ കൊട്ടാരം പിടിച്ച് യുഫ്രട്ടീസിന്റെ തീരത്ത് സഅ്ദുബ്‌നു അബീ വഖ്‌വാസ് രണ്ടു പട്ടണങ്ങള്‍ പണിതു, (ഹിജ്‌റ 17ല്‍) കൂഫയും ബസ്വറയും. ഇറാഖിലെ പ്രമുഖ നഗരങ്ങളായിത്തീര്‍ന്നു ഇവ പിന്നീട്.
നാലാം ഖലീഫ അലി(റ), ഖിലാഫത്തിന്റെ ആസ്ഥാനം കൂഫയിലേക്കു മാറ്റി. അമവീ ഖിലാഫത്തിന്റെ കേന്ദ്രം അന്നത്തെ ഇറാഖില്‍ പെട്ട ദമസ്‌ക്കസ് ആയിരുന്നു. അബ്ബാസി ഖിലാഫത്തിന്റെ ആസ്ഥാനമാകട്ടെ ബഗ്ദാദും. ബഗ്ദാദ് നഗരം പണികഴിപ്പിച്ചത് അബ്ബാസി ഭരണാധികാരികളാണ്. ഇസ്‌ലാമിന്റെ സുവര്‍ണ ദശയായ മധ്യയുഗത്തിലെഅഞ്ചു നൂറ്റാണ്ടുകാലം ലോകത്തിന്റെ തന്നെ സാംസ്‌കാരിക-വൈജ്ഞാനിക പ്രഭവകേന്ദ്രമായിരുന്നു ബഗ്ദാദ്.
1257ല്‍ അബ്ബാസികളെ തോല്‍പിച്ച് മംഗോളിയര്‍ ഇറാഖ് കീഴടക്കി. അവര്‍ ആദ്യം ബഗ്ദാദിനെ നാമാവശേഷമാക്കി. ലോകത്തിനു വിജ്ഞാനം പകര്‍ന്നു നല്‍കിയിരുന്ന ബദ്ദാദിലെ ദാറുല്‍ഹികം (HOUSE OF WISDOM) തകര്‍ക്കുകയും ചെയ്തു. 1534ല്‍ ഇറാഖ് ഉസ്മാനിയാ ഖിലാഫത്തിന്റെ ഭാഗമായി. പിന്നീട് 1940കളിലാണ് ഇറാഖ് പഴയ പ്രതാപത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത്. 1932ല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ഇറാഖ് വിവിധ രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു. 1958ല്‍ നടന്ന സൈനിക വിപ്ലവത്തിനു ശേഷം പത്തു വര്‍ഷക്കാലം സൈനിക മേധാവിമാരുടെ കീഴിലായിരുന്നു. 1968ല്‍ ബഅസ് പാര്‍ട്ടി അധികാരം പിടിച്ചു. ബഅസ് പാര്‍ട്ടിയുടെ തലപ്പത്തെത്തിയ സദ്ദാം ഹുസൈന്‍ 1979 ജൂലായ് 16ന് ഇറാഖ് പ്രസിഡന്റായി. 2003 ഏപ്രില്‍ 9ന് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതു വരെ ഇറാഖിന്റെ സര്‍വാധിപതിയായിരുന്നു സദ്ദാം.
എന്നാല്‍ 1980 മുതല്‍ പത്തു വര്‍ഷക്കാലം നീണ്ട ഇറാനുമായുള്ള യുദ്ധവും 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നുണ്ടായ അമേരിക്കന്‍ സഖ്യസേനകളുമായുള്ള പോരാട്ടവും 2006ല്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസ്സൈന്റെ വധശിക്ഷ വരെയെത്തിയ യുദ്ധപരമ്പരയും ഇറാഖിനെ പ്രേതനഗരമാക്കി. ഇസ്‌ലാമിക നാഗരികത വിരിഞ്ഞു നിന്നിരുന്ന ഈ സാംസ്‌കാരികഭൂമികക്ക് പഴയ പ്രതാപം വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
2014ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 98 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 55ശതമാനം ശീആക്കളും 38 ശതമാനം സുന്നികളുമാണ്. 6 ശതമാനം മറ്റുള്ളവരും. ശിആക്കള്‍ പുണ്യസ്ഥലങ്ങളായി കണക്കാക്കുന്ന നജഫും കര്‍ബലയും ഇറാഖിലാണ്.