തത്വശാസ്ത്രവിശാരദനായി അറിയപ്പെടുന്ന അല്‍ കിന്ദി ജ്യോതി ശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, രാഷ്ട്രമീമാംസ, ഗണിതശാസ്ത്രം, ഇല്‍മുല്‍ കലാം, ഫിഖ്ഹ് എന്നീ വിഷയങ്ങളില്‍ അവഗാഹമുള്ള ബഹുശാസ്ത്ര പണ്ഡിതനായിരുന്നു.
മുഴുവന്‍ പേര് അബു യൂസുഫ് യഅ്ഖൂബ് ബ്‌നു ഇസ്ഹാഖ് അസ്സബാഹ് അല്‍ കിന്ദി. 801ല്‍ ബസ്‌റയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബഗ്ദാദില്‍. അറബികളുടെ തത്വജ്ഞാനി എന്നറിയപ്പെട്ടിരുന്നു. വൈജ്ഞാനിക മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായതോടെ അല്‍ കിന്ദിയെ അബ്ബാസിയ ഖലീഫമാര്‍ വിവിധ ജോലികള്‍ ഏല്പിച്ചു. ഗ്രീക്ക് ഭാഷയില്‍ നിന്ന് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തത്വശാസ്ത്ര ഗ്രന്ഥങ്ങളുടെ മേല്‍നോട്ടം അദ്ദേഹത്തിന്റെ ചുമതലയായി. മെറ്റാഫിസിക്‌സ്, ലോജിക്, സൈക്കോളജി, എതിക്‌സ്, മെഡിസിന്‍, ഫാര്‍മക്കോളജി തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങളെഴുതാന്‍ തത്വചിന്തകരുമായുള്ള ഈ 'അടുപ്പം' അല്‍ കിന്ദിയെ സഹായിച്ചു.
സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവരുടെ ഗ്രീക്ക് തത്വശാസ്ത്ര വിഷയങ്ങളെ ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയ അല്‍ കിന്ദി അവയെ ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. തത്വശാസ്ത്രത്തെ പ്രായോഗികം, സൈദ്ധാന്തികം എന്നിങ്ങനെ രണ്ടായി തിരിച്ചു. ഊര്‍ജ്ജതന്ത്രം, ഗണിത ശാസ്ത്രം, ആധ്യാത്മികത തുടങ്ങിയവയെ സൈദ്ധാന്തിക ശാസ്ത്രത്തിലും ധര്‍മശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയെ പ്രായോഗികശാസ്ത്രത്തിലും ഇദ്ദേഹം ഉള്‍പ്പെടുത്തി. ന്യൂപ്ലാറ്റോണിക് അരിസ്റ്റോട്ടിലിസത്തില്‍ നിന്ന് ആശയങ്ങളെ സ്വീകരിച്ച് സ്വന്തമായി വ്യാഖ്യാനിച്ചു. യവന പൈതൃകത്തെ ഇസ്‌ലാമുമായി ഇണക്കി പുതിയൊരു ദാര്‍ശനിക സിദ്ധാന്തമാണ് അല്‍ കിന്ദി ആവിഷ്‌കരിച്ചത്.
'വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ഫലപ്രദമായ കാരണങ്ങളെക്കുറിച്ചുള്ള പ്രബന്ധം' എന്ന പേരില്‍ കിന്ദി തയ്യാറാക്കിയ പ്രബന്ധത്തില്‍ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കുന്ന രീതിയും സീസണുകള്‍ മാറിമാറി വരുന്നതിന്റെ കൃത്യമായ കണക്കുകൂട്ടലുകളുമുണ്ട്. കാര്‍ഷികരംഗത്ത് ഈ കൃതി വളരെ സഹായകമായി. നക്ഷത്രങ്ങളുടെ ചലനം, പ്രകാശം തുടങ്ങിയവയെക്കുറിച്ച് കിന്ദി നടത്തിയ പ്രവചനങ്ങള്‍ സുവിദിതമാണ്. അവയെ അടിസ്ഥാനമാക്കിയാണ് യൂഫ്രട്ടിസ്, ടൈഗ്രിസ് നദികള്‍ക്കിടയിലെ കനാല്‍ നിര്‍മിച്ചിരുന്നത്. സംഗീതത്തെ അടയാളം കൊണ്ട് രേഖപ്പെടുത്തുന്ന രീതി ആദ്യമായി ആവിഷ്‌കരിച്ചതും അല്‍ കിന്ദിയാണ്.
അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും വൈജ്ഞാനിക ചിന്തകളില്‍ ആഴത്തില്‍ പഠനം നടത്തിയ അല്‍കിന്ദി അവരുടെ തത്വചിന്തയും പൈതഗോറിയന്‍ ഗണിതശാസ്ത്രത്തില്‍ അവര്‍ക്കുണ്ടായിരുന്ന അവഗാഹവും വര്‍ത്തമാന കാലത്തിനായി സ്വാംശീകരിച്ചെടുത്തു. വ്യത്യസ്ത വിഷയങ്ങളിലായി ഇരുനൂറ്റി അറുപത്തഞ്ചോളം ഗ്രന്ഥങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
ജ്യാമിതീയ നേത്രശാസ്ത്രത്തെക്കുറിച്ചും ശരീരഘടനാ ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം രചിച്ച പ്രസിദ്ധ ഗ്രന്ഥം ഇബ്‌നുല്‍ ഹൈസമിന്റെ തദ്വിഷയകമായ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ പാശ്ചാത്യരെയും പൗരസ്ത്യരെയും ആഴത്തില്‍ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നായിരുന്നു. 'ഡീആസ്പക്റ്റിബസ്' എന്ന പേരിലിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പതിപ്പ് റോജര്‍ബെയ്ക്കനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.
72ാം വയസ്സില്‍ 873ല്‍ ബഗ്ദാദില്‍ വച്ച് മരണം.