Skip to main content

ഇബ്‌നു ഹൈസം

മധ്യകാല ഇസ്‌ലാമിക ലോകത്തെ പ്രസിദ്ധനായ തത്വചിന്തകന്‍. ഗണിതശാസ്ത്രജ്ഞന്‍, വൈദ്യവിശാരദന്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. ടോളമി രണ്ടാമന്‍ എന്നും ഇബ്‌നു ഹൈസം വിശേഷിപ്പിക്കപ്പെടുന്നു. എഴുപതിലേറെ കനപ്പെട്ട ഗ്രന്ഥങ്ങളെഴുതിയ ഇദ്ദേഹം ആധുനിക ശാസ്ത്രത്തിന് ഏറ്റവും അധികം കടപ്പാടുള്ള അറബി ശാസ്ത്രജ്ഞനാണ്.

354/965ല്‍ ബസ്‌റഃയില്‍ ജനിച്ചു. രാജാവിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. മറ്റു ജോലികളും പരീക്ഷിച്ചെങ്കിലും സംതൃപ്തി വന്നില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭ്രാന്ത് അഭിനയിച്ചു. ഒടുവില്‍ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ കവാടത്തിനരികില്‍ താമസമാക്കി. ടോളമിയുടെയും യൂക്ലിഡിന്റെയും പുസ്തകങ്ങള്‍ പകര്‍ത്തി വിറ്റുകിട്ടുന്ന പണം കൊണ്ട് ഉപജീവനം കഴിക്കാനായിരുന്നു പദ്ധതി.
വിജ്ഞാന സമ്പാദനം ഇബ്‌നു ഹൈസമിന് സത്യാന്വേഷണമായിരുന്നു. ചക്രവാളങ്ങളോട് അടുക്കുന്ന സൂര്യചന്ദ്രന്‍മാരുടെ രൂപം ദീര്‍ഘവൃത്താകൃതിയായി മാറുന്ന പ്രതിഭാസം ആദ്യമായി വിശദീകരിച്ചത് ഇബ്‌നു ഹൈസം ആണ്. അസ്തമയശേഷവും ഉദയത്തിനു മുമ്പും ഉണ്ടാകുന്ന അരുണ രശ്മികളുടെ കാരണം അപഭംഗമാണെന്ന് അദ്ദേഹം കണ്ടെത്തി. സൂര്യന്‍ ചക്രവാളത്തിന്റെ 19 ഡിഗ്രി താഴെയായിരിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉദയ, സന്ധ്യാ സമയങ്ങളില്‍ കാണുന്നതെന്ന് കണ്ടെത്തി. 

ഇബ്‌നു ഹൈസമിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനം പ്രകാശശാസ്ത്രത്തെക്കുറിച്ചുള്ള 'കിതാബുല്‍ മനാദ്വിര്‍' ആണ്. ഈ വിഷയത്തില്‍ അന്ന് ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന അബദ്ധ ധാരണകളെയെല്ലാം തിരുത്തിയ ഗ്രന്ഥമായിരുന്നു അത്. ഈ ഗ്രന്ഥത്തിന്റെ ആയിരത്താണ്ടിനെ അനുസ്മരിച്ച് 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി യു എന്‍ ആചരിക്കുകയുണ്ടായി.

 ഇബ്‌നു ഹൈസമിന്റെ 'മഖാലാ ഫീ ദ്വൗഇല്‍ ഖമര്‍' ചന്ദ്രന്റെ പ്രകാശത്തെപ്പറ്റി എന്ന ഗ്രന്ഥം ഭൗതിക ലോകത്തെ ഗണിത, ജ്യോതിശാസ്ത്രവുമായി ഒന്നിപ്പിക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു. മഴവില്ലിന്റെയും അന്തരീക്ഷ സാന്ദ്രതയുടെയും വിവിധ ആകാശ പ്രതിഭാസങ്ങളുടെയും കാരണങ്ങളും കാലാവസ്ഥാ ശാസ്ത്രവും ചര്‍ച്ച ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് 'വെളിച്ചത്തെക്കുറിച്ചുള്ള പ്രബന്ധം'. 

പ്രകാശകത്തിലെന്ന പോലെ ജ്യോതിശാസ്ത്രത്തിലും ജ്യാമിതിയിലും അവഗാഹമുണ്ടായിരുന്നു ഇബ്‌നു ഹൈസമിന്. ഗണിതശാസ്ത്രത്തില്‍ 'മാതമാറ്റിക്കല്‍ ഇന്‍ഡക്ഷന്‍' എന്ന ആദ്യത്തെ തെളിവ് ഉപയോഗിച്ച് ഫോര്‍ത്ത് പവറുകളുടെ തുക കണ്ടെത്താനുള്ള ഒരു സൂത്രവാക്യം ഇബ്‌നു ഹൈസം ഉണ്ടാക്കി. ഇന്റഗ്രല്‍ പവര്‍ അഥവാ അവിഭാജ്യങ്ങളുടെ തുക കണ്ടെത്താനുള്ള ഒരു പൊതു സൂത്രവാക്യവും വികസിപ്പിച്ചു. ശാസ്ത്ര വിഷയങ്ങളിലായി ഇരുനൂറോളം ഗ്രന്ഥങ്ങള്‍ ഇബ്‌നു ഹൈസമിന്റെ സംഭാവനയായുണ്ട്.

കണ്ണിലേക്ക് ഭൗതിക വസ്തുക്കള്‍ പ്രവേശിക്കുന്നതിലൂടെയാണ് കാഴ്ച സംഭവിക്കുന്നതെന്ന അരിസ്റ്റോട്ടിലിന്റെ ധാരണകളെ ഇബ്‌നു ഹൈസം വിമര്‍ശിച്ചു. വിവിധ ഭാഗങ്ങളിലൂടെയുള്ള പ്രകാശരശ്മികള്‍ കണ്ണില്‍ പതിക്കുന്നതിലൂടെയാണ് കാഴ്ചയുണ്ടാകുന്നത് എന്ന വീക്ഷണം അദ്ദേഹം അവതരിപ്പിച്ചു. ജ്യാമിതീയ പ്രകാശകത്തെയും തത്വചിന്താപരമായ ഭൗതികതയെയും ഏകീകരിച്ചുകൊണ്ടാണ് ആധുനിക ഫിസിക്കല്‍ ഒപ്ട്രിക്‌സിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നത്. കോപ്പര്‍ നിക്കസിന്റെയും ടൈക്കോ ബ്രോഹിയുടെയും നിരീക്ഷണങ്ങള്‍ക്ക് സഹായകമായി ആകാശഗോളങ്ങള്‍ ഖരവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതല്ലെന്നും ആകാശം വായുവിന്റെ അത്ര സാന്ദ്രതയുള്ളതല്ലെന്നും ആദ്യമായി ഇബ്‌നു ഹൈസം കണ്ടെത്തി. 

മോഡേണ്‍ ഒപ്ട്രിക്‌സിന് അസ്തിവാരമിട്ട മഹാരഥനായി ജോര്‍ജ് സാള്‍ട്ടണും സര്‍ തോമസ് ഹിത്തും അദ്ദേഹത്തെ വര്‍ണിക്കുന്നു. പ്രകാശത്തിന്റെ രശ്മി സ്വഭാവം ആദ്യമായി കണ്ടെത്തിയത് അദ്ദേഹമാണ്. യൂക്ലിഡിന്റെയും ടോളമിയുടെയും തെറ്റായ സിദ്ധാന്തങ്ങള്‍ തിരുത്തി കാഴ്ചയുടെ മഹത്തായ ഫോര്‍മുല ലോകത്താദ്യമായി അവതരിപ്പിച്ചത് ഇബ്‌നു ഹൈസം ആണ്. 'ഇബ്‌നു ഹൈസമിന്റെ പ്രവര്‍ത്തനം മുഖേനയാണ് ഈ വിജ്ഞാനം അതിന്റെ ഉന്നത സോപാനത്തിലേക്കെത്തിയതെ'ന്ന് ഗിബ്ബണ്‍ പറയുന്നു. ഹസനുബ്‌നു ഹൈസമിനെ പാശ്ചാത്യ എഴുത്തുകാര്‍ ഹാസിന്‍ എന്നും അല്‍ ഖാസിന്‍ എന്നും വിളിക്കാറുണ്ട്. വെളിച്ചത്തെക്കുറിച്ച് റോജര്‍ ബേക്കണ്‍ എഴുതിയ കൃതിയ്ക്ക് ആധാരമാക്കിയിരിക്കുന്നത് ഇബ്‌നു ഹൈസമിന്റെ ഗ്രന്ഥമാണ്. 

ഐസക് ന്യൂട്ടണെക്കാളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലൈറ്റിന്റെ റിഫ്‌ളക്ഷന്‍, റിഫ്രാക്ഷന്‍ എന്നിവ സംബന്ധിച്ച് വിവരിക്കുകയും നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. പരാബോളിക് ദര്‍പ്പണവും പിന്‍ഹോള്‍ കാമറയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ പെടുന്നു. ഇബ്‌നു ഹൈസമിന്റെ പ്രസിദ്ധ ഗവേഷണ ഗ്രന്ഥമാണ് 'കിതാബുല്‍ മനാസിഅ്' ദി ബുക് ഓഫ് ഓപ്ടിക്‌സ് കാഴ്ചയുടെ ഇരിപ്പിടം റെറ്റിനയാണെന്നും അതിന്‍മേല്‍ ഉണ്ടാവുന്ന പ്രതിബിംബം ഒപ്ടിക്കല്‍ നര്‍വ് വഴി തലച്ചോറില്‍ എത്തുകയാണെന്നും അദ്ദേഹം സ്ഥാപിച്ചു. കാമറ കണ്ടുപിടിച്ചത് ലെവി ബെഞ്ചസിലിന്‍ ആണെന്ന വാദം തെറ്റാണെന്നും മറിച്ച് അത് ഇബ്‌നു ഹൈസം ആണെന്ന കാര്യവും ഇന്ന് ലോകം തെളിവു സഹിതം അംഗീകരിക്കുന്നു.

പിന്നീട് വന്ന ലോകപ്രശസ്ത ശാസ്ത്ജ്ഞരായ സെഡ്കാര്‍ട്ടസ്, കോപ്പര്‍നിക്കസ്, കെപ്ലര്‍, ഗലീലിയോ, ഐസക് ന്യൂട്ടണ്‍ എന്നിവര്‍ തങ്ങളുടെ ഗവേഷണ പഠനങ്ങള്‍ക്ക് ഹൈസമിന്റെ ശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹം ആവിഷ്‌കരിച്ച പ്രൊജക്‌ടൈവിന്റെ ചലനം സംബന്ധിച്ച ഡയഗ്രവും പ്രയോജനപ്പെടുത്തിയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹൈസമിന്റെ 'കിതാബുല്‍ മനാസിഅ്' യൂക്ലിഡിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങളെക്കാള്‍ എത്രയോ മേന്‍മയുള്ളതാണ്.

ഇബ്‌നു ഹൈസം അവസാന ഗ്രന്ഥത്തില്‍ പറയുന്നു: ''ഞാന്‍ എന്റെ പുസ്തകത്തില്‍ സംസാരിക്കുന്നത് എല്ലാ മനുഷ്യരോടുമല്ല. മറിച്ച്, ആയിരമല്ല, പതിനായിരം മനുഷ്യര്‍ക്ക് തുല്യനായ ഒറ്റ മനുഷ്യനാണ്. കാരണം ധാരാളം പേര്‍ക്ക് മനസ്സിലാകുന്ന ഒന്നല്ല സത്യം; അവരില്‍ ചിന്തകനും ശ്രേഷ്ഠനുമായ ഒരു വ്യക്തിക്ക് മനസ്സിലാകുന്നതാണ്.''

മതവും ഭൗതികതയും സമന്വയിപ്പിക്കുന്ന ഫിലോസഫിയാണ് അദ്ദേഹത്തിന്റെ സവിശേഷത. സത്യം അറിയുക, നീതി പ്രവര്‍ത്തിക്കുക. ഇതാണ് മറ്റു തത്വചിന്തകരില്‍ നിന്ന് വ്യത്യസ്തമായി ഇബ്‌നു ഹൈഥം പുലര്‍ത്തിയ തത്വം. 

430/1038ല്‍ കെയ്‌റോയില്‍ വച്ച് ഇബ്‌നു ഹൈസം മരിച്ചു.

Feedback