Skip to main content

സെയ്‌നുദ്ദീന്‍ ഖോര്‍ഗാനി

മുസ്‌ലിം ലോകത്ത്  സുവര്‍ണ കാലഘട്ടമായി കരുതുന്ന 12ാം നൂറ്റാണ്ടില്‍  ഇറാനില്‍ ജീവിച്ചിരുന്ന വിശ്വവിഖ്യാതനായ മുസ്‌ലിം വൈദ്യശാസ്ത്ര പണ്ഡിതനായിരുന്നു സെയ്‌നുദ്ദീന്‍ ഖോര്‍ഗാനി. മുഴുവന്‍ പേര് സെയ്‌നുദ്ദീന്‍ സയ്യിദ് ഇസ്മാഈല്‍ ബിനു ഹുസൈന്‍ ഖോര്‍ഗാനി. അല്‍ ജുര്‍ജാനി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 

വൈദ്യശാസ്ത്രം കൂടാതെ ഔഷധ പ്രയോഗ ശാസ്ത്രത്തില്‍ ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങള്‍ ആധുനിക കാലഘട്ടത്തിലെ വൈദ്യ ശാസ്ത്രകുതുകികള്‍ക്ക് ഇന്നും വഴികാട്ടിയാണ്. ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും നിപുണത തെളിയിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് ഭിഷഗ്വരന്‍മാര്‍ സ്വീകരിക്കേണ്ട ധര്‍മ്മ ശാസ്ത്രത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിലും ജുര്‍ജാനി വഹിച്ച പങ്ക് പ്രശംസനീയമാണ്.  ഇറാനിലെ ഗൊളസ്റ്റന്‍ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന, (മുന്‍പ് അസ്താറാബാദ് എന്നറിയപ്പെട്ടിരുന്ന) ഗോര്‍ഗന്‍ എന്ന സ്ഥലത്ത് 1041ലാണ് ജുര്‍ജാനിയുടെ ജനനം.  പേര്‍ഷ്യന്‍ പ്രവിശ്യയായ ഖവാരിസിമിലെ ഗവര്‍ണറായിരുന്ന ഷാ ഖുതുബുദ്ദീന്‍ മുഹമ്മദിന്റെ ഭരണകാലഘട്ടത്തില്‍ (1097 മുതല്‍ 1127) തന്റെ 70ാമത്തെ വയസ്സിലാണ് ജുര്‍ജാനി കൊട്ടാര വൈദ്യനായി ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിക്കുന്നത്. ഷാ ഖുതുബുദ്ദീന്റെ മകന്റെ കാലഘട്ടത്തിലും ജുര്‍ജാനി കൊട്ടാര വൈദ്യനായി തുടര്‍ന്നു.

ഇതിനിടയില്‍ അദ്ദേഹം സെല്‍ജുതിന്റെ തലസ്ഥാനമായ മെര്‍വിലേക്ക് കുറച്ചുകാലം താമസം മാറിയിരുന്നതായി കരുതുന്നു. ചാന്ദ്രവര്‍ഷപ്രകാരം തന്റെ നൂറാം വയസ്സിലാണ് (എ.ഡി. 1136ല്‍) ജുര്‍ജാനിയുടെ അന്ത്യം. 

വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും അറബി, പേര്‍ഷ്യന്‍ ഭാഷകളിലായി നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ജുര്‍ജാനിയുടെതായിട്ടുണ്ട്. 70ാം വയസ്സില്‍ ഖവാരിസിമിലേക്ക് പോയ ശേഷമാണ് ഈ ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം രചിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് പേര്‍ഷ്യന്‍ ഭാഷയില്‍ അദ്ദേഹം രചിച്ച സര്‍വവിജ്ഞാന കോശം ഇന്നും ലോകപ്രശസ്തമാണ്. 'തെസോറസ് ഓഫ് ദി ഷാ ഓഫ് ഖവാരിസിമ് (ട്രഷര്‍ ഓഫ് ഖവാരിസ്മ് ഷാ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഖവാരിസ്മ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം രചിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്ത്  ലോകപ്രശസ്തമായ ഇബ്‌നു സീനയുടെ സര്‍വവിജ്ഞാന കോശത്തെ അവലംബിച്ചുകൊണ്ടാണ് ജുര്‍ജാനി തന്റെ ഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തിയത്. 

Feedback