മനഃശാസ്ത്രത്തില്‍, പ്രത്യേകിച്ച് മരണത്തെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബംഗ്ലാദേശിലെ പ്രശസ്തനായ മുസ്‌ലിം ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമാണ് മുഹമ്മദ് സമീര്‍ ഹുസൈന്‍. മരണത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനം ബംഗ്ലാദേശില്‍ പരിചയപ്പെടുത്തിയത് സമീര്‍ ഹുസൈന്‍ ആണ്. മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത സിദ്ധാന്തങ്ങളുടെ വക്താവു കൂടിയാണിദ്ദേഹം.
1976 നവംബര്‍ 28ന് ബംഗ്ലാദേശിലാണ് ജനനം. പ്രാദേശിക സ്‌കൂളില്‍ നിന്നും ധാക്കയിലെ കോളജില്‍ നിന്നുമാണ് പ്രാഥമിക പഠനം. ധാക്കയിലെ സലീമുല്ലാ മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ആധുനിക മനഃശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങളെ കുറിച്ചും മനഃശാസ്ത്രത്തിന്റെ വിചിത്ര പ്രതിഭാസത്തെ കുറിച്ചും വിശദമായ പഠനം നടത്തി. മനഃശാസ്ത്ര രംഗത്ത് ലോകപ്രശസ്ത സ്ഥാപനങ്ങളായ ജോണ്‍ ഹോപ്കിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍, യേല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ഗവേഷണ പഠനങ്ങള്‍ നടത്തി. ധാക്കയിലെ മെഡിക്കല്‍ കോളജ് ഫോര്‍ വുമണ്‍ ആന്റ് ഹോസ്പിറ്റലില്‍ മനഃശാസ്ത്രവിഭാഗത്തില്‍ അധ്യാപകനായി ജോലി നോക്കുന്നു.
ബംഗബന്ധു ശെയ്ഖ് മുജീബ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പാലിയേറ്റീവ് കെയര്‍ സര്‍വിസില്‍ വിസിറ്റിങ് പ്രഫസറാണ്. മരണവുമായി ബന്ധപ്പെട്ട മനഃശാസ്ത്രത്തെക്കുറിച്ചാണ് ഇവിടെ അദ്ദേഹം പഠിപ്പിക്കുന്നത്. 'ക്വസ്റ്റ് ഫോര്‍ എ ന്യൂ ഡത്ത് ആന്റ് ഹ്യൂമണ്‍ ഇമ്മോര്‍ട്ടാലിറ്റി' എന്ന ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകളില്‍ ഒന്ന്. മരണത്തിന്റെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് ഹുസൈന്‍ നടത്തിയ ഗവേഷണ പ്രബന്ധങ്ങള്‍ ലോകപ്രശസ്തമാണ്. 'ഫൈനാലിറ്റി: ഡത്ത് ആന്റ് അഡ്ജസ്റ്റ്‌മെന്റ് ഹൈപോതിസിസ്' എന്ന ഗ്രന്ഥം ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.
പാതി ആത്മകഥ കൂടിയായി എഴുതിയ 'ജേണല്‍ ഓഫ് ലോസ് ആന്റ് ട്രോമ'യില്‍ ഹുസൈന്റെ ഗവേഷണ വിഷയമായി മരണം മാറിയതിന്റെ കഥ കൂടി പറയുന്നു. മൂത്ത മകന്‍ മുഹമ്മദ് സിയാം സാമിറിന്റെ മരണമാണ് ഇദ്ദേഹത്തിന്റെ ചിന്തയെ വഴിതിരിച്ചുവിട്ടത്. പിതാവ് മഞ്ജൂര്‍ ഹുസൈന്‍, മാതാവ് റസിയാ ബീഗത്തിന്റെയും ഭാവി സംബന്ധിച്ചും മരണം സംബന്ധിച്ചുമുള്ള ആശങ്കയും ഇദ്ദേഹത്തെ മരണത്തിന്റെ മനഃശാസ്ത്രത്തിലേക്ക് അടുപ്പിച്ചു. ഇരുവരും 2015ല്‍ മരിച്ചു. തഹ്മിന റഹ്മാന്‍ ചൗധരിയാണ് ഭാര്യ. മറ്റൊരു മകന്‍ മുഹമ്മദ് റയ്യാന്‍ സാമിര്‍.