വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, സംഗീതം, തത്വശാസ്ത്രം, സൂഫിസം, ജ്യോതിശാസ്ത്രം തുടങ്ങി അനേകം വൈജ്ഞാനിക മേഖലകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു 13ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ഖുത്ബുദ്ദീന്‍ അല്‍ഷിറാസി. വൈദ്യശാസ്ത്രത്തില്‍ അനേകം സംഭാവനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. മികച്ച കവി കൂടിയായിരുന്നു അല്‍ ഷിറാസി.
എ ഡി 1236 ഒക്‌ടോബറില്‍ ഇറാനിലെ ഷിറാസില്‍ പരമ്പരാഗത സൂഫി കുടുംബത്തിലാണ് ജനനം. പിതാവ് സിയാഉദ്ദീന്‍ മസ്ഊദ് കെസ്‌റൂനി ഒരു ഭിഷഗ്വരനും സൂഫി വര്യനുമായിരുന്നു. നേത്രരോഗ വിഗ്ധനായിരുന്ന പിതാവില്‍ നിന്നാണ് വൈദ്യശാസ്ത്രത്തിലെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. 14ാം വയസ്സില്‍ പിതാവിന്റെ മരണ ശേഷം അമ്മാവന്‍മാരില്‍ നിന്നായിരുന്നു വൈദ്യശാസ്ത്ര പഠനം. ഇബ്‌നു സീനയുടെ വൈദ്യശാസ്ത്രത്തിലെ സര്‍വവിജ്ഞാന കോശമായി അറിയപ്പെടുന്ന 'ഖാനൂന്‍' അല്‍ഷിറാസി പഠനവിധേയമാക്കിയിരുന്നു, പ്രത്യേകിച്ച് ഫഖ്‌റുദ്ദീന്‍ റാസിയുടെ പരാമര്‍ശങ്ങളെ. തുടര്‍ന്ന് തന്റേതായ ചില സംശയങ്ങള്‍ ഉന്നയിക്കുകയും അതുമായി ബന്ധപ്പെട്ട നിഗമനങ്ങള്‍ കുറിച്ചിടുകയും ചെയ്തു. നാസിറുദ്ദീന്‍ അല്‍ തൂസിയുടെ കണ്ടുപിടിത്തങ്ങളിലെ തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുകയും ചെയ്തു.
പത്തു വര്‍ഷത്തിന് ശേഷം വൈദ്യശാസ്ത്ര ഉദ്യോഗത്തില്‍ നിന്ന് മാറിനില്‍ക്കുകയും നാസിറുദ്ദീന്‍ അല്‍ തൂസിയുടെ കീഴില്‍ പഠനം തുടരുകയും ചെയ്തു. മംഗോളോ ഹൊളാഗ് ഖാന്‍, മറാഗില്‍ സ്ഥാപിച്ച നക്ഷത്ര നിരീക്ഷണാലയത്തിലേക്ക് അല്‍ തൂസി പോയതോടെ ഷിറാസിയേയും അത് ആകര്‍ഷിച്ചു. തുടര്‍ന്ന് 1260ല്‍ അദ്ദേഹം ഷിറാസ് വിടുകയും മറാഗിലേക്ക് പോകുകയും ചെയ്തു. അവിടെ അല്‍ തൂസിയുടെ കീഴില്‍ പഠനം തുടര്‍ന്നു. ഇവിടെ വെച്ചാണ് ഇബ്‌നു സീനയുടെ അല്‍ ഇശാറ വ തന്‍ബീഹാത്ത് പഠിക്കുന്നത്. തുടര്‍ന്ന് ഗഹനമായ ഒരു ്രഗന്ഥം, അല്‍സിജ് രചിക്കുകയും ചെയ്തു. അല്‍തൂസി തന്റെ മകനെ അല്‍ഷിറാസിയുടെ സഹായിയായി നിയമിച്ചിരുന്നു. കുറഞ്ഞ കാലം മാ്രതമേ അല്‍ഷിറാസി മറാഗയില്‍ നിന്നിരുന്നുള്ളൂ. അല്‍തൂസിക്കൊപ്പം അദ്ദേഹം ഖുറാസാനിലേക്ക് പോവുകയും അവിടെ നജ്മുദ്ദീന്‍ കെത്താബി ഖസ്‌വിനയുടെ കീഴില്‍ പഠനം തുടരുകയും ചെയ്തു.
1268ലാണ് ഷിറാസി ബഗ്ദാദിലേക്ക് പോകുന്നത്, പിന്നീട് അനാറ്റോളിയയിലെ കൊന്‍യായിലേക്കും. ഈ യാത്രക്കിടയിലാണ് ഷിറാസി പ്രശസ്ത കവിയായ ജലാലുദ്ദീന്‍ റൂമിയെ പരിചയപ്പെടുന്നത്. കൊന്‍യായിലെ ഗവര്‍ണര്‍ ഷിറാസിയെ അവിടത്തെ ജഡ്ജിയായി നിയമിച്ചു. ഈ കാലയളവിലാണ് മെഫ്ത അല്‍ മെഫ്താ, ഇക്തിറാത്ത് അല്‍ മുസാഫറിയാ എന്നീ ഗ്രന്ഥങ്ങള്‍ രചിക്കുന്നത്.
നാസിറുദ്ദീന്‍ അല്‍ തൂസിയുടെ ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ പരിഭാഷയായ തര്‍ജമായെ താഹിറെ യൂക്ലിഡ്, രിസാലാ ഫീ ഹര്‍കത്ത് അല്‍ ദറഗാ എന്നീ ഗ്രന്ഥങ്ങളാണ് ഗണിതശാസ്ത്രത്തില്‍ ഷിറാസിയുടേതായിട്ടുള്ളത്. സൂഫി പണ്ഡിതനായിരുന്ന ഷിറാസി, സുഹറാവാദിയുടെ ഹിക്മത്ത് അല്‍ ഇശ്രാഖ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനവും നിരൂപണവും നിര്‍വഹിച്ചിട്ടുണ്ട്. ഇബ്‌നു സീനയുടെ സര്‍വവിജ്ഞാന കോശത്തിന്റെ അറബി വിവരണമായ അല്‍ തുഅ്ഫത്ത് അല്‍ സാദിയാ (നുശാത് അല്‍ ഹുക്മാ വ റവാസത്ത് അല്‍ അതിബ്ബാ) എന്ന ഗ്രന്ഥം വൈദ്യശാസ്ത്രത്തിലെ ഷിറാസിയുടെ സംഭാവനയാണ്. കുഷ്ഠരോഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറബിക് പ്രബന്ധമാണ് രിസാല ഫീ ബറാസ്വ്. തത്വശാസ്ത്രത്തില്‍ ഷിറാസിയുടെ ഏറ്റവും പ്രശസ്ത ഗ്രന്ഥമാണ് പേര്‍ലി ക്രൗണ്‍ (ദുറാറത്ത് അല്‍രാജ് ലി ഖുറാറത്ത് അല്‍ ദുബാജ്). എ ഡി 1306ല്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് ഇത് രചിക്കപ്പെട്ടത്.
എഴുപത്തി അഞ്ചാം വയസ്സില്‍ 1311 ഫെബ്രുവരി ഏഴിന് ഇറാനിലെ തബ്‌രീസില്‍ വച്ചാണ് അന്ത്യം.