Skip to main content

ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നെടുക്കല്‍

ഭര്‍ത്താവ് അറിയാതെ ഭാര്യ അയാളുടെ സ്വത്തില്‍ നിന്നെടുത്ത് കുട്ടികള്‍ക്കു വേണ്ടി ചെലവ് ചെയ്യുന്നു. ചോദിക്കുമ്പോള്‍ താനെടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറയുന്നു. ഈ പ്രവൃത്തിയുടെ വിധിയെന്ത് ?

മറുപടി : ഭര്‍ത്താവിന്റെ സ്വത്ത് അയാളുടെ അനുമതിയില്ലാതെ എടുക്കാന്‍ പാടില്ല. ധനം അന്യായമായി പരസ്പരം തിന്നുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പരസ്പരം ഹറാമാണെന്ന് ഹജ്ജതുല്‍ വദാഇലെ പ്രസംഗത്തില്‍ നബി പ്രസ്താവിച്ചു. 

എന്നാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും മതിയായത് ചെലവിനു നല്കാത്ത ലുബ്ധനാണെങ്കില്‍ അവള്‍ക്ക് ചെലവിന് ആവശ്യമായത് മാത്രം എടുക്കാവുന്നതാണ്. കൂടുതല്‍ എടുക്കാന്‍ പാടില്ല. അതിന് തെളിവ് ഈ ഹദീസാണ്. ഉത്ബയുടെ മകള്‍ ഹിന്ദ്(റ) നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് തന്റെ ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ചെലവിന് മതിയായത് തരാത്ത ലുബ്ധനാണെന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) അവളോട് ഇപ്രകാരം പറഞ്ഞു: നിനക്കും മക്കള്‍ക്കും ചെലവിന് മതിയായത് അയാളുടെ സ്വത്തില്‍ നിന്ന് നിനക്ക് എടുക്കാം. അപ്പോള്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന്, അയാള്‍ അറിയട്ടെ അറിയാതിരിക്കട്ടെ, മര്യാദയനുസരിച്ച് ചെലവിന് മതിയായത് എടുക്കാന്‍ നബി(സ്വ) അനുമതി നല്കിയിട്ടുണ്ട്.

Feedback