Skip to main content

കടമായി വാങ്ങുന്നതിന് അധികവില

ചില കച്ചവടക്കാര്‍ കടമായി സാധനങ്ങള്‍ വില്ക്കുന്നു. മാസാവസാനമാണ് പണം കൊടുക്കുക. ചില പലചരക്ക് വ്യാപാരികള്‍ സാധാരണ വിലയെക്കാള്‍ ഒന്നോ രണ്ടോ റിയാല്‍ കൂടുതല്‍ വാങ്ങുന്നു. അതിന്ന് അവര്‍ പറയുന്ന ന്യായം റൊക്കം പണം തരുന്നില്ല എന്നാണ്. എന്നാല്‍ അധിക ഉപഭോക്താക്കളും ഈ വര്‍ധന അറിയാത്തവരാണ്. ഈ കച്ചവടം ശരിയാണോ ?

മറുപടി : കച്ചവടക്കാരന് മാര്‍ക്കറ്റിലെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ല. എന്നാല്‍ വാങ്ങുന്നവന്ന് തൃപ്തിയാണെങ്കില്‍ വിരോധമില്ല. അതുകൊണ്ട് കച്ചവടക്കാരന്‍ ഇങ്ങനെ പറയേണ്ടതാണ്. ഞാന്‍ നിനക്ക് ഇത് പത്തിനാണ് വില്ക്കുന്നത്. മാര്‍ക്കറ്റില്‍ ഇത് ഒന്‍പതിനു കിട്ടും. അവന്‍ സംതൃപ്തനാണെങ്കില്‍ വിരോധമില്ല. എന്നാല്‍ അവനെ വഞ്ചിച്ചു സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ വിലയ്ക്കു വില്ക്കുകയാണെങ്കില്‍ അത് പാടില്ലാത്തതാണ്. 

ആളുകള്‍ തന്നോട് ഇങ്ങോട്ട് എങ്ങിനെ പെരുമാറണമെന്നാണോ ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങോട്ടു പെരുമാറുന്നതും അതേ നിലക്കായിരിക്കണം. കാരണം നബി(സ്വ) പറഞ്ഞു: ''തനിക്കെന്തോ ഇഷ്ടം അത് തന്റെ സഹോദരന്നും ഇഷ്ടപ്പെടാതെ നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല''. മാര്‍ക്കറ്റില്‍ ഒന്‍പതിനു കിട്ടുന്ന സാധനം തനിക്ക് പത്തിനു വില്ക്കുന്നത് ആരും ഇഷ്ടപ്പെടുകയില്ല. അപ്പോള്‍ പിന്നെ താന്‍ ആളുകള്‍ക്ക് പത്തിന് വില്ക്കാന്‍ പാടുണ്ടോ?
 

Feedback