Skip to main content

മൗലാന റഹ്മത്തുല്ലാഹില്‍ കേറാനവി

റഹ്മത്തുല്ലാഹില്‍ കേറാനവി, അറബ് ഇസ്‌ലാമിക ലോകത്തിനു ഇന്ത്യ സംഭാവന നല്‍കിയ ശൈഖ് അലിയ്യുല്‍ മുത്തഖി, ഷാഹ് വലിയുല്ലാഹിദ്ദഹ്‌ലവി, ശൈഖ് അഹ്മദ് സര്‍ ഹിന്ദി, സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിയവരെപ്പോലെ അതുല്യ പ്രതിഭാശാലിയായിരുന്നു.

സുല്‍ത്താന്‍ മഹ്മൂദുല്‍ ഗസ്‌നവീ (മരണം 1030)യുടെ സൈന്യത്തോടൊപ്പം ശരീഅ കോര്‍ട്ടിലെ ജഡ്ജിയായി ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്റെ പിതാമഹന്‍ ശൈഖ് അബ്ദുറഹ്മാന്‍, പാനിപത്തില്‍ താമസമാക്കി. അവരുടെ കുടുംബബന്ധം അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍(റ)യുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ കുടുംബാംഗങ്ങള്‍ ഇന്ത്യയില്‍ എത്തിയ മുതല്‍ മുഗള്‍ ഭരണത്തിന്റെ പതനം വരെയുള്ള കാലഘട്ടത്തില്‍ ഭരണകൂടത്തിലെ ഉന്നതമായ പദവികള്‍ വഹിച്ചവരായിരുന്നു. അക്ബറിന്റെയും പുത്രനായ ജഹാംഗീറിന്റെയും കാലഘട്ടത്തില്‍ കുടുംബത്തിലെ പ്രമുഖാംഗമായ മുഖര്‍റബ്ബ്ഖാന് കേറാനയും ചുറ്റു ഭാഗത്തുള്ള പ്രദേശങ്ങളും അക്ബര്‍ ചക്രവര്‍ത്തി പതിച്ചു നല്‍കി. അങ്ങനെ ഉസ്മാനിയ കുടുംബം പാനിപത്തില്‍ നിന്ന് മുസഫര്‍ നഗര്‍ ജില്ലയിലെ കേറാനയിലേക്ക് താമസം മാറുകയാണുണ്ടായത്. ഇവിടെയാണ് 1818ല്‍ കഥാപുരുഷന്‍ ജനിക്കുന്നത്. മുഹമ്മദ് റഹ്മത്തുല്ലാഹ് ഇബ്‌നു ഖലീലുല്ലാഹില്‍ കേറാനവി അല്‍ ഉസ്മാനി എന്നാണ് പൂര്‍ണനാമം. 

ഭരണത്തില്‍ അസ്വസ്ഥതകളും പ്രതിസന്ധികളും ഉടലെടുക്കുകയും മുഗള്‍ ഭരണം അന്ത്യശ്വാസം വലിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത കാലമായിരുന്നു അത്. പന്ത്രണ്ടു വയസ്സാകുമ്പോഴേക്കും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുവാനും അറബി, ഉര്‍ദു ഭാഷകളില്‍ അവഗാഹം നേടാനും അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പിതാവും കുടുംബത്തിലെ മറ്റു പണ്ഡിതന്‍മാരുമായിരുന്നു ആദ്യ കാല ഗുരുനാഥന്‍മാര്‍. തുടര്‍ന്ന് ഉയര്‍ന്ന പഠനം ആഗ്രഹിച്ചു കൊണ്ട് ഡല്‍ഹിയിലേക്ക് പോയി. ശൈഖ് മുഹമ്മദ് ഹയാത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ശേഷം ലഖ്‌നോവില്‍ പോയി മുഹദ്ദിസ് അബ്ദുല്‍ അസീസ് ദഹ്‌ലവിയുടെ ശിഷ്യനായിരുന്ന സഅ്ദുല്ലാഹില്‍ മുറാദാബാദിയുടെ കീഴില്‍ പഠനം തുടര്‍ന്നു. അതോടൊപ്പം ഡോക്ടര്‍ മുഹമ്മദ് ഫൈദില്‍ നിന്ന് വൈദ്യവും ലോകാര്‍തമില്‍ നിന്ന് ശാസ്ത്രം, ഗണിതം, എന്‍ജിനിയറിംഗ് തുടങ്ങിയവയും അഭ്യസിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ മേല്‍ പൂര്‍ണാധിപത്യം കരസ്ഥമാക്കിയതോടെ ക്രിസ്തീയ മത പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യം വെച്ച്  മിഷണറി പ്രവര്‍ത്തനം വളരെ ആസൂത്രിതമായി ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. ഭരണകൂടം ഇവരെ നിര്‍ലോഭം സഹായിച്ചുകൊണ്ടിരുന്നു. ക്രിസ്തീയ പാതിരികള്‍ ഇസ്‌ലാമിനെതിരെ ശക്തമായ ആക്രമണമഴിച്ചുവിടുകയും മുസ്‌ലിംകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മറു ഭാഗത്ത് ക്രിസ്തീയ പ്രചാരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുസ്‌ലിം സമൂഹത്തെ ബോധവത്കരിക്കുന്നതിനും സുസജ്ജമായി പ്രവര്‍ത്തിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതിനും ആദര്‍ശ ബോധവും തന്റേടവുമുള്ള ഒരു പണ്ഡിത നേതൃത്വത്തിന്റെ അഭാവം ശരിക്കും പ്രകടമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ അല്ലാഹു ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു നല്‍കിയ അനുഗ്രഹമായിരുന്നു റഹ്മത്തുല്ലാഹില്‍ ഹിന്ദി.

ക്രൈസ്തവ മിഷണറിമാര്‍ ഇസ്‌ലാം മതത്തെയും പ്രവാചകനെയും വിമര്‍ശിക്കുവാനും ഇകഴ്ത്തുവാനും നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ ശൈഖിനെ അസ്വസ്ഥമാക്കി. ഭീഷണികളും പ്രലോഭനങ്ങളും നല്‍കി ലക്ഷ്യം സാധിക്കുകയായിരുന്നു അവരുടെ മാര്‍ഗം. അതിനു വേണ്ടി നേരും നെറിയുമില്ലാത്ത എല്ലാ വിധ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തിയിരുന്നു. തന്റെ എല്ലാ ജോലികളും മാറ്റിവെച്ച് ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പഠനവിധേയമാ ക്കുവാനും അവരുടെ വിതണ്ഡവാദങ്ങളെ പ്രതിരോധിക്കുവാനുമായി അദ്ദേഹം ലഘുലേഖ കളും ഗ്രന്ഥങ്ങളും പുറത്തിറക്കി. മാത്രമല്ല. മിഷണറി പ്രവര്‍ത്തകരെ ആശയ തലത്തില്‍ നേരിടുന്നതിനായി പ്രബോധകരെ വാര്‍ത്തെടുക്കുന്ന നിരവധി പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സ്ഥാപിച്ചു. ക്രിസ്തുമതത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറിയ കയ്യേറ്റങ്ങളും മാറ്റത്തിരുത്തലുകളും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തന്നെ വ്യക്തമാക്കാനും മുഹമ്മദ് നബിയുടെ പ്രവാചകത്വം സ്ഥാപിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. 

ഗ്രന്ഥരചനയെക്കാളും ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗം സംവാദങ്ങളും മുഖാമുഖങ്ങളു മാണെന്ന് മനസ്സിലാക്കിയ ശൈഖ് പാതിരികളെ ഇതിന്നായി വെല്ലുവിളിച്ചു. 1854ല്‍ ആഗ്രയില്‍ വെച്ച് ഒരു സംവാദം അരങ്ങേറി. ശൈഖിന്റെ സഹായിയായി ഈ സംവാദത്തില്‍ ഡോ. മുഹമ്മദ് വസീര്‍ ഖാനും പങ്കെടുത്തു. പാതിരിമാരുടെ പരാജയത്തില്‍ കലാശിച്ച ഈ സംവാദം 'മുനാദ്വറതു സുഗ്‌റാ' എന്ന പേരില്‍ അറിയപ്പെടുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം വേദത്തിലെ മാറ്റത്തിരുത്തലുകളെക്കുറിച്ച് ആഗ്രയില്‍ വച്ച് ഫ്രങ്ക്, ഫന്ദര്‍ എന്നിവരുമായി മറ്റൊരു വാദപ്രതിവാദം നടന്നു. വേദഗ്രന്ഥത്തില്‍ ഏഴോ എട്ടോ സ്ഥലങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടെന്നും നാല്‍പതോളം വൈരുദ്ധ്യങ്ങള്‍ കാണാമെന്നും രണ്ടു പാതിരിമാരും സമ്മതിച്ചു. ആയിരക്കണക്കിന് മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ മത വിശ്വാസികളുടെ മുമ്പില്‍ വെച്ച് നടന്ന ഈ വാദപ്രതിവാദം മുനാദ്വറിതുല്‍ കുബ്‌റാ എന്ന പേരില്‍ അറിയപ്പെടുന്നു.

ഗ്രന്ഥങ്ങള്‍:

ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. ആദ്യകാല രചനകളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം ക്രൈസ്തവ വാദങ്ങളെ ഖണ്ഡിക്കുന്നവയാണ്. റഫ്ഉല്‍ യദൈനി ഫിസ്സ്വലാത്, ഷാ അബ്ദുല്‍ അസീസ് അദ്ദഹ്‌ലവിയുടെ റാഫിഇ വിമര്‍ശന കൃതിയായ അത്തുഹ്ഫതുല്‍ ഇസ്‌നാ അശരിയ്യയുടെ അറബി വിവര്‍ത്തനം, പ്രകൃതി വാദികളെ ഖണ്ഡിച്ചുകൊണ്ടുള്ള ഇസ്ബാഇതുല്‍ ബഹ്‌സ് വതലാശ്് എന്നിവ ആദ്യ കാല രചനകളില്‍പ്പെടുന്നു.

ഇസാലതുല്‍ ഔഹാം. ക്രിസ്തീയ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് 1853ല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ഗ്രന്ഥമാണിത്. 564 പേജ് വരുന്ന പഠനാര്‍ഹമായ ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചത് പ്രൊഫസര്‍ ഖവാറുദ്ദീനാണ്. ശൈഖ് നൂര്‍ മുഹമ്മദ് ഗ്രന്ഥം അറബിയിലേക്ക് മൊഴി മാറ്റം നടത്തി. 773 പേജുണ്ട്. 

അഹ്‌സനുല്‍ അഹാദീസ് ഫീ ഇസ്വ്ത്വിലാഹിത്തസ്‌ലീസ്. ത്രിയേക സിദ്ധാന്തത്തെ ബുദ്ധിപരമായും തെളിവുകളുടെ പിന്‍ബലത്തോടെയും വിമര്‍ശന വിധേയമാക്കുന്ന ഗ്രന്ഥം. 1885ലാണ് ഈ ഗ്രന്ഥ രചന നിര്‍ഹിച്ചത്.

അല്‍ബുറൂയ്യുല്ലാമിഅ: പൂര്‍വ വേദഗ്രന്ഥങ്ങളുപയോഗിച്ച് കൊണ്ട് നബി(സ്വ)യുടെ പ്രവാചകത്വത്തെ സ്ഥാപിക്കുന്ന ഗ്രന്ഥം. ഈ ഗ്രന്ഥങ്ങളെല്ലാം ഇന്ത്യയിലാണ് പ്രസിദ്ധീകരിച്ചത്.

ഇദ്വ്ഹാറുല്‍ ഹഖ്: അമേരിക്കന്‍ ഓറയന്റലിസ്റ്റായിരുന്ന ഫാദര്‍ കാള്‍ഫാജര്‍ ഒരു കത്തോലിക്കനായിരുന്നു. പ്രൊട്ടസ്റ്റന്റുകാരിയായ ഭാര്യയുടെ തൃപ്തി കാംക്ഷിച്ചു കൊണ്ട് പ്രൊട്ടസ്റ്റന്റ് ചേരിയിലേക്ക് മാറിയ അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇന്ത്യയില്‍ ക്രിസ്തീയ വാദങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന റഹ്മതുല്ലാഹില്‍ ഹിന്ദിയെ നേരിടാന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചര്‍ച്ച് വിഷന്‍ സൊസൈറ്റി ഫാദര്‍ ഫാജറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ 1837ല്‍ ഇന്ത്യയിലേക്കയച്ചു. നബി തിരുമേനിയുടെ പ്രവാചകത്വത്തെ ചോദ്യം ചെയ്തു കൊണ്ട് അദ്ദേഹം ധാരാളം ഗ്രന്ഥങ്ങളും മറ്റു ലേഖനങ്ങളും രചിച്ചു. അവയില്‍ ഏറ്റവും പ്രചാരമേറിയ ഗ്രന്ഥമായിരുന്നു ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച 'വേ ഓഫ് ട്രൂത്ത്' (Way of Truth). ഇതിനെ ഖണ്ഡിച്ചു കൊണ്ട് മുസ്‌ലിം പണ്ഡിതരായ അബു മന്‍സൂര്‍ അദ്ദഹ്‌ലവിയും ശൈഖ് ആലുഹസന്‍ റിസ്‌വിയും രംഗത്ത് വന്നതോടെ ഗ്രന്ഥ കര്‍ത്താവ് നിസ്സാഹായവസ്ഥയിലായി. മാറ്റത്തിരുത്തലോട് കൂടിയ ഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ റഹ്മതുല്ലാഹില്‍ ഹിന്ദി അതിന് പേര്‍ഷ്യന്‍ ഭാഷയില്‍ മറുപടി എഴുതി. ഫാജര്‍ വീണ്ടും ഗ്രന്ഥം പരിഷ്‌കരിക്കുവാന്‍ നിര്‍ബന്ധിതനായി.

വിവിധ ഭാഷകളില്‍ മാറ്റത്തിരുത്തലുകളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ച ഈ ഗ്രന്ഥത്തിലെ വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി റഹ്മത്തുല്ല പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. നേരിട്ടുള്ള സംവാദങ്ങളാണ് കൂടുതല്‍ പ്രയോജനകരമെന്ന് മനസ്സിലാക്കിയ ശൈഖ് ഫാജര്‍ക്ക് നിരന്തരം കത്തുകളയച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഫാജര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ സ്വീകരിച്ചു കൊണ്ട് വേദപുസ്തകത്തിലെ മാറ്റത്തിരുത്തലുകള്‍, ത്രിയേകത്വം, ഈസ നബി(അ)യുടെ ദിവ്യത്വം, ഖുര്‍ആനിന്റെ അമാനുഷികത, മുഹമ്മദ് നബി (സ്വ)യുടെ പ്രവാചകത്വം എന്നീ വിഷയങ്ങളില്‍ സംവാദത്തിനു ശൈഖ് തയ്യാറായി. ഈ സംവാദത്തില്‍ പരാജിതനായ ഫാജര്‍ ശൈഖിന്റെ മുമ്പില്‍ തന്റെ പ്രവര്‍ത്തനം ഒരിക്കലും മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കി ഇന്ത്യയോടു വിടപറഞ്ഞു.


 

Feedback