Skip to main content

ശംസുല്‍ ഹഖ് അല്‍ അഫ്ഗാനി

ഹിജ്‌റ 1317 (ക്രി. 1896) റമദാന്‍ ഏഴിനാണ് പണ്ഡിതനും പോരാളിയുമായ ശൈഖ് അല്‍ അഫ്ഗാനി ജനിക്കുന്നത്. പിതാവില്‍ നിന്ന് അറിവിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്ന ശേഷം 1909-ല്‍ നിയമ പാഠശാലയില്‍ ചേരുകയും 1913ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ശേഷം സര്‍ഹിന്ദിലെയും അഫ്ഗാനിസ്താനിലെയും വിവിധ പണ്ഡിതന്മാരില്‍ നിന്ന് സുകുമാര കല അഭ്യസിച്ചതിന് ശേഷം 1338ല്‍ (1917) ദയൂബന്ദിലെ ജാമിഅതുല്‍ ഇസ്‌ലാമിയ്യയില്‍ ചേരുകയും തൊട്ടടുത്ത വര്‍ഷം തന്നെ ബിരുദമെടുക്കുകയും ചെയ്തു.

പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 1922-ല്‍ ഹജ്ജിനായി മക്കയിലെത്തി. മക്കയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും അദ്ദേഹം അറിയാന്‍ ഇടയായത്.  ദയൂബന്ദിലെ ജാമിഅതുല്‍ ഇസ്‌ലാമിയ്യയിലെ പണ്ഡിതരെയും സഹപ്രവര്‍ത്തകരെയും കൂട്ടി അതിനെതിരെ ശക്തമായി പോരാടിയ അദ്ദേഹം ഇസ്‌ലാമിനെ ശക്തിപ്പെടുത്തുകയും മുസ്‌ലിംകളുടെ പ്രതാപം കാത്തുസൂക്ഷിക്കുകയും ചെയ്തു.  ഈ പോരാട്ടത്തിനു ശേഷം ജാമിഅതുല്‍ ഇസ്‌ലാമിയ്യയിലെ ലൈബ്രറിയില്‍ ശൈഖ് പഠനത്തിനായി ഒഴിഞ്ഞിരുന്നു.

1920-ല്‍ കറാച്ചിയിലെ മദ്വ്ഹറുല്‍ ഉലൂമില്‍ പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം തൊട്ടടുത്ത വര്‍ഷം അവിടെ നിന്ന് മാറി സിന്ധിലെ ബലാര്‍കാനയിലെ ഇര്‍ശാദുല്‍ ഉലൂം കലാലയത്തില്‍ അധ്യാപകനായി ചേര്‍ന്നു.  1925-ല്‍ ലാഹോറിലെ 'ഖാസിമുല്‍ ഉലൂമിലും' 1950-ല്‍ 'സജാവലി'ലെ 'ദാറുല്‍ ഫുയൂദുല്‍ ഹാശിമിയ്യ'യിലും അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. നല്ലൊരു ഗ്രന്ഥകാരനും അധ്യാപകനുമായ ഇദ്ദേഹത്തില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന കൃതികള്‍

أحكام القرآن , مفردات القرآن , مشكلات القرآن ,  مشكلات العالمية وحلها من القرآن 


 

Feedback