ഇന്ത്യയുടെ വടക്കു ഭാഗത്ത് വിജ്ഞാന മുന്നേറ്റങ്ങളും സുന്നത്ത് പ്രചാരണവുമായി ധാരാളം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, ദക്ഷിണേന്ത്യയിലും ഇസ്‌ലാമിക സംസ്‌കാരവും തിരുചര്യയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം വേണമെന്ന ചിന്തയില്‍ നിന്നും അടങ്ങാത്ത ആഗ്രഹത്തില്‍ നിന്നുമാണ് ജാമിഅ ദാറുസ്സലാമിന്റെ പിറവി.
ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ ഉത്തരേന്ത്യ കുതിച്ചുയരുമ്പോള്‍ കാഴ്ച്ചക്കാരായി മാത്രം നോക്കി നില്‍ക്കേണ്ടി വന്ന ദക്ഷിണേന്ത്യക്കാര്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ദാറുസ്സലാം ഉമറാബാദിന്റെ സ്ഥാപകന്‍ സാജിറുസ്സലഫി അശൈഖ് ഉമര്‍ കാകാ ആയിരുന്നു. 1924-ല്‍ തമിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കോട്ട് ജില്ലയിലെ ഉമറാബാദ് ഗ്രാമത്തിലായിരുന്നു ഈ സ്ഥാപനം ഉയര്‍ന്നത്. ശൈഖ് നദീര്‍ ഹുസൈന്‍ ദഹ്‌ലവിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉമര്‍ കാക്കാ തന്നെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.
ദാറുസ്സലാമിന്റെ ആദ്യകാല അധ്യാപകരില്‍ ഏറെ പ്രധാനികളായിരുന്നു ശൈഖ് ഫഖീറുല്ലാഹ്, ശൈഖ് മുഹമ്മദ് നുഅ്മാന്‍ അഅ്ദ്വമീ എന്നിവര്‍. ഈ പണ്ഡിതന്മാരുടെ കീഴില്‍ ഈ സ്ഥാപനത്തില്‍ നിന്ന് അനേകം പേര്‍ ബിരുദമെടുത്തു. അതില്‍ ഏറ്റവും പ്രധാനികളായിരുന്നു ഡോ: മുഹമ്മദ് ഹയാഉര്‍റഹ്മാന്‍ അഅ്ദ്വമീ. ദാറുസ്സലാമിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ദാറുസ്സലാമിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ഇസ്‌ലാമിക പ്രബോധനവും പ്രചാരണവും രചനാ രംഗത്തെ സംഭാവനകളും അതിന്റെ ശിഷ്യന്മാര്‍ ഇന്നും ഭംഗിയായി നിര്‍വഹിച്ചു പോരുന്നു.
യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള ബിരുദ-ബിരുദാന്തര കോഴ്‌സുകളുള്ള അറബിക്കോളെജിനു പുറമെ ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഹിഫ്ദ്വ് കോളെജ്, ഹോസ്പിറ്റല്‍, ഐ ടി ഐ തുടങ്ങി അരഡസനോളം സ്ഥാപനങ്ങളും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജാമിഅയുടെ ലൈബ്രറി ദക്ഷിണേന്ത്യയിലെ മികച്ച ഇസ്‌ലാമിക ഗ്രന്ഥശാലയാണ്.
വിലാസം:
ജാമിഅ ദാറുസ്സലാം ഉമറാബാദ്
ഉമറാബാദ് -പോസ്റ്റ്
പര്‍നാമ്പട്ട് റോഡ്, തമിഴ്‌നാട് - 635808.
ഫോണ്‍: 04174- 255451