Skip to main content

എ വി അബ്ദുര്‍റഹ്മാന്‍ ഹാജി

മേപ്പയൂര്‍ സലഫീ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായി വിദേശരാജ്യത്ത് എത്തിയതായിരുന്നു എ വി അബ്ദുര്‍റഹ്മാന്‍ ഹാജി. എം എല്‍ എ കൂടിയായ അദ്ദേഹത്തിന് താമസിക്കാന്‍ മുന്തിയ ഹോട്ടല്‍ മുറി ആതിഥേയരായ പ്രവാസികള്‍ ഏര്‍പ്പാടാക്കി. എന്നാല്‍ അത് സ്‌നേഹപൂര്‍വം നിരസിച്ച അദ്ദേഹം പ്രവര്‍ത്തകരോടൊപ്പം അവരുടെ മുറിയില്‍ താമസിച്ചു.

ബഹുമാനാര്‍ഥം ഒരു സ്വീകരണവും അവര്‍ ഒരുക്കി. ഉപഹാരം ഏറ്റുവാങ്ങാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതും നിരസിച്ചു. അതിന് പറഞ്ഞ കാരണം ഇങ്ങനെയായിരുന്നു: ഞാന്‍ ഒരു സ്ഥാപനത്തിന്റെ പണപ്പിരിവിന് വന്നതാണ്. അതുകൊണ്ട് വ്യക്തിപരമായി ഒന്നും ഞാന്‍ സ്വീകരിക്കില്ല. ഈ ഉപഹാരത്തിന് പകരം സ്ഥാപനത്തിന് എന്തെങ്കിലും നല്‍കിയാല്‍ മതി. സംഘാടകര്‍ ആ വ്യക്തിവിശുദ്ധിക്കു മുന്നില്‍ കീഴടങ്ങി. 

ഇത് എ വി അബ്ദുര്‍റഹ്മാന്‍ ഹാജി. മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതുരേഖ വരച്ചെടുത്ത സാത്വികന്‍. ഖാഇദേ മില്ലത്തിനെയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും കെ എം മൗലവിയെയും മാതൃകയാക്കി പൊതുജീവിതം നയിച്ച അപൂര്‍വ രാഷ്ട്രീയക്കാരന്‍.

പുത്തലത്ത് അബ്ദുല്ല ഹാജിയുടെയും വായോത്ത് ആമിനയുടെയും മകനായി 1930 ആഗസ്ത് ഒന്നിന് മേപ്പയൂരിലെ എടവത്തേരി തറവാട്ടില്‍ ജനിച്ചു. നല്ല സാമ്പത്തിക ശേഷിയുള്ള തറവാടായിരുന്നു. സ്‌കൂളില്‍ പോകാന്‍ പ്രയാസമായതിനാല്‍ പ്രാഥമിക പഠനം വീട്ടില്‍വെച്ചുതന്നെ നല്‍കി. പ്രത്യേകം അധ്യാപകരെയും ഏര്‍പ്പാടാക്കി. മതാവില്‍നിന്നും പിതാവില്‍ നിന്നുമുള്ള ധാര്‍മിക പാഠങ്ങളും ലഭിച്ചു. ബാല്യം മുതലേ വായന ശീലമാക്കിയ എ വി നിരവധി അറബി മലയാളം സംസ്‌കൃതം ശ്ലോകങ്ങളും കവിതകളും മനപ്പാഠമാക്കിയിരുന്നു.

അബ്ദുല്ലഹാജി ഐക്യസംഘത്തിന്റെയും മുസ്‌ലിംലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. പൗരപ്രമുഖനായ അദ്ദേഹത്തെ കാണാന്‍ സീതിസാഹിബിനെപ്പോലുള്ള ലീഗ് നേതാക്കളും കെ എം മൗലവിയെപ്പോലുള്ള മുജാഹിദ് പണ്ഡിതരും നിരന്തരം വന്നിരുന്നു. ഇത് എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയിലെ രാഷ്ട്രീയ ആദര്‍ശബോധത്തെ സ്വാധീനിച്ചു. ജീവിതാവസാനംവരെ അവ രണ്ടും ഹാജി മുറുകെ പിടിക്കുകയും ചെയ്തു.

എം എല്‍ എയും കെ എന്‍ എം പ്രസിഡന്റും

അഞ്ചുതവണ എം എല്‍ എയായ എ വി 1970ല്‍ മേപ്പയൂരില്‍ നിന്നാണ് ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി കേരള നിയമസഭയിലെത്തുന്നത്. ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സ്ഥാനാര്‍ഥിത്വം. പിന്നീട് 1980ലും 82ലും വിജയം ആവര്‍ത്തിച്ചു. 1991, 96ലും തിരുവമ്പാടിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

12ാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം മരണംവരെ തുടര്‍ന്ന എ വി, അഞ്ചുതവണ എം എല്‍ എ ആയെങ്കിലും അതിനപ്പുറമുള്ള പദവികളിലെത്തിയില്ല. 'എം എല്‍ എ ആകാനുള്ള യോഗ്യതപോലും എനിക്കില്ലെന്നായിരുന്നു' അദ്ദേഹത്തിന്റെ നിലപാട്.

1974ല്‍ ലീഗ് പിളര്‍ന്നപ്പോള്‍ എ വി അഖിലേന്ത്യാ ലീഗിനോടൊപ്പം നിന്നു, ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചു. പിന്നീട് 1984ലാണ് ഇരുപാര്‍ട്ടികളും ഒന്നായത്.

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ലീഗ് പ്രവര്‍ത്തകസമിതി അംഗം എന്നിവയും ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോര്‍ഡ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവകളിലും അംഗമായിരുന്നിട്ടുണ്ട്.

ഐക്യസംഘം മുതലേ ഇസ്‌ലാഹീ ആദര്‍ശത്തെ കേട്ടും കണ്ടുമറിഞ്ഞ എ വി ഒരു സജീവ മുജാഹിദ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. രാഷ്ട്രീയത്തില്‍ വിശുദ്ധിയും ആദര്‍ശവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായതും ഈ ആശയം ഹൃദയത്തിലുള്ളതുകൊണ്ടായിരുന്നു.

കോഴിക്കോട്ടെ മുജാഹിദ് സെന്ററിനെതിരെ ബോംബാക്രമണമുണ്ടായപ്പോള്‍ അക്കാര്യം സബ്മിഷനായി എ വി നിയമസഭയിലുന്നയിച്ചു. കെ എന്‍ എമ്മിന്റെ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം 2002ല്‍ സംഘടന പിളര്‍ന്നതിനെത്തുടര്‍ന്ന് മര്‍ക്കസുദ്ദഅ്‌വ വിഭാഗം കെ എന്‍ എമ്മിന്റെ പ്രസിഡന്റ് പദവും ഏറ്റെടുത്തു.

മേപ്പയൂരിലെ സലഫി സ്ഥാപനങ്ങള്‍ എ വിയുടെ വിയര്‍പ്പിന്റെ ഗുണഫലമാണ്. അതിനെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നായകസ്ഥാനത്ത് മരണം വരെ അദ്ദേഹമുണ്ടായിരുന്നു.

2005 ഒക്ടോബര്‍ നാലിന് 75-ാമത്തെ വയസ്സില്‍, കേരള രാഷ്ട്രീയത്തിനും സമൂഹത്തിനും ഒരുപിടി നന്മ മാതൃകകള്‍ ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി.
 

Feedback