കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളീയ മനസ്സുകളിലെ അവിസ്മരണീയ നാമധേയമാണ് സി എച്ച് എന്ന അക്ഷരദ്വയം - സി എച്ച് മുഹമ്മദ്‌കോയ. കേരളത്തിലെ പ്രഥമ മുസ്‌ലിം മുഖ്യമന്ത്രിയും കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന് അഭിമാനകരമായ അസ്തിത്വം നല്കിയ നേതാവുമായിരുന്നു സി എച്ച്.
പയ്യംപുനത്തില്‍ അലി മുസ്‌ലിയാരുടെയും ചെയാരന്‍കണ്ടി മറിയുമ്മയുടെയും മകനായി 1927 ജൂലായ് 15ന് അത്തോളിയില്‍ ജനിച്ചു. കൊണ്ടൂര്‍ എയിഡഡ് എലിമെന്ററി സ്‌കൂളിലും വേളൂര്‍ മാപ്പിള എലിമെന്ററി സ്‌കൂളിലും കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജില്‍ 1943 ല്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു.
തലശ്ശേരിയില്‍നിന്ന് പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ച ചന്ദ്രികയിലും ന്യൂ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡോണിലും മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഡെക്കാന്‍ ടൈംസിലും കുറിപ്പുകളെഴുതി. എം.കെ. അത്തോളി എന്ന തൂലികാ നാമത്തിലും തൂലിക ചലിപ്പിച്ചു. സാമൂതിരി കോളേജിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാര്‍ഥിയായിരുന്നു സി.എച്ച്.
1946 ല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ അംഗമായ സി.എച്ച്. 1949 ല്‍ പത്രാധിപരായി. 1961 ല്‍ അഞ്ചുമാസക്കാലം കേരള നിയമസഭാ സ്പീക്കറായി. സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജി വച്ചു തിരിച്ചുവപ്പോള്‍ ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സി.എച്ച് 1957ലാണ് ആദ്യമായി നിയമസഭാംഗമായത്. 1961ല്‍, തന്റെ 34-ാം വയസ്സില്‍ നിയമസഭയുടെ സ്പീക്കര്‍ പദവിയിലെത്തി. തന്റെ രാഷ്ട്രീയ വഴികാട്ടി കൂടിയായിരുന്ന സീതി സാഹിബിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഈ പദവി ലബ്ധി. താനൂര്‍, മലപ്പുറം, കൊണ്ടോട്ടി, മങ്കട, മഞ്ചേരി എന്നീ മണ്ഡലങ്ങളുടെ പ്രതിനിധിയായും നിയമസഭയിലിരുന്നു. ഇതിനിടെ 1963ല്‍ മഞ്ചേരിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും സി എച്ച് എത്തി.
ആദ്യ മുസ്‌ലിം മുഖ്യമന്ത്രി
നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായി തിളങ്ങിയ സി എച്ച് മുഹമ്മദ് കോയയെത്തേടി നിരവധി പദവികളെത്തി. അതില്‍ ഏറ്റവും മികച്ചത് 1979 ഒക്‌ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള 50 ദിവസമിരുന്ന മുഖ്യമന്ത്രി പദവി തന്നെയാണ്.
നിയമസഭാ സ്പീക്കര്‍ (ജൂണ്‍ 9, 1961 - നവംബര്‍ 11, 1961), ലോക്‌സഭാ മെമ്പര്‍ (1962-67, 1973-77), വിദ്യാഭ്യാസമന്ത്രി (മാര്‍ച്ച് 6, 1967 - ഒക്‌ടോബര്‍ 21, 1969), ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസം (ഡിസംബര്‍ 01, 1969 - ആഗസ്ത് 01, 1970, ഒക്‌ടോബര്‍ 04, 1970 - മാര്‍ച്ച് 01, 1973), ധനകാര്യം, വിദ്യാഭ്യാസം (മാര്‍ച്ച് 25, 1977 - ഏപ്രില്‍ 25, 1977), വിദ്യാഭ്യാസം (ഏപ്രില്‍ 27, 1977 - ഡിസംബര്‍ 20, 1977, ഒക്‌ടോബര്‍ 04, 1978 - ഒക്‌ടോബര്‍ 27, 1978, ഒക്‌ടോബര്‍ 29, 1978 - ഒക്‌ടോബര്‍ 07, 1979), ഉപമുഖ്യമന്ത്രി (ഡിസംബര്‍ 28, 1981 - മാര്‍ച്ച് 17, 1982, ഏപ്രില്‍ 24, 1982 - സപ്തംബര്‍ 28, 1983) തുടങ്ങി നിരവധി വകുപ്പുകള്‍ സി എച്ച് കൈകാര്യം ചെയ്തു.
ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ഏറ്റെടുത്തത് വിദ്യാഭ്യാസ വകുപ്പാണ്. കേരളത്തില്‍ വിദ്യാഭ്യാസവിപ്ലവത്തിന് അടിത്തറയിട്ടത് യഥാര്‍ഥത്തില്‍ സി എച്ച് മുഹമ്മദ് കോയയാണ്.
1967 ല്‍ കോത്താരി കമ്മീഷന്‍ മുന്‍നിര്‍ത്തി സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള മന്ത്രിസഭാ അംഗീകാരവും ധനകാര്യവകുപ്പിന്റെ അനുമതിയും നേടി. തുടര്‍ന്ന് കേന്ദ്ര അംഗീകാരവും യു.ജി.സി അനുമതിയും നേടിയെടുത്തു. 1968 ജൂലൈ 22 ന് കേരള ഗവര്‍ണര്‍ ഓഡിനന്‍സ് പ്രകാരം കാലിക്കറ്റ് സര്‍വകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
കോഴിക്കോട് സര്‍വകാലാശാലയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ലോ കോളെജ് തുടങ്ങി നിരവധി സര്‍വകലാശാലകളുടെ രൂപീകരണത്തിനും സി.എച്ച് നിര്‍ണായക പങ്കു വഹിച്ചു.
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ്, കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളജ്, വനിതാ പോളീടെക്‌നിക്, മമ്പാട് എം.ഇ.എസ് കോളജ്, കൊല്ലം ടി.കെ.എം കോളജ് എടത്തല അല്‍ അമീന്‍ കോളജ്, കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ്, കല്ലടി കോളജ്, സര്‍ സയ്യിദ് കോളജ് തുടങ്ങി ഒട്ടനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് സ്‌കൂളുകളും സി.എച്ചിന്റെ നേതൃത്വത്തിലും പിന്തുണയിലും സ്ഥാപിക്കപ്പെട്ടു.
ഹൈസ്‌കൂള്‍തലം വരെ സൗജന്യവിദ്യാഭ്യാസം നടപ്പാക്കിയും മുസ്‌ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്കിയും ഹൈസ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ അറബി ഭാഷ പാഠ്യവിഷയമാക്കിയും ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ശാക്തീകരിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ സര്‍വേ നടത്താനും ഓരോ പഞ്ചായത്തിലും ഓരോ യു.പി സ്‌കൂള്‍ എന്ന ലക്ഷ്യത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
മുസ്‌ലിം സമുദായത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും മലപ്പുറം ജില്ല രൂപീകരിച്ചതുമെല്ലാം സി എച്ചിന്റെ ശ്രമഫലമാണ്.
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ുള്ള സ്‌പെഷ്യല്‍ പാക്കേജുകള്‍, മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍, ദരിദ്രരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.
ഗവണ്‍മെന്റ് അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ (1958-59), പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ (1980-82), IUML കേരള വര്‍ക്കിങ് കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കോഴിക്കോട് REC ഗവേണിങ് ബോഡി, കേരള മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, 1973 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് ലെജിസ്ലേറ്റീവ് പാര്‍ട്ടി ലീഡര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അടുത്ത സുഹൃത്തായിരുന്നു സി.എച്ച്. പല സമ്മേളനങ്ങളിലും അദ്ദേഹം അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്.
കേരള ഹിസ്റ്ററി അസോസിയേഷനും അതിന്റെ ചരിത്ര നിര്‍മ്മാണപദ്ധതിയും വിജയിപ്പിച്ചത് സി.എച്ചിന്റെ താത്പര്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ യാത്രാവിവരണരംഗത്ത് സി.എച്ച്. നല്‍കിയ സംഭാവന സഞ്ചാര സാഹിത്യത്തിന് മുതല്‍കൂട്ടായി. എഴുത്തുകാരോടും കലാകാരന്മാരോടും വിദ്യാഭ്യാസ പ്രവര്‍ത്തകരോടും പത്രപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അപാരമായ ആദരവായിരുന്നു. ചിത്രരചനയില്‍ തത്പരനായ സി.എച്ച്. ചിത്രകലയെയും കാര്‍ട്ടൂണുകളെയും കാര്‍ട്ടൂണിസ്റ്റുകളെയും അതിരറ്റ് ബഹുമാനിച്ചു. പത്രപ്രവര്‍ത്തനം സര്‍ഗാത്മഗമായ സാഹിത്യരചനയ്ക്കുള്ള കഴിവിനെ കെടുത്തുന്നുവെന്ന ധാരണ തിരുത്തിയത് സി.എച്ചാണ്. ഒരു നല്ല പത്രാധിപനും നല്ല സാഹിത്യകാരനും അദ്ദേഹത്തില്‍ സമഞജസമായി സമ്മേളിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്.
സ്വാമി വാഗ്ഭടാനന്ദനും ലിയാഖത്ത് അലിഖാനുമൊത്ത് വേദി പങ്കിടുകയും ജവഹര്‍ലാല്‍ നെഹ്‌റുവിന് പോലും മറുപടി നല്‍കുകയും ചെയ്ത വാഗ്മി, ചിന്തയും നര്‍മവും സമഞ്ജസമായി ചേര്‍ത്ത് നിയമസഭകളെയും പൊതുവേദികളെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമാജികന്‍, തന്നെ പദവികളില്‍ നിന്ന് പദവികളിലേക്കുയര്‍ത്തിയ സമുദായത്തിനുവേണ്ടി രാപകല്‍ അധ്വാനിച്ച സമുദായസ്‌നേഹി, 15 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരന്‍ - ഇതെല്ലാമായിരുന്നു സി എച്ച് എന്ന രണ്ടക്ഷരം.
പ്രതിഭാവിലാസംകൊണ്ട് വിസ്മയം തീര്‍ത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ച് സി.എച്ച് അന്ത്യയാത്രയായി. 2013 ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സിഎച്ചിന്റെ നാമധേയത്തില്‍ 'സിഎച്ച് ചെയര്‍' നിലവില്‍ വന്നു.
ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെ മൂന്ന് മക്കള്‍. ഭാര്യ ആമിന.
ഗ്രന്ഥങ്ങള്‍:
1. എന്റെ ഹജ്ജ് തീര്‍ഥാടനം
2. കോക്‌സ്-ലണ്ടന്‍-കെയ്‌റോ
3. ലെജിസ്ലേറ്റീവ് അസംബ്ലി
4. ഞാന്‍ കണ്ട മലേഷ്യ
5. ശ്രീലങ്കയില്‍ അഞ്ച് ദിവസം
6. ഒട്ടകം മുതല്‍ കാഡിലാക് വരെ
7. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം കഥകളിലൂടെ