ഫ്രഞ്ച് മാഹിയിലെ ഒരു ഉന്നത കുടുംബത്തില്‍ ജനിച്ചു. പിന്നീട് താമസം തലശ്ശേരിക്കു മാറ്റി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ഇസ്ഹാഖ് സേട്ടിനോടൊപ്പം മക്കയിലേക്കു പോയി. നാലു കൊല്ലത്തിനു ശേഷം 1903ല്‍ മലബാറിലേക്കു മടങ്ങി. വിദ്യാഭ്യാസം തുടര്‍ന്നു. ഇടക്ക് വീണ്ടും മക്കയിലേക്ക് പോയി. മടങ്ങിവന്ന ശേഷം പഠനം പൂര്‍ത്തിയാക്കി.
സഹോദരന്‍ അബ്ദുല്ല സേട്ടു സാഹിബിന്റെ ചരമത്തോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഖിലാഫത്തു കാലത്ത് സജീവമായി പങ്കു വഹിച്ചു. 1920ല്‍ താല്‍കാലികമായി രാഷ്ട്രീയ രംഗം വിട്ടു. 1930ല്‍ തിരിച്ചു വരികയും 1931ലും 1935ലും തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പത്തു വര്‍ഷത്തോളം പ്രസ്തുത സ്ഥാനം തുടരുകയും ചെയ്തു. 1935ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947ല്‍ വീണ്ടും തെരഞ്ഞെടുക്കു കയുണ്ടായി. അതേ വര്‍ഷം ജനീവ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
കണ്ണൂര്‍ രാജാ സാഹിബിന്റെ ചരമാനന്തരം മലബാര്‍ മുസ്‌ലിം ലീഗ് പ്രസിഡന്റായി സേട്ട് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് മന്ത്രിസഭാ കാലത്ത് ധനകാര്യ കമ്മിറ്റിയില്‍ അദ്ദേഹം അംഗമായിരുന്നു. മലയാളം, അറബി തുടങ്ങിയ എട്ടു ഭാഷകള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. വിഭജനാനന്തരം പാകിസ്താനിലേക്ക് പോവുകയും സിലോണ്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന്‍ അംബാസിഡര്‍ സ്ഥാനം വഹിക്കുകയും ചെയ്തു.