അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ശബ്ദമായി മാറിയ മലയാളി രാഷ്ട്രീയ നേതാവ്, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കേന്ദ്ര വിദേശകാര്യം, റയില്‍വേ, മാനവവിഭവശേഷി സഹമന്ത്രി പദങ്ങളിലിരുന്ന പ്രതിഭാശാലി- ഇ അഹ്മദിന് ഇങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്.
1938 ഏപ്രില്‍ 29ന് കണ്ണൂരില്‍ ജനനം. ഒ അബ്ദുല്‍ ഖാദിര്‍ ഹാജി പിതാവും സുഹ്‌റ ബീവി മാതാവും. തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തിരുവനന്തപുരം ലോ കോളെജില്‍ നിന്ന് നിയമത്തിലും ബിരുദം.
എം എസ് എഫിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ അഹ്മദ് 1967ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് കേരള നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചത്. കൊടുവള്ളി, താനൂര്‍ മണ്ഡലങ്ങളില്‍ നിന്നായി 1991വരെ എം എല്‍ എ ആയി. 1982-87 വരെയുള്ള ടേമില്‍ വ്യവസായ വകുപ്പുമന്ത്രിയുമായി.
1991ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് അഹ്മദ് ലോക്‌സഭയിലെത്തിയത്. 1996, 98, 99വര്‍ഷങ്ങളിലും മഞ്ചേരിയെ തന്നെ പ്രതിനിധീകരിച്ചു. 2004ല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച ഇദ്ദേഹം 2009ലും 2014ലും പുതുതായി നിലവില്‍ വന്ന മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി വിജയിച്ച ഏക മണ്ഡലം അഹ്മദിന്റെ പൊന്നാനിയായിരുന്നു.
2004ല്‍ വിദേശകാര്യ സഹമന്ത്രി പദം ലഭിക്കുകവഴി ലീഗിന്റെ ചരിത്രത്തിലെ ആദ്യകേന്ദ്രമന്ത്രി എന്ന പദവി അഹ്മദിന് ലഭിച്ചു. 2009ല്‍ റയില്‍വേ സമഹമന്ത്രിയും 2011ല്‍ വിദേശകാര്യ സഹമന്ത്രിയും ഇടക്കാലത്ത് മാനവവിഭവശേഷി സഹമന്ത്രിയുമായി ഈ കണ്ണൂര്‍ക്കാരന്‍.
പാര്‍ലമെന്റിലെ വിവിധ ഉപസമിതികൡും അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങളിലും അംഗമായി കഴിവുതെളിയിച്ച അഹ്മദ് യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നാവായിട്ടുണ്ട്. മുസ്‌ലിം ലോകത്തും ഏറെ പ്രിയങ്കരനായിരുന്നു ഈ നയതന്ത്രവിദഗ്ധന്‍.
കേന്ദ്രമന്ത്രി പദവി ലബ്ധിയിലൂടെ കേരളത്തിലേക്ക് വികസനം കൊണ്ടുവരാന്‍ അഹ്മദിന് സാധിച്ചു. അലീഗര്‍, ഇഫ്‌ളു ഓഫ് കാമ്പസുകള്‍, നിരവധി പുതിയ തീവണ്ടികളും പുതിയ പാതകളും, പാസ്‌പോര്‍ട്ട് ഓഫീസുകളും സേവാകേന്ദ്രങ്ങളും, ഹജ്ജ് ക്വാട്ടാ വര്‍ധനയും കരിപ്പൂര്‍ ഹജ്ജ് ഹൗസും, കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയും തുടങ്ങിയവ അവയില്‍ എടുത്തുപറയാവുന്നവയാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ അഹ്മദ് സുഹൃത്തായി.
പത്രപ്രവര്‍ത്തനം, നിയമം എന്നീ മേഖലകളിലും കൈയൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഇന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കഥ', 'ഞാനറിയുന്ന നേതാക്കള്‍', 'ഒരു വിദേശയാത്രയും കുറെ ഓര്‍മകളും' തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു.
2017 ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ വെച്ച് മരിച്ചു. ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൂന്ന് മക്കളുണ്ട്.