മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് യമനിലെ ഹദ്‌റമൗതിനടുത്ത തരീം എന്ന സ്ഥലത്ത് നിന്ന് കേരളത്തില്‍ കുടിയേറിയ ബാഫഖി കുടുംബത്തിലെ അംഗമാണ് മുസ്‌ലിം ലീഗിന്റെ നേതാവ് ഉമര്‍ ബാഫഖി തങ്ങള്‍. 1921 നവംബര്‍ 21ന് പരിശുദ്ധമായ മക്കയിലാണ് അദ്ദേഹത്തിന്റെ ജനനം. കല്‍ക്കത്തയില്‍ ബിസിനസ് നടത്തിയിരുന്ന സയ്യിദ് ഹുസൈന്‍ ബാഫഖിയുടെ മകന്‍ സയ്യിദ് ഹാശിം ബാഫഖിയാണ് പിതാവ്. മാതാവ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ സഹോദരി ശരീഫ റൗദ.
മക്കയില്‍ ജനിച്ചെങ്കിലും ജീവിതത്തിന്റെ അവസാന നാളുകള്‍വരെ ചെലവിട്ടത് കേരളത്തിലാണ്. മരണം സുഊദിയില്‍ വെച്ച് തന്നെ ആയതിനാല്‍ അദ്ദേഹത്തെ ഖബറടക്കിയിരിക്കുന്നത് മക്കയിലാണ്. കൊയിലാണ്ടി മഠത്തില്‍ സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും മക്കയിലെ ഒരു മതവിദ്യാലയത്തിലുമായാണ് പഠനം. 1940ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കച്ചവടത്തിലേര്‍പ്പെട്ടു. അമ്മാവനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ വഴികാട്ടി. കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റായി ലീഗിന്റെ നേതൃ രംഗത്തേക്ക് കടന്നുവന്നു. പിന്നീട് മലബാര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ അംഗമായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്‌ലിം ലീഗിലുണ്ടായ ആദ്യ പിളര്‍പ്പിനെ തുടര്‍ന്ന് അഖിലേന്ത്യാ ലീഗ് പക്ഷത്ത് നിലയുറപ്പിച്ച ബാഫഖി തങ്ങള്‍ അഖിലേന്ത്യ ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ വിമോചന സമരത്തില്‍ പങ്കെടുത്തതിന് 1959ലും അടിയന്തരാവസ്ഥക്കെതിരെ പ്രസ്താവന നടത്തിയതിന് അടിയന്തരാവസ്ഥക്കാലത്തും ഉമര്‍ ബാഫഖി തങ്ങള്‍ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യ തവണ 14 ദിവസവും രണ്ടാം തവണ ഒരു കൊല്ലവും രണ്ട് മാസവുമാണ് ജയിലില്‍ കിടന്നത്. 1967ല്‍ കൊണ്ടോട്ടിയില്‍ നിന്നും 1971ല്‍ താനൂരില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മുക്രി പെന്‍ഷന്‍ അനുവദിച്ചത് അദ്ദേഹം വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കുന്ന കാലത്താണ്.
ചന്ദ്രിക മാനേജിംഗ് ഡയരക്ടര്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ഖജാന്‍ജി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രസിഡന്റ്, നന്തി ദാറുസ്സലാം അറബിക് കോളജ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ പൊന്നാനി മഊനതുല്‍ ഇസ്‌ലാം സഭ, കാരന്തൂര്‍ മര്‍കസ്സുസഖാഫത്തിസ്സുന്നിയ്യ, സര്‍ സയ്യിദ് കോളജ് തുടങ്ങിയവയുടെ ഭരണസമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ സൈനബയാണ് ഭാര്യ. അഞ്ച് ആണും അഞ്ച് പെണ്ണുമായി 10 മക്കളുണ്ട്.