വിസ്മയിപ്പിക്കുന്ന പ്രതിഭാധനത്വം കൊണ്ട് കേരള മുസ്‌ലിം ചരിത്രത്തെ ജ്വലിപ്പിച്ച പേരുകളിലൊന്നാണ് കെ എം സീതി സാഹിബ്. കേരളത്തിലെ മുസ്‌ലിം ലീഗിന്റെയും കേരള നിയമസഭയുടെയുംഅമരത്തെത്തിയ അപൂര്‍വ ധിഷണാശാലിയാണ് സീതി സാഹിബ്.
1898 ആഗസ്ത് പതിനൊന്നിന് കൊടുങ്ങല്ലൂരിലെ വ്യവസായ പ്രമുഖനും ഉത്പതിഷ്ണു ആശയക്കാരനുമായ കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ് ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ഫാത്വിമയാണ് മാതാവ്. പിതാവില്‍ നിന്നും പിതാവിന്റെഉറ്റ സുഹൃത്തുക്കളായ സയ്യിദ് ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വും ഉത്സാഹവും സീതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിത്തീര്‍ന്നു. കൊടുങ്ങല്ലൂരിലെ ആദ്യത്തെ അഭിഭാഷകനായിരുന്നു. ശൈഖ് മാഹിന്‍ ഹമദാനി തങ്ങളുടെ ശിഷ്യത്വമാണ് തന്നെ എഴുത്തുകാരനും പ്രഭാഷകനുമാക്കിയതെന്ന് സീതി സാഹിബ് അനുസ്മരിച്ചിട്ടുണ്ട്.
മുസ്‌ലിം, മലബാര്‍ മുസ്‌ലിം, ഇസ്‌ലാം, സുപ്രഭാതം, കേരള വ്യാസന്‍ എന്നിവയിലെല്ലാം യുവാവായിരിക്കെ നിരവധി ലേഖനങ്ങള്‍ എഴുതി. അഴീക്കോട് പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ ലഭിച്ച മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ എന്ന കൂട്ടുകാരന്‍ പില്ക്കാലത്ത് സീതി സാഹിബിന്റെ സാമൂഹ്യവീക്ഷണങ്ങളിലും സഹചാരിയായി. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ദേശീയ നിലപാടുകളില്‍, പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, 'അല്‍അമീനി'ന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്കാന്‍ സീതിസാഹിബ് എന്നും കൂടെയുണ്ടായിരുന്നു.
1916ല്‍ വാണിയമ്പാടിയിലെ ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ സീതിസാഹിബ് പങ്കെടുത്തത് 18 വയസ്സുള്ളപ്പോഴാണ്. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതും സീതിസാഹിബായിരുന്നു. 1930ല്‍ ലാഹോര്‍ സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1933ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടതും 'സമുദായം' എന്ന സ്വപ്നം കാരണം തന്നെ. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും കൂടുതല്‍ ഉചിതമായ മാര്‍ഗം മുസ്‌ലിം ലീഗാണെന്ന തിരിച്ചറിവ് അന്ത്യം വരെ പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പിന്നീട് 1956 നവംബര്‍ 11ന് കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ്. ഇരുവരെയും ലീഗ് നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നതാകട്ടെ കെ എം മൗലവിയും. അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന സമുദായ പരിഷ്‌കരണാശയങ്ങളോട്ഏറെ അടുപ്പം കാണിക്കുകയും ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ഭാരവാഹിത്വത്തിലെത്തുകയും ചെയ്തിരുന്ന കെ എം മൗലവിയും സീതിസാഹിബും ബാഫഖി തങ്ങളും സ്വന്തം മതാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമുദായോന്നമനത്തിനായി ഒന്നിച്ചു നില്ക്കുകയായിരുന്നു.
1925ല്‍ തിരുവനന്തപുരം ലോ കോളെജില്‍ നിന്നാണ് സീതിസാഹിബ് നിയമ ബിരുദമെടുത്തത്. മദിരാശി ഹൈക്കോടതിയിലെപ്രഗത്ഭ അഭിഭാഷകനായിരുന്ന സി എസ് അനന്തകൃഷ്ണയ്യരുടെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അധികം വൈകാതെ ഗുരുവിനെപ്പോലെ ശിഷ്യനും പേരെടുത്ത വക്കീലായിത്തീര്‍ന്നു. 1928ല്‍ കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് കൊടുങ്ങല്ലൂര്‍ മുസ്‌ലിം നിയോജക മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1932ല്‍ എറണാകുളം വിട്ട് തലശ്ശേരിയിലേക്ക് അഭിഭാഷകനായെത്തിയതോടെയാണ് സീതി സാഹിബിന്റെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകളുടെ തുടക്കമായത്.
അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ ഘടകമായി രൂപപ്പെട്ട മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ സമ്മേളനം 1940 ഏപ്രില്‍ 29ന് കോഴിക്കോട്ട് നടന്നപ്പോള്‍ സീതി സാഹിബായിരുന്നു പ്രധാന സംഘടകന്‍. 1943 ജനുവരി 23ന്കോഴിക്കോട്ടുചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നു. സി എച്ച് മുഹമ്മദ്‌കോയ എന്ന പ്രതിഭാശാലിയായ രാഷ്ട്രീയ വ്യക്തിത്വം കടന്നുവരുന്നത് ഈ സംഘടനയിലൂടെയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ സീതി സാഹിബും. 1932 മാര്‍ച്ച് തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ 'ചന്ദ്രിക'യുടെ പിന്നിലുള്ള സുത്രധാരനും സീതി സാഹിബ് തന്നെ. 1960ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന കേരളത്തിന്റെ രണ്ടാം നിയമസഭയുടെ സ്പീക്കര്‍ കെ എം സീതിസാഹിബായിരുന്നു.
വായനയും എഴുത്തും പ്രഭാഷണവും സുന്ദരമായി സംഗമിച്ച ജീവിതമായിരുന്നു സീതി സാഹിബിന്റേത്. സി പി ഹൈദ്രോസിന്റെ നേതൃത്വത്തില്‍കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലബാര്‍ ഇസ്‌ലാം', എം അഹ്മദ് കണ്ണിന്റെ 'മുസ്‌ലിം മിത്രം', എം മുഹമ്മദ് കുഞ്ഞിയുടെ 'ഖിലാഫത് പത്രിക', ഇശാഅത്, മുസ്‌ലിം ഐക്യം, യുവലോകം, വക്കം മൗലവിയുടെ 'മുസ്‌ലിം', ദീപിക, അല്‍ ഇസ്‌ലാം എന്നിവയായിരുന്നു സീതി സാഹിബിന്റെ രചനകള്‍ പ്രകാശിച്ച പ്രസിദ്ധീകരണങ്ങള്‍. 'ഒരു മുസ്‌ലിം', 'ഒരു സത്യാന്വേഷി', 'ഒരു മാപ്പിള' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ തൂലികാനാമങ്ങള്‍. 'മൗലാനാ മുഹമ്മദലി', 'മുഹമ്മദലി ജിന്ന' എന്നിവ അദ്ദേഹമെഴുതിയജീവചരിത്രങ്ങളാണ്.