ഏറനാട്ടില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുത്ത പ്രമുഖനാണ് പി സീതിഹാജി. ജീവിത ലാളിത്യംകൊണ്ടും നര്‍മബോധംകൊണ്ടും പാര്‍ട്ടി പ്രതിബദ്ധതകൊണ്ടും പ്രവര്‍ത്തകരുടെ ഇഷ്ടപാത്രമായിരുന്നു ഈ എടവണ്ണക്കാരന്‍.
എടവണ്ണയിലെ പത്തായക്കോടന്‍ കോയ ഉമ്മറിന്റെ മകനായി 1932 ആഗസ്ത് 16ന് ജനിച്ചു. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിലൊതുങ്ങി. മരക്കച്ചവടമായിരുന്നു ജീവിതമാര്‍ഗം. നിലമ്പൂരിലെ തോട്ടങ്ങളില്‍ നിന്നുള്ള തടികള്‍ ചേര്‍ത്തുവെച്ച് കൂട്ടിക്കെട്ടി ചാലിയാര്‍ പുഴവഴി കോഴിക്കോട് കല്ലായിയിലെത്തിക്കും. പുഴയോടും ചുഴികളോടും പൊരുതിയുള്ള ജീവിതം പിന്നീട് സമുദായത്തിനുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റി പൊതുരംഗത്തേക്കിറങ്ങി.
ഏറനാട്ടിലെ ലീഗ് നേതാവ് ബാപ്പുകുരിക്കളാണ് സീതിയെ കൈപിടിച്ചുയര്‍ത്തിയത്. സി എച്ച് മുഹമ്മദ് കോയയെ രാഷ്ട്രീയ ഗുരുവായും കണ്ടു.
1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1980, 82, 87 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. 1991ല്‍ താനൂരിന്റെ പ്രതിനിധിയായാണ് സഭയിലെത്തിയത്, യു ഡി എഫ് മന്ത്രിസഭയെ നയിച്ച കെ കരുണാകരന്റെ താല്പര്യപ്രകാരം ചീഫ്‌വിപ്പ് പദവി ലഭിച്ചു, 1991ല്‍.
എന്നാല്‍, ഒരു വര്‍ഷം തികയുംമുമ്പുതന്നെ 1991 ഡിസംബര്‍ അഞ്ചിന് അദ്ദേഹം നിര്യാതനായി. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ പദവികള്‍ വിവിധ കാലങ്ങളില്‍ വഹിച്ചു.
ഇപ്പോഴത്തെ (2018) ഏറനാട് നിയമസഭാ മണ്ഡലം എം എല്‍ എ, പി കെ ബഷീര്‍ സീതിഹാജിയുടെ പുത്രനാണ്.
ഫലിതങ്ങളെ പ്രണയിച്ച നേതാവ്
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സീതിഹാജി ഉജ്വല പ്രഭാഷകനായിരുന്നു. സാമാജികരെ കുടുകുടാ ചിരിപ്പിക്കുന്ന നിയമസഭാ പ്രസംഗങ്ങളും പ്രവര്‍ത്തകരില്‍ വാനോളം ആവേശമുയര്‍ത്തുന്ന പൊതുപ്രസംഗങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 1980ല്‍ മലപ്പുറത്ത് നടന്ന ഭാഷാ സമരത്തിനെതിരെ വെടിയുതിര്‍ത്ത പോലീസിനെ വെല്ലുവിളിച്ച് അദ്ദേഹം നടത്തിയ ഉജ്വല പ്രസംഗം പ്രസിദ്ധമാണ്.
'ഡി വൈ എസ് പിയെ കൊന്നാലും വകുപ്പ് 302 ആണ്. ഡി വൈ എസ് പിക്ക് വെടിവെക്കാന്‍ മേലധികാരിയുടെ ഉത്തരവുവേണം. എന്നാല്‍ പത്തായക്കോടന്‍ സീതിയുടെ തോക്കിന് ആരുടെയും ഓര്‍ഡര്‍ വേണ്ട. ഓര്‍ത്തു നടന്നോ...' എന്ന് തുടങ്ങുന്ന പ്രസംഗം പ്രവര്‍ത്തകരെ വികാരം കൊള്ളിക്കുന്നതായിരുന്നു.
സീതിഹാജി ഫലിതങ്ങള്‍ പ്രസിദ്ധങ്ങളാണ്. നിയമസഭയില്‍ ഇ കെ നായനാര്‍, എം വി രാഘവന്‍, ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ രാഷ്ട്രീയ പ്രതിയോഗികളും സീതിഹാജിയും തമ്മില്‍ നടന്നിരുന്ന വാഗ്വാദങ്ങള്‍ പൊട്ടിച്ചിരികളുടെ അലകളുയര്‍ത്തിയിരുന്നതായി സഭാ രേഖകള്‍ പറയുന്നു.
ഒരിക്കല്‍ സീതിഹാജി പറഞ്ഞ ഇംഗ്ലീഷ് വാക്കിലെ തെറ്റ് ചൂണ്ടിക്കാട്ടി എം വി രാഘവന്‍ അദ്ദേഹത്തെ പിടികൂടി. ഉടന്‍ എഴുന്നേറ്റ് നിന്നു സീതിഹാജി പറഞ്ഞു. എനിക്കും നായനാര്‍ക്കും ഇംഗ്ലീഷ് പരിജ്ഞാനമില്ല. ഞങ്ങളുടെ വിദ്യാഭ്യാസം എല്‍ പി (ലോകപരിചയം) മാത്രമാണ്.
ഇതുകേട്ടതോടെ നായനാര്‍ എഴുന്നേറ്റു: 'സീതീ, എനിക്ക് ഇംഗ്ലീഷ് നല്ലപോലെ അറിയാം' (ശേഷം അദ്ദേഹം ഒഴുക്കോടെ ഇംഗ്ലീഷ് വാചകങ്ങള്‍ പറഞ്ഞു). സീതിഹാജി വിട്ടില്ല. അദ്ദേഹം പറഞ്ഞു. 'ഗാന്ധിജി ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാ സമരവും നടത്തിയതുകൊണ്ടൊന്നുമല്ല ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. ഞാനും നായനാരും ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഓടിപ്പോവുകയായിരുന്നു.