അബ്ദുല്ലാഹിബ്‌നു അബ്ദിര്‍റഹ്മാനുബ്നു ഫള്ല്‍ ബിന്‍ ബഹ്‌റാം അത്തമീമി പ്രമുഖ ഹദീസ് വ്യാഖ്യാതാവും കര്‍മശാസ്ത്ര വിശാരദനുമാണ്. ഹിജ്‌റ 181 ല്‍ സമര്‍ഖന്ദിലാണ് അദ്ദേഹത്തിന്റെ ജനനം. ഹദീസ് വിജ്ഞാനം ശേഖരിക്കുന്നതിലും അത് മനഃപാഠമാക്കുന്നതിലും പ്രത്യേക തല്പരനായിരുന്ന അദ്ദേഹം ഹദിസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടാനായി പല നാടുകളിലും സഞ്ചരിച്ചു. ഭൗതിക വിരക്തി, സൂക്ഷ്മത, സത്യസന്ധത, വിവേകം, മതഭക്തി തുടങ്ങിയ സദ്ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രോജ്ജ്വലമാക്കി. തന്റെ 75 ആമത്തെ വയസ്സില്‍ ഹിജ്‌റ 255 ല്‍ യൗമുത്തര്‍വിയ ദിവസം ആ മഹാപണ്ഡിതന്‍ ഇഹലോകവാസം വെടിത്തു. വെള്ളിയാഴ്ച അറഫാദിനത്തില്‍ ആണ് അദ്ദേഹത്തിന്റെ ജനാസ മറമാടപ്പെട്ടത്.
ഏകദേശം 3455 ഹദീസുകള്‍ ഉള്‍കൊള്ളുന്നതാണ് സുനനു അദ്ദാരിമി. വ്യത്യസ്ത കര്‍മാനുഷ്ഠാന അധ്യായങ്ങളിലായാണ് വിഷയങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. മുഖവുരയോട് കൂടിയ ഈ ഹദീസ് ഗ്രന്ഥത്തില്‍ പ്രവാചകന്റെ സ്വഭാവ സവിശേഷങ്ങള്‍, പ്രവാചകചര്യ അനുധാവനം ചെയ്യല്‍, വിജ്ഞാനത്തിന്റെ ശ്രേഷ്ഠത തുടങ്ങിയ അധ്യായങ്ങളിലായിട്ടുള്ള ഹദീസുകള്‍ കാണാന്‍ കഴിയും. തുടര്‍ന്ന് ശുദ്ധീകരണം, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങളിയ ക്രമത്തില്‍ ഹദീസ് വിഷയങ്ങള്‍ വിശദീകരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് വിവരിക്കുന്ന അധ്യായത്തോടുകൂടി അവസാനിക്കുന്നു. ഹദീസിന്റെ വിവിധ ഇനങ്ങളായ മര്‍ഫൂഅ്, മൗഖൂഫ്, മഖ്ത്വൂഅ്, മുത്തസ്വില്‍, മുന്‍ഖത്വിഅ്, സ്വഹീഹ്, ളഈഫ് തുടങ്ങിയവയെല്ലാം ഹദീസുകളുടെ സനദ് സഹിതം ഗ്രന്ഥ കര്‍ത്താവ് സുനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹദീസ് ഗ്രന്ഥപരമ്പരകളില്‍ സുനനുദാരിമി വിഖ്യാത ഗ്രന്ഥമായി ഹദീസ് പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്. എങ്കിലും മുസ്‌നദു ദാരിമി എന്ന് ഇതിന് പേര് പറയാവതല്ല എന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇമാം സുയൂത്വി പറയുന്നു: 'മുസ്‌നദ് ദാരിമി എന്ന് പ്രസ്തുത ഹദീസ് ഗ്രന്ഥത്തിന് പേര് പറയാവതല്ല, കാരണം മുസ്‌നദ് എന്നാല്‍ സ്വഹാബികളുടെ നാമങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയതിനാണ് ഉപയോഗിക്കുന്നത്. സുനന്‍ എന്ന് അതിനു പ്രയോഗിക്കാം. കാരണം കര്‍മശാസ്ത്ര പാഠങ്ങളുടെ ക്രമത്തില്‍ അധ്യായ ക്രമീകരണം നടത്തി ഹദീസുകള്‍ ചിട്ടപ്പെടുത്തി പറയുന്ന ഗ്രന്ഥത്തിനാണ് സുനന്‍ എന്നു പറയുന്നത്. ദാരിമിയുടെ ഗ്രന്ഥത്തില്‍ ഈ ഒരു രീതിയാണ് സ്വീകരിച്ചുകാണുന്നത്.
സുനനുദാരിമിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട രചനയാണ് ഫത്ഹുല്‍ മന്നാന്‍ ശറഹുവതഹ്ഖീഖു കിതാബ് അദ്ദാരിമി. നബീല്‍ ബ്‌നു ഹാശിം ബ്‌നു അബ്ദുല്ല അല്‍ അംരിയാണ് ഇതിന്റെ കര്‍ത്താവ്.