ഇമാം ബൈഹഖി എന്ന പേരില്‍ പ്രശസ്തനായ അഹ്മദ് ബ്‌നുല്‍ ഹുസൈനുബ്‌നു അലിയ്യുബ്‌നു മൂസാ അല്‍ഖുറാസാനി ഹിജ്‌റ 384 ല്‍ ബൈഹഖില്‍ ജനിച്ചു. നിരവധി ഗഹനമായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇമാം ബൈഹഖി ഹദീസ് വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. ബൈഹഖി വിജ്ഞാനം തേടിയുള്ള യാത്രകള്‍ നടത്തി. ഖുറാസാന്‍ നഗരങ്ങളായ ത്വൂസ്, ഹമദാന്‍, നൗഖാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ സഞ്ചരിച്ച ശേഷം വിശുദ്ധ ഹജ്ജ് കര്‍മം ചെയ്യാനായി അദ്ദേഹം മക്കയില്‍ പ്രവേശിച്ചു. അവിടെയുള്ള പണ്ഡിതരില്‍ നിന്ന് വിജ്ഞാനം ആര്‍ജിച്ച്, ഹജ്ജ് കര്‍മത്തിന് ശേഷം അദ്ദേഹം ഇറാഖീ പട്ടണപ്രദേശങ്ങളായ ബഗ്ദാദ്, കൂഫ എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. സ്വന്തം നാടായ ബൈഹഖിലേക്ക് മടങ്ങിയശേഷം ഗ്രന്ഥ രചനയില്‍ വ്യാപൃതനായി.
പ്രസിദ്ധ ഗ്രന്ഥമായ സുനനു ബൈഹഖി രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അസ്സുനനുസ്സുഗ്‌റാ, അസ്സുനനുല്‍ കുബ്‌റാ എന്നിവയാണത്. അസ്സുനനുല്‍ കുബ്‌റാ 10 വാള്യങ്ങളാണ്. ഈ ബൃഹത്തായ ഗ്രന്ഥ പരമ്പരക്ക് ഇമാം സ്വീകരിച്ച രിതീ ശാസ്ത്രവും അതിന്റെ സവിശേഷതകളും താഴെ പറയുന്നു.
1. അസ്സുനനുല്‍ കുബ്‌റയില്‍ ഹദീസ്, അസര്‍, പണ്ഡിതന്മാരുടെ ഉദ്ധരണി, കവിത എന്നിവ ഉദ്ദരിച്ചിട്ടുള്ളത് സനദിന്റെ (നിവേദക പരമ്പര) പിന്‍ബലത്തോട് കൂടിയാണ്. മുസ്‌നദ് ആയ ഗ്രന്ഥം എന്ന വിശേഷണത്തിന് ഇത് യോഗ്യമാവുന്നു.
2. അപരിചിത പദങ്ങളെ കൊണ്ടുള്ള സങ്കീര്‍ണത ഒഴിവാക്കി ഹദീസുകളില്‍ നിന്ന് എളുപ്പം നിര്‍ദ്ധാരണം സാധ്യമാക്കുന്ന വിധം വിധികളെയും ആശയങ്ങളെയും ഉള്‍കൊള്ളാന്‍ സാധിക്കുന്നു.
3. ഗ്രന്ഥത്തില്‍ അധ്യായങ്ങളെ ക്രമീകരിച്ചിരിക്കുന്നത് കര്‍മശാസ്ത്ര പാഠങ്ങള്‍ക്കനുസരിച്ചാണ്. വലിയ തലക്കെട്ടിന് കീഴില്‍ ഉപഅധ്യായങ്ങളായി വേര്‍തിരിച്ചു വിഷയക്രമീകരണം നടത്തിയതിനാല്‍ ഓരോ അധ്യായങ്ങളുമായും ബന്ധപ്പെട്ടുള്ള ഹദീസ് വിജ്ഞാനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.
4. വിധികള്‍ (ഹുക്മ്) ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ഹദീസുകളെയും ഹദീസ് ഇനങ്ങളുടെ വകഭേദങ്ങള്‍ പരിഗണിക്കാതെ ഇമാം തന്റെ സുനനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീകാര്യമായതിന്റെ മാനദണ്ഡം വ്യക്തമാക്കിക്കൊടുക്കുകയും അതനുസരിച്ച് പ്രവൃത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദുര്‍ബലതയുടെ കാരണങ്ങള്‍ വ്യക്തമാക്കി അത് സൂക്ഷിക്കാന്‍ ഉണര്‍ത്തുന്നു
5. കര്‍മശാസ്ത്രപരമായ പ്രയോജനം ലഭിക്കുമെന്നതിനാല്‍ ചില ഹദീസുകളുടെ ആവര്‍ത്തനങ്ങള്‍ സുനനില്‍ കാണാന്‍ കഴിയുന്നു.
6. മിക്ക സന്ദര്‍ഭങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത ഹദീസ്, പണ്ഡിതരുടെ പരമ്പരയില്‍ അവരുടെ ചുരുക്ക നാമങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ മുഴുവന്‍ പേര് പരാമര്‍ശിക്കുകയും ചെയ്യും.
7. ഹദീസുകളില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്ന വിധികള്‍ക്ക് (ഹുക്മ്) അനുയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ടുവരുന്നു.
സുനനുല്‍ കുബ്‌റയുടെ ഉപരിസൂചിത സവിശേഷതകള്‍ പരിഗണിച്ച് ഇബ്‌നുസ്വലാഹ് ഹദീസ് വിഷയത്തില്‍ അവലംബനീയമായ ആറാമത്തെ പ്രാമാണിക ഗ്രന്ഥമായി ഇതിനെ പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ബുഖാരി, മുസ്ലിം, സുനനു അബീദാവൂദ്, സുനനു ന്നസാഈ, സുനനു തിര്‍മിദി എന്നിവയ്ക്ക് ശേഷമുള്ള അവലംബക ഹദീസ് പ്രമാണഗ്രന്ഥമായി സുനനു ബൈഹഖി പരിഗണിക്കണമെന്ന അഭിപ്രായം ഈ ഗ്രന്ഥത്തിനുള്ള സ്വീകാര്യതയാണ് അറിയിക്കുന്നത്.
സുനനുസുഗ്‌റാ എന്നത് സുനനുല്‍ കുബ്‌റാ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപമാണ്. സുനനുല്‍ കുബ്‌റായില്‍ ഉള്ള ഹദീസുകളുടെ എണ്ണം ഇരുപതിനായിരമോ അതിലധികമോ ഹദീസുകളാണ്. എന്നാല്‍ സുനനു സുഗ്‌റയില്‍ നാലായിരത്തി നാനൂറ്റി എഴുപത്തിയെട്ട് (4478)ഹദീസുകള്‍ മാത്രമേയുള്ളൂ. സുനനുല്‍ കുബ്‌റയില്‍ ഇമാം ഒരു അധ്യായത്തില്‍ തന്നെ പത്തിലധികം ഹദീസുകളെ പരിചയപ്പെടുത്തുന്നു. എന്നാല്‍ സുഗ്‌റയില്‍ ഇത്രയധികം എണ്ണം ഹദീസുകളെ ഒരേ അധ്യായത്തില്‍ പരാമര്‍ശിക്കുന്നില്ല. കുബ്‌റയില്‍ സ്വഹീഹ്, ഹസന്‍, ദഈഫ് തുടങ്ങിയ വ്യത്യസ്ത പദവിയിലുള്ള ഹദീസുകളെ പരാമര്‍ശിക്കുന്നു. എന്നാല്‍ സുനനു സുഗ്‌റയില്‍ സ്വഹീഹായ ഹദീസുകളെ മാത്രമേ ഉള്‍കൊള്ളിക്കുന്നുള്ളൂ. സുനനു സുഗ്‌റയില്‍ ഇമാം ശാഫിയുടെ വാക്കുകള്‍ ധാരാളം വന്നതായി കാണാന്‍ കഴിയും. ഇമാം ബുഖാരിയുടെ രീതിശാസ്ത്രമനുസരിച്ചാണ് സുനനു കുബ്‌റയില്‍ ഹദീസുകള്‍ ഇമാം ക്രമീകരിച്ചിരിക്കുന്നത്.
ഇമാം ബൈഹഖിയുടെ രണ്ട് ഗ്രന്ഥങ്ങളും ഹദീസ് വിജ്ഞാന രംഗത്ത് സര്‍വ്വാംഗീകൃതമായ അവലംബ കൃതിയായി പരിഗണിക്കപ്പെടുന്നു.