യഹ്‌യബ്‌നു ശറഫ് അന്നവവി രചിച്ച പ്രശസ്ത ഹദീസ് സമാഹാര ഗ്രന്ഥമാണ് രിയാളുസ്സ്വാലിഹീന്‍ (സച്ചരിതരുടെ പൂങ്കാവനം). അബൂസക്കരിയ യഹ്‌യബ്‌നു ശറഫ് എന്നു പൂര്‍ണനാമമുള്ള അദ്ദേഹം ശാമിലെ 'നവ' എന്ന പ്രദേശത്താണ് ജനിച്ചത്. ഹിജ്‌റ 631 ല്‍ ജനിച്ച അദ്ദേഹത്തിന്റെ ജന്മനാടിനോട് പേരു ചേര്‍ത്തി നവവി എന്ന നാമധേയത്തില്‍ വിഖ്യാതനായി. അറബിഭാഷ, ഹദീസ്, കര്‍മശാസ്ത്രം, ജീവചരിത്രം തുടങ്ങിയ മേഖലയില്‍ പഠനാര്‍ഹമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. നവവി ഇമാം ശാഫിയുടെ ശൈഖ് (ശൈഖുശ്ശാഫി) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. ശാഫിഈ കര്‍മസരണിയെയും അദ്ദേഹത്തിന്റെ പ്രമാണബന്ധമായ വീക്ഷാഗതികളെയും നവവി ക്രമപ്പെടുത്തി അതിന് സംശോധനയും നടത്തിയ കാരണത്താല്‍ നവവി ശാഫിഈ മദ്ഹബിന്റെ പണ്ഡിതനായി അറിയപ്പെടുന്നു.
നബി(സ്വ)യില്‍ നിന്ന് സ്വഹീഹായ നിവേദക പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ സമാഹാരമാണ് റിയാളുസ്സ്വാലിഹീന്‍. വിശ്വാസം, ജീവിതം, ആചാരമര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അധ്യായക്രമത്തില്‍ വിവിധ തലകെട്ടുകളിലായി ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ സഹിതം ക്രമീകരിച്ചിരിക്കുന്നു. സ്വഹാബികളില്‍ നിന്നോ അപൂര്‍വ്വമായി ത്വാബിഈകളില്‍ നിന്നോ ആരംഭിക്കുന്ന ഹ്രസ്വമായ നിവേദക പരമ്പര ഉദ്ധരിച്ചു കൊണ്ട് 1903 ഹദീസുകള്‍ ഈ ഗ്രന്ഥത്തില്‍ സമാഹരിക്കപ്പെട്ടതായി കാണാന്‍ കഴിയും. ആത്മാര്‍ഥത, നിയ്യത്ത്(ഇഖ്‌ലാസ്), തൗബ, ക്ഷമ, സത്യസന്ധത, സുക്ഷ്മനീരിക്ഷണം, മതവിശ്വാസം, തവക്കുല്‍, ഇസ്തിഖാമത്ത്(നേരെ ചൊവ്വെ നിലനില്‍ക്കല്‍), നന്മകളിലേക്ക് ധൃതികാണിക്കല്‍, ധര്‍മസമരം, തുടങ്ങിയ അധ്യായങ്ങള്‍ ആദ്യഭാഗത്ത് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇവ്വിഷയകമായുള്ള ഖുര്‍ആന്‍ സൂക്തങ്ങളെ ആദ്യം പരാമര്‍ശിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ടറുടെ പേരെടുത്ത് ഉദ്ധരിച്ചു കൊണ്ട് ഹദീസുകള്‍ പറയുന്ന ശൈലിയാണ് റിയാളുസ്സ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വീകരിച്ചു കാണുന്നത്. റിയാളുസ്സ്വാലിഹീന്‍ മിന്‍ കലാമി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഇമാം നവവിയുടെ വിഖ്യാത ഹദീസ് സമാഹാര ഗ്രന്ഥത്തിന് ശൈഖ് മുഹമ്മദ് ബ്‌നുസ്സ്വാലിഹ് അല്‍ഉസൈമീന്‍ ശര്‍ഹ്(വിശദീകരണം) എഴുതിയിട്ടുണ്ട്. ശൈഖ് അല്‍ഉസൈമീന്‍ തന്റെ വിശദീകരണ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ഇമാം നവവിയുടെ മൂലഗ്രന്ഥമായ റിയാളുസ്സ്വാലിഹീന് നല്‍കിയ ആമുഖക്കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.