പ്രസിദ്ധ ഹദീസ് സമാഹാര ഗ്രന്ഥമായ ബുലൂഗുല്‍ മറാമിന്റെ കര്‍ത്താവ് പ്രമുഖ ഹദീസ് വ്യാഖ്യാതാവും പണ്ഡിതനുമായ ഇബ്‌നു ഹജറുല്‍ അസ്ഖലാനിയാണ്. ഹിജ്‌റ 773ല്‍ കൈറോ പട്ടണത്തില്‍ ജനിച്ച ഇബ്‌നു ഹജര്‍ കിനാന ഗോത്രത്തില്‍ പെട്ടയാളാണ്. അല്‍ ഇസ്വാബത്തുഫീ തംയീസിസ്സ്വഹാബ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുഹജര്‍ അസ്ഖലാനിയെ 'അമീറുല്‍ മുഅ്മീനീന്‍ ഫില്‍ഹദീസ്' എന്ന് വിശേഷിപ്പിച്ചതായി കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ കുടുംബം അസ്ഖലാന്‍ പട്ടണവാസികളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പെ ഈജിപ്തിലേക്ക് പലായനം ചെയ്തു. ഇബ്‌നുഹജര്‍ 12 ആം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. മക്കയിലേക്ക് യാത്ര തിരിച്ച പ്രമുഖ ഹദീസ് പണ്ഡിതനായ അബ്ദുല്ല ബ്‌നു സുലൈമാന്‍ അന്നശാവിരിയില്‍ നിന്ന് ഹദീസ് വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാനായി ഒരു വര്‍ഷം അവിടെ താമസിച്ചു.
ബൂലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം എന്ന ഇബ്‌നുഹജറിന്റെ ഈ ഹദീസ് ഗ്രന്ഥം മത നിയമങ്ങളെയും അനുഷ്ഠാന മുറകളെയും പ്രമാണികമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ക്കുപോലും പ്രഥമ ഘട്ടത്തില്‍ അവലംബിക്കാവുന്ന ഒന്നാണ്. ഹദീസ് വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍ക്കും ഇത് മികച്ച അവലംബ കൃതിയാണ്. ഗ്രന്ഥത്തിന്റെ മുഖവുരയില്‍ സുചിപ്പിക്കുന്ന പ്രകാരം 1596 ഹദീസുകള്‍ ഇതില്‍ ഉള്‍കൊണ്ടിട്ടുണ്ട്. തന്റെ മകനായ ബദറുദ്ദീന്‍ അബുല്‍ മആനിയെ ഹദീസ് വിജ്ഞാനീയങ്ങളില്‍ വ്യുല്പത്തിയുള്ള നല്ല ഒരു പണ്ഡിതനാക്കാണമെന്ന ആഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം ഇബ്‌നുഹജര്‍ രചിച്ചതെന്ന് ഇമാം ഹാഫിള് സഖാവി പറയുന്നു. ബുഖാരി, മുസ്‌ലിം ഉള്‍പ്പെടെ 6 സ്വീകാര്യയോഗ്യമായ ഹദീസ് സമാഹാര ഗ്രന്ഥങ്ങളില്‍ നിന്നാണ് ഇബ്‌നുഹജര്‍ ബുലൂഗുല്‍ മറാമിലേക്ക് ഹദീസുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ ആഭ്യഭാഗത്ത് ശുദ്ധീകരണം, നമസ്‌കാരം, ജനാഇസ്, സകാത്ത്, നോമ്പ്, ഹജ്ജ്, കച്ചവടം, വിവാഹം, കുറ്റകൃത്യങ്ങള്‍, ശിഷാവിധികള്‍, ജിഹാദ്, ഭക്ഷണരീതികള്‍, സത്യം ചെയ്യല്‍, വിധി, അടിമമോചനം, തുടങ്ങിയ അധ്യായങ്ങളിലായിട്ടാണ് ഹദീസ് വിജ്ഞാനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഹദീസും സ്വിഹാഹുസ്സിത്തയില്‍ ( സ്വീകാര്യയോഗ്യമായ ഹദീസുകളുടെ ആറ് സമാഹാര ഗ്രന്ഥങ്ങളില്‍) നിന്നും മുസ്‌നദ് അഹ്മദില്‍ നിന്നുമുള്ള സ്വഹീഹായ ഹദീസുകളെ നിവേദക പരമ്പര സഹിതം ഉദ്ധരിച്ചശേഷം പ്രസ്തുത ഹദീസിന്റെ പദവി കൂടി വ്യക്തമാക്കുന്ന രീതിയാണ് ഇബ്‌നുഹജര്‍ ബുലൂഗുല്‍ മറാമില്‍ സ്വീകരിച്ചിരിക്കുന്നത്.
ബുലൂഗുല്‍ മറാം മിന്‍ അദില്ലത്തില്‍ അഹ്കാം എന്ന ഹദീസ് ഗ്രന്ഥത്തിന് നിരവധി വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എഴുതപ്പെട്ടിരുന്നു പ്രധാനമായവ താഴെ പറയുന്നു.
1. സുബ്‌ലുസ്സലാം (മുഹമ്മദുബ്‌നുഇസ്മാഈല്‍ അസ്സ്വന്‍ആനി)
2. അല്‍ഇഫ്ഹാം (അബ്ദുല്‍ അസീസുബ്‌നു അബ്ദുല്ലാ അറാജിഹി)
3. മന്‍ഹത്തുല്‍ അല്ലാം (ശൈഖ് അബ്ദുല്ലാ അല്‍ഫൗസാന്‍)
4. ശറഹു ബുലൂഗുല്‍ മറാം (അബ്ദുല്‍ കരിം അല്‍ഖളീര്‍)
മുഹമ്മദ് ഇസ്മാഈല്‍ അസ്സന്‍ആനി രചിച്ച സുബുലുസ്സലാം എന്ന വ്യാഖ്യാനഗ്രന്ഥം പ്രബലമായ ഹദീസുകളെയും വിധി സംബന്ധമായ പ്രവാചക വചനങ്ങളെയും സമാഹരിച്ച് കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്, സാമാന്യം ദീര്‍ഘമായവയുടെ ആശയം ചോര്‍ന്നു പോകാതെ സംക്ഷിപ്തമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഓരോ ഹദീസിന്റെയും സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ സ്വഹീഹ്, ഹസന്‍, ദഈഫ് തുടങ്ങിയ പദവി നിര്‍ണ്ണയിച്ച് കൊണ്ടുള്ള വിശദീകരണവും കാണാന്‍ കഴിയും. ദുര്‍ബലമായവ പരാമര്‍ശിക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ കൂടി ശ്രദ്ധയില്‍ പെടുത്തുന്നു.