Skip to main content

കന്‍സുല്‍ ഉമ്മാല്‍

കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്‌വാലി വല്‍ അഫ്ആല്‍ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവ് അലാഉദ്ദീന്‍ അലിയ്യുബ്‌നു ഹിസാമുദ്ദീന്‍ ഇബ്‌നുഖാളിയാണ്. അല്‍മുത്തഖി അല്‍ഹിന്ദി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഹിജ്‌റ 885 ല്‍ ജനിച്ച അലാഉദ്ദീന്‍ ഹനഫി കര്‍മശാസ്ത്രജ്ഞനും സുക്ഷ്മതയുള്ള പണ്ഡിതനുമാണ്. ഇന്ത്യക്കാരനായ അദ്ദേഹത്തിന്റെ നാട് ദുകന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട ബറന്‍ഫൂര്‍ ആണ്. ഗുജറാത്തുകാരനായ സുല്‍ത്താന്‍ മഹ്മൂദിന്റെയടുത്ത് ഉന്നതപദവിയുള്ള പണ്ഡിതന്‍ കൂടിയായായിരുന്നു  അലാഉദ്ദീന്‍. മക്കയിലും മദീനയിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച പ്രധാനകൃതികള്‍  കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്‌വാലി വല്‍ അഫ്ആല്‍, ഇര്‍ശാദുല്‍ ഇര്‍ഫാന്‍ വഇബാറത്തില്‍ ഈമാന്‍, അല്‍ബുര്‍ഹാനുല്‍ ജലിയ്യ് ഫീ മഅ്‌രിഫത്തില്‍ വലിയ്യ് എന്നിവയാണ്.

കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍ അഖ്‌വാലി വല്‍ അഫ്ആല്‍ എന്ന ഗ്രന്ഥം കന്‍സുല്‍ ഉമ്മാല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. അല്‍ജാമിഅ് സഗീര്‍, സുയൂഥിയുടെ ജംഉല്‍ ജവാമിഅ് എന്നീ ഗ്രന്ഥങ്ങളുടെ സമാഹാരമാണ് യഥാര്‍ഥത്തില്‍ കന്‍സുല്‍ ഉമ്മാല്‍ എന്ന ഗ്രന്ഥം.

ഹജ്‌റ 953-ല്‍ തന്റെ 67-ാമത്തെ വയസ്സില്‍ ഹദീസ് പഠനത്തിനായി ശൈഖ് അലാഉദ്ദീന്‍ അലിയ്യുല്‍ മുത്തഖി ജസീറത്തുല്‍ അറബിലേക്ക് പോയി. ഹാഫിസ് ഇബ്നു ഹജറുല്‍ ഹൈതമി, ശൈഖ് അബുല്‍ഹസന്‍ അല്‍ബകരി, ശൈഖ് മുഹമ്മദുബ്‌നു മുഹമ്മദിസ്സഖാവി തുടങ്ങി എണ്ണമറ്റ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. ഹദീസ് വിഷയത്തിലുള്ള ഒടുങ്ങാത്ത വിജ്ഞാന ദാഹം ഇവ്വിഷയകമായി ഗഹനമായ പഠനത്തിന് വഴി തെളിയിച്ചു. ഹദീസ് വിജ്ഞാന കോശം ലോകത്തിന് സംഭാവന ചെയ്യാനുള്ള വൈജ്ഞാനിക സപര്യയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അങ്ങനെ ഹിജ്‌റ 957 മുതല്‍ 971 വരെയുള്ള കാലഘട്ടത്തിലെ തീവ്രശ്രമത്തിലൂടെ 'കന്‍സുല്‍ ഉമ്മാല്‍ ഫീസുനനില്‍  അഖ്‌വാലി വല്‍ അഫ്ആല്‍' എന്ന ഹദീസ്  വിജ്ഞാന കോശത്തിന്റെ രചന അദ്ദേഹം പൂര്‍ത്തീകരിച്ചു. 50000 ഓളം ഹദീസുകളുടെ സമാഹാരമായ ഈ വിജ്ഞാനകോശത്തില്‍ ഹദീസുകളെ കര്‍മശാസ്ത്ര അധ്യായങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിരുന്നു.

 

 

Feedback