Skip to main content

മലക്കുകളുടെ സൃഷ്ടിപ്പ്

മനുഷ്യന്റെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത അഭൗതിക സൃഷ്ടികളായ മലക്കുകളുടെ രൂപവും പ്രകൃതിയും നമുക്ക് അജ്ഞാതമാണ്. അതിനാല്‍ അദൃശ്യരായ ഈ സൃഷ്ടികളെപ്പറ്റി അല്ലാഹുവും റസൂലും(സ) പറഞ്ഞുതന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കാനേ നമുക്ക് കഴിയുകയുള്ളൂ. മലക്കുകള്‍ ചിറകുകളുള്ള ഒരുതരം അദൃശ്യ സൃഷ്ടികളാണെന്ന് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. 

അല്ലാഹു പറയുന്നു: 'ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന് സ്തുതി. മലക്കുകളെ ദൂതന്മാരാക്കിയവനാണവന്‍. രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ളവരാണവര്‍. സൃഷ്ടിയിലവന്‍ ഉദ്ദേശിക്കുന്നവിധം വര്‍ധിപ്പിക്കുകയും ചെയ്യും. നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ' (35:1)

ഇബ്‌നു മസ്ഊദ്(റ) പറയുന്നു. നബി(സ) ജിബ്‌രീലിനെ (അ) സാക്ഷാല്‍ രൂപത്തില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് 600 (അറുന്നൂറ്) ചിറകുകളുണ്ടായിരുന്നു. (തിര്‍മിദി, ബുഖാരി, മുസ്്‌ലിം, അഹ്മദ്).

ആഇശ(റ) പറയുന്നു: നബി(സ) ഇപ്രകാരം വിശദീകരിക്കുന്നു. 'മലക്കുകളെ പ്രകാശത്തില്‍ നിന്നും ജിന്നുകളെ ശുദ്ധമായ അഗ്നിനാളങ്ങളില്‍ നിന്നും മനുഷ്യനെ നിങ്ങള്‍ക്ക് പറഞ്ഞുതന്നതില്‍ (കളിമണ്ണില്‍) നിന്നും സൃഷ്ടിച്ചിരിക്കുന്നു' (മുസ്ലിം, അഹ്മദ്).

അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളും അതിശക്തരുമായ മലക്കുകള്‍ അവരുടെ പദവികളില്‍ വ്യത്യാസമുള്ളവരാണ്. മലക്കുകളുടെ തലവനും അല്ലാഹുവുമായി ഏറെ സമീപസ്ഥനും ഉന്നതസ്ഥാനീയനും ജിബ്‌രീല്‍(അ) ആണ്. അദ്ദേഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ശദീദുല്‍ ക്വുവാ (നജ്മ് 53:5) എന്നാണ്. അതി ശക്തന്‍ എന്നര്‍ഥം. മലക്കുകളെ, അവരുടെ സാക്ഷാല്‍ രൂപത്തില്‍ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കുകയില്ല. മുഹമ്മദ്(സ) മുഅ്ജിസത്ത് എന്ന നിലയില്‍ ജിബ്‌രീല്‍ എന്ന മലക്കിനെ യഥാര്‍ഥവും സമ്പൂര്‍ണ്ണവുമായ ആകാരത്തില്‍ രണ്ടു തവണ കണ്ടതായി വിശുദ്ധ ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. ഭീമാകാരനായി രണ്ടുതവണ പ്രത്യക്ഷപ്പെട്ടപ്പോഴും താന്‍ ശക്തിയായി ഭയപ്പെട്ടിട്ടുണ്ടെന്ന് നബി(സ) വ്യക്തമാക്കുകയുണ്ടായി.

മസ്‌റൂഖ്(റ) പറയുന്നു: 'ഞാന്‍ പ്രവാചക പത്‌നി ആഇശ(റ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, (സൂറത്തുനജ്മ് 13-ാം വക്യത്തിലും സൂറത്തു തക്‌വീര്‍ 23-ാം വാക്യത്തിലും) പരാമര്‍ശിക്കപ്പെട്ടത് ആരെപ്പറ്റിയാണെന്ന് നിങ്ങളെനിക്ക് അറിയിച്ചു തന്നാലും, ആഇശ(റ) പറഞ്ഞു: ഇതേപ്പറ്റി റസൂലിനോട് ആദ്യമായി ചോദിച്ചത് ഞാനാണ്. അദ്ദേഹം പറഞ്ഞു. അത് ജിബ്‌രീലാണ്. അദ്ദേഹം സൃഷ്ടിക്കപ്പെട്ട രൂപത്തില്‍ ഈ രണ്ടു തവണയല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ജിബ്‌രീല്‍ ആകാശത്തില്‍ നിന്ന് ഇറങ്ങിവരുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകാര വലിപ്പം ആകാശഭൂമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു (തിര്‍മിദി, മുസ്ലിം).

വഹ്‌യും കൊണ്ടുള്ള ജിബ്‌രീല്‍(അ)ന്റെ ആഗമനം നബി(സ)ക്ക് ശാരീരികമായി അതീവ അസ്വസ്ഥതകളുണ്ടാക്കിയിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു. 'ആഇിശ(റ) പറഞ്ഞു. അദ്ദേഹത്തിന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കെ നല്ല തണുപ്പുള്ള ദിവസമാണെങ്കിലും അവിടത്തെ നെറ്റിയില്‍ നിന്ന് വിയര്‍പ്പൊഴുകുന്നതും അദ്ദേഹം ഞെരുക്കം അനുഭവിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446