Skip to main content

ബൈത്തുല്‍ മഅ്മൂര്‍

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്വൂറില്‍ നാലാമത്തെ സൂക്തത്തില്‍ അല്ലാഹു ബൈത്തുല്‍ മഅ്മൂറിനെ സത്യം ചെയ്തുകൊണ്ട് പറയുന്നു: നിത്യം പേരുമാറ്റപ്പെടുന്നതും ഉപയോഗിക്കപ്പെട്ടു വരുന്നതുമായ മന്ദിരം (അല്‍ബൈത്തുല്‍ മഅ്മൂര്‍) തന്നെയാണ് സത്യം. ഇത് വിശുദ്ധ കഅ്ബയെയാണ് കുറിക്കുന്നത്. അനേകം പേര്‍ നിത്യവും ത്വവാഫ്, നമസ്‌കാരം തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ക്കായി ആ വിശുദ്ധ ഭവനത്തില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെ സ്ഥാപന കാലം മുതല്‍ ഏറ്റക്കുറവോട് കൂടിയാണെങ്കിലും ആ നില തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

അല്‍ബൈത്തുല്‍ മഅ്മൂര്‍ എന്ന പേരില്‍ മലക്കുകള്‍ നിത്യവും ആരാധന നട ത്തിക്കൊണ്ടിരിക്കുന്ന ഒരു മന്ദിരം ആകാശത്ത് സ്ഥിതി ചെയ്യുന്നതായി പല നബി വചനങ്ങളിലും വന്നിട്ടുണ്ട്. അതാണ് ഇവിടെയും ഉദ്ദേശ്യമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മിഅ്‌റാജ്(റസൂലിന്റെ വാനയാത്ര)ന്റെ ഹദീസില്‍ നബി(സ) ഇപ്രകാരം പ്രസ്താവിക്കുന്നു.

'പിന്നീട് എന്നെ ബൈത്തുല്‍ മഅ്മൂറിലേക്ക് ഉയര്‍ത്തപ്പെട്ടു നോക്കുമ്പോള്‍ അതില്‍ ദിനംപ്രതി എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അവര്‍ അതില്‍ നിന്ന് മടങ്ങി വരുന്നതല്ല' (ബുഖാരി, മുസ്‌ലിം).
 

Feedback