Skip to main content

മലഉല്‍ അഅ്‌ലാ

വിശുദ്ധ ഖുര്‍ആനില്‍ മലക്കുകളെപ്പറ്റി വന്ന ഒരു പരാമര്‍ശമാണ്  'അല്‍ മലഉല്‍ അഅ്‌ലാ'. അല്‍ മലഉല്‍ അഅ്‌ലാ എന്ന വാക്കിന്റെ അര്‍ഥം ഉന്നത സമൂഹം എന്നാണ്. മലഉല്‍ അഅ്‌ലാ എന്നത് മലക്കുകള്‍ക്ക് പൊതുവില്‍ പറയപ്പെടുന്ന പേരാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മലക്കുകളില്‍ തന്നെ പ്രത്യേക വിഭാഗത്തിന് മാത്രമേ ആ പേര് പറയപ്പെടുന്നുള്ളൂ എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരും ഉണ്ട്. വാനലോകത്തുള്ള മലക്കുകളെക്കുറിച്ച് തന്നെയാണ് വിശുദ്ധ ഖുര്‍ആനില്‍ മലഉല്‍ അഅ്‌ലാ എന്ന പ്രയോഗം നടത്തിയിട്ടുള്ളത് എന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു.

സൂറത്തു സ്സ്വാദില്‍ നരകവാസികള്‍ തമ്മില്‍ നടക്കുന്ന വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷം പ്രവാചകന്‍(സ)യോട് പറയാന്‍ വേണ്ടി അല്ലാഹു കല്‍പ്പിക്കുന്നു. '…മലഉല്‍ അഅ്‌ലായെ (ഉന്നത സമൂഹത്തെക്കുറിച്ച്) അവര്‍ വിവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഞാനൊരു പ്രത്യക്ഷനായ താക്കീതുകാരനാണ് എന്നതിനാലല്ലാതെ എനിക്ക് വഹ്‌യ്(ദിവ്യബോധനം) നല്‍കപ്പെടുന്നില്ല.' (38:69-70). 

ആദം(അ)മിനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ മലക്കുകള്‍ അതിന് പറഞ്ഞ മറുപടി(2:30)യാണ് വിവാദം എന്നതുകൊണ്ടുള്ള വിവക്ഷ. അപ്പോള്‍ 'മലഉല്‍ അഅ്‌ലാ' എന്നതുകൊണ്ട് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നത് വാനലോകത്തുള്ള മലക്കുകള്‍ ആണ് എന്ന് വളരെ വ്യക്തമാണ്. 

മലഉല്‍ അഅ്‌ലായില്‍ (മലക്കുകളാകുന്ന ഉന്നത സമൂഹത്തില്‍) നിന്ന് വല്ലതും കട്ടുകേള്‍ക്കാനായി ഉപായത്തില്‍ ആകാശത്തിലേക്ക് കയറിചെല്ലുന്ന മുരട്ടു ശീലക്കാരായ പിശാചുക്കളെ എറിഞ്ഞാട്ടുവാനും അവരില്‍ നിന്നും ആകാശത്തെ സംരക്ഷിക്കാനും അല്ലാഹു നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമേ വമ്പിച്ച നരകശിക്ഷയും ഇക്കൂട്ടര്‍ക്കുണ്ടായിരിക്കും. ഉപായത്തില്‍ മലക്കുകളാകുന്ന മലഉല്‍ അഅ്‌ലായില്‍ നിന്ന് എന്തെങ്കിലും ഒരു വാര്‍ത്ത പിശാചുക്കള്‍ തട്ടിയെടുത്താല്‍ ഉടനെ തുളച്ചു ചെല്ലുന്ന ഒരു തീജ്വാല പിന്തുടര്‍ന്ന് അവരെ നശിപ്പിക്കുകയും ചെയ്യും. (37:8-10) മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളുടെ ഉന്നത സമൂഹമാണെന്ന് ഉപരി സൂചിത സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു.

മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശം മലക്കുകള്‍ തന്നെയാണെന്ന് ഹദീസുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു (അഹ്മദ്, തിര്‍മിദി). ഇവിടെ മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച മലക്കുകള്‍ ആണെന്ന് മുബാറക് ഫൂരി തന്റെ വിശദീകരണത്തില്‍ പറയുന്നത് സൂറത്തുല്‍ സ്വാദിലെ 6-ാമത്തെ സൂക്തത്തില്‍ മലഉല്‍ അഅ്‌ലാ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് ഇബ്‌നുജരീര്‍ ത്വബ്‌രി, ഇബ്‌നു അബ്ബാസ്, ഖആദ തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 

Feedback