Skip to main content

ലൗഹുല്‍ മഹ്ഫൂദ്

അല്ലാഹുവിങ്കല്‍ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാന രേഖയാണ് ലൗഹല്‍ മഹ്ഫൂദ്. സുരക്ഷിത ഫലകം എന്ന് അതിന് അര്‍ഥം പറയാം. ആകാശഭൂമിയിലുളളതെല്ലാം ഓരോ വസ്തുവിന്റെയും ഭൂതവര്‍ത്തമാന ഭാവി കാര്യങ്ങള്‍ ഉള്‍പ്പടെ സര്‍വ്വതിനെക്കുറിച്ചും സസൂക്ഷ്മം ജ്ഞാനമുള്ള അല്ലാഹുവിന്റെയടുക്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട ജ്ഞാനരേഖയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ഫലകത്തില്‍ യാതൊന്നും വര്‍ധിപ്പിക്കുവാനോ, കുറക്കാനോ ആര്‍ക്കും കഴിയാത്തവിധം ഭദ്രവും സുരക്ഷിതവുമായി നിലനില്‍ക്കുന്നു. 

ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എവിടെയാണ്, അതിന്റെ സ്വഭാവമെന്താണ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ കഴിയുന്നതല്ല. അല്ലാഹുവും റസൂലും അറിയിച്ചുതന്നത് അതേപ്രകാരം ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ഖുര്‍ആനടക്കം അല്ലാഹു ആ ജ്ഞാന രേഖയില്‍ പലതും രേഖപ്പെടുത്തിവെച്ചിരിക്കുന്നു. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ആര്‍ക്കും അതിനെപ്പറ്റി അറിയുന്നതല്ല എന്നും നമുക്ക് ഗ്രഹിക്കാം. 

അല്‍ ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എന്ന പ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ വന്നത് ഒരിടത്ത് മാത്രമാണ്. 'പക്ഷേ, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സുരക്ഷിതമായ ഒരുഫലകത്തിലാണ് (അതുള്ളത്).' (85:21,22) വിശുദ്ധ ഖുര്‍ആനാകുന്ന ദൈവിക വചനം അന്തിമ വേദഗ്രന്ഥമാണ്. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗമാവുന്ന രൂപത്തില്‍ അക്ഷരത്തിലോ, ആശയത്തിലോ യാതൊരു മാറ്റത്തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കും. അതിന്റെ സംരക്ഷണം അവന്‍ തന്നെ ഏറ്റെടുത്തതാണ്. അല്ലാഹു പറയുന്നു. 'നിശ്ചയമായും നാം തന്നെയാണ് (ഈ) പ്രമാണത്തെ(ഖുര്‍ആനിനെ) അവതരിപ്പിച്ചത്. നാം തന്നെ അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളാം' (15:9).

അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പടെ അവന്റെ സൃഷ്ടികളായ മനുഷ്യരുടെ ഭൂതഭാവിവര്‍ത്തമാന കാര്യങ്ങളും, മുഴുവന്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമായ രേഖയില്‍ എഴുതിസൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അവിടെയൊന്നും ആ രേഖക്ക് ലൗഹുല്‍ മഹ്ഫൂള് എന്ന പേര് പറയപ്പെട്ടിട്ടില്ലെങ്കിലും ജ്ഞാന രേഖയാണ് ഉദ്ദേശ്യമെന്ന് ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അല്‍ കിതാബ്, അല്‍ ഇമാമുല്‍ മുബീന്‍, ഉമ്മുല്‍ കിതാബ് തുടങ്ങിയ പദങ്ങളിലൂടെയാണ് ചില സൂറത്തുകളില്‍ അതിനെ പരിചയപ്പെടുത്തിയത്: 'നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളത് (ഒക്കെയും) അറിയുന്നുവെന്ന്? നിശ്ചയമായും അത് (മുഴുവന്‍) ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഉണ്ട്. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമത്രെ' (22:70).

'ഭൂമിയിലാകട്ടെ, നിങ്ങളില്‍ (നിങ്ങളുടെ ദേഹങ്ങളില്‍) തന്നെയാകട്ടെ, ഏതൊരു ബാധയും അഥവാ (ആപത്തും) നാം അതിനെ സൃഷ്ടിക്കുന്നതിന് മുമ്പായി അതൊരു രേഖാ ഗ്രന്ഥത്തില്‍ ഇല്ലാതെ-ബാധിക്കുകയില്ല. നിശ്ചയമായും അത് (രേഖപ്പെടുത്തല്‍) അല്ലാഹുവിന്ന് നിസാരമാകുന്നു' (57:22).

'നിശ്ചയമായും നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. അവര്‍ മുന്‍ചെയ്ത് വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവുംതന്നെ ഒരു സ്പഷ്ടമായ രേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.' (36:12) 

നന്മയും തിന്മയുമായി മനുഷ്യന്‍ ചെയ്യുന്ന സകല കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏട് (കര്‍മങ്ങളുടെ രേഖ) വിചാരണയുടെ മുന്നോടിയായി ഓരോരുത്തര്‍ക്കും നല്‍കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്. ഇതിനുപുറമെ മനുഷ്യ കര്‍മങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതാണ് ഇമാമുന്‍ മുബീന്‍ (സ്പഷ്ടമായ രേഖ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഏടുകള്‍(സുബുര്‍) എന്ന് വിശുദ്ധ ഖുര്‍ആനില്‍ ലൗഹുല്‍ മഹ്ഫൂളിനെ ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിച്ചതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. 'അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്. എല്ലാ ചെറുതും വലുതുമായ (കാര്യവും) എഴുതിരേഖപ്പെടുത്തപ്പെട്ടിരിക്കുന്നു' (54:52,53).

അല്ലാഹുവിന് എല്ലാറ്റിനെക്കുറിച്ചും പൂര്‍വനിശ്ചയമുള്ളതുകൊണ്ട് അവന്റെയടുക്കല്‍ ഒരു സുരക്ഷിത ഫലകത്തില്‍ അവയൊക്കെ എഴുതിവച്ചിരിക്കുന്നുവെന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. നബി(സ)യില്‍ നിന്ന് ഇംറാന്ബ്‌നു ഹുസൈനിന്റെ ദീര്‍ഘമായ ഹദീസില്‍ നിന്ന്: 'അല്ലാഹുവാണ് അന്നുള്ളത്. അവനൊഴികെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേല്‍ ആയിരുന്നു. മൂലഗ്രന്ഥത്തില്‍ എല്ലാം അവന്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. (പിന്നീട്) അവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു.' (ബുഖാരി, അഹ്മദ്, തിര്‍മിദി)

ഇവിടെ 'അദ്ദിക്ര്‍' (മൂലഗ്രന്ഥം) എന്ന് പരാമര്‍ശിച്ചത് സൂറത്തുല്‍ ബുറൂജ് 22-മത്തെ സൂക്തത്തില്‍ പരാമര്‍ശിച്ച ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) ആണെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ വിശദീകരിക്കുന്നു.
 

Feedback