Skip to main content

ബൈത്തുല്‍ ഇസ്സ

സമീപസ്ഥമായിട്ടുള്ള വാനലോകത്തിലെ ഒരു ഭവനമാണ് ബൈത്തുല്‍ ഇസ്സ. ത്വബ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു: 'എല്ലാ ആകാശങ്ങളിലും കഅ്ബയ്ക്കു സമാനമായ ഭവനമുണ്ട്. ഏഴാമത്തെ ആകാശത്തുള്ള ഭവനത്തിന്റെ പേരാണ് ബൈത്തുല്‍ മഅ്മൂര്‍. ഏറ്റവും സമീപസ്ഥമായിട്ടുള്ള ആകാശത്തിലെ ഭവനമാണ് ബൈത്തുല്‍ ഇസ്സ'.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ഏറ്റവും അടുത്തുള്ള വാനലോകത്തിലെ ബൈത്തുല്‍ ഇസ്സ എന്ന ഭവനത്തിലാണ് വിശുദ്ധ ഖുര്‍ആനാകുന്ന ഉദ്‌ബോധനം സൂക്ഷിക്കപ്പെട്ടത്. പിന്നീട് ജിബ്‌രീല്‍ എന്ന മലക്ക് റസൂല്‍(സ)ക്ക് അല്പാല്പമായി അത് ഇറക്കിക്കൊടുത്തു (നസാഈ).

ഏറ്റവും അടുത്തുള്ള ആകാശത്തിലെ ബൈത്തുല്‍ ഇസ്സയില്‍ വിശുദ്ധ ഖുര്‍ആന്‍ ഒന്നിച്ച് സൂക്ഷിക്കപ്പെട്ടു. പിന്നീട് ജിബ്‌രീല്‍ (അ) നബിക്ക് അല്‍പാല്‍പമായി ഇറക്കിക്കൊടുത്തു.(അല്‍ ഇത്ഖാന്‍-സുയൂത്വി)

അബീശൈബ(റ) വില്‍നിന്ന് നിവേദനം: ജിബ്‌രീലിന്റെ അരികിലേക്ക് ലൈലത്തുല്‍ ഖദ്‌റില്‍ (നിര്‍ണ്ണായക രാത്രി) ഒന്നിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ അത് ബൈത്തുല്‍ ഇസ്സയാകുന്ന ഭവനത്തില്‍ സൂക്ഷിച്ചു. പിന്നീട് അവിടെ നിന്ന് അല്പാല്പമായി നബി(സ) അവതരിപ്പിച്ച് കൊടുക്കുകയുണ്ടായി.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം ലൗഹുല്‍ മഹഫൂളില്‍ (സംരക്ഷിത ഫലകം) നിന്ന് ഏറ്റവും അടുത്ത വാനലോകത്തിലെ ഭവനമായ ബൈത്തുല്‍ ഇസ്സയിലേക്ക് ഒന്നിച്ചായിരുന്നു എന്ന കാര്യത്തില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.(ഇബ്‌നുകഥീര്‍)

ചുരുക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തിന് മൂന്ന് പ്രധാന ഘട്ടങ്ങള്‍ ഉണ്ടെന്ന് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. ഖുര്‍ആനിനെ സംരക്ഷിത ഫലകം (ലൗഹുല്‍ മഹ്ഫൂള്) ത്തില്‍ ആക്കി എന്നത് പ്രഥമ ഘട്ടമാണ്. 

അല്ലാഹു പറയുന്നു: “അല്ലാ, മഹത്വമേറിയത് ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്” (85:21,22).

സംരക്ഷിത ഫലക(ലൗഹുല്‍ മഹ്ഫൂള്)ത്തില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി ഒന്നാം ആകാശത്തുള്ള ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിച്ചു. ഇതാണ് ഖുര്‍ആന്‍ അവതരണത്തിന്റെ രണ്ടാം ഘട്ടം. ഈ അവതരണം റമദാനിലെ അനുഗൃഹീത രാത്രിയായ ലൈലത്തുല്‍ ഖദ്‌റിലാണ് ഉണ്ടായത്. 

മൂന്നാമതായി ബൈത്തുല്‍ ഇസ്സയില്‍ നിന്ന് ഘട്ടംഘട്ടമായി മുഹമ്മദ് നബി(സ)യുടെ മനസ്സിലേക്ക് ഇറക്കപ്പെട്ടു. അതാണത്രേ ഖുര്‍ആന്‍ അവതരണത്തിന്റെ അവസാന ഘട്ടം.

ഖുര്‍ആന്‍ അവതരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നാം ആകാശത്തിലെ ഭവനമാണ് ബൈത്തുല്‍ ഇസ്സ.
 

Feedback