ആകാശഭൂമികളോളം വിസ്തൃതിയുള്ള സ്വര്‍ഗലോകത്തെക്കുറിച്ചുള്ള വര്‍ണനകള്‍ നമ്മുടെ ഭാവനകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമതീതമാണ്. ഐഹിക വിഭവങ്ങളോട് നാമമാത്ര സാദൃശ്യമുള്ള സ്വര്‍ഗീയ സൗഭാഗ്യങ്ങളിലൂടെ അല്ലാഹു സുഖാനുഭൂതിയുടെ അതിരുകളില്ലാത്ത ലോകമാണ് സജ്ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ചിരിക്കുന്നത്. നബി(സ)യോട് അവിടുത്തെ അനുചരന്മാര്‍ ഒരിക്കല്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, സ്വര്‍ഗത്തിന്റെ നിര്‍മാണത്തെപ്പറ്റി അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു. അതിന്റെ ഇഷ്ടിക സ്വര്‍ണത്തിന്റേയും വെള്ളിയുടേതുമാണ്. അവയുടെ തേപ്പ് സുഗന്ധപൂരിതമായ കസ്തൂരിയാണ്. അവിടുത്തെ ചരല്‍കല്ലുകള്‍ മുത്തും മാണിക്യവും മണ്ണ് കുങ്കുമവും. അവിടെ പ്രവേശിച്ചവന്‍ അനുഗൃഹീതനായി. ഒരിക്കലും നിരാശയില്ല. അനശ്വരന്‍. മരണമില്ല. വസ്ത്രം തുരുമ്പിക്കുകയോ യുവത്വം നശിക്കുകയോ ഇല്ല. (അഹ്മദ്, തിര്‍മിദി).
അല്ലാഹു സജ്ജനങ്ങളായ അവന്റെ അടിമകള്‍ക്ക് ഒരുക്കിയിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ ഐഹിക ജീവിതത്തില്‍ വെച്ച് ഒരാളുടേയും കണ്ണുകൊണ്ട് കണ്ടിട്ടില്ലാത്തതും കാത്‌കൊണ്ട് കേട്ടിട്ടില്ലാത്തതും മനസ്സുകളില്‍ വിഭാവനം ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളാണെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. ആ സ്വര്‍ഗത്തെ പ്രതീക്ഷിച്ചും ആഗ്രഹിച്ചും സത്കര്‍മങ്ങളില്‍ നിരതരാവാനും അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുമായി പ്രേരിപ്പിക്കും വിധം സ്വര്‍ഗീയ വിഭവങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ധാരാളം വിവരങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. സ്വര്‍ഗത്തിലെ അരുവികള്‍, തോപ്പുകള്‍, സുന്ദരന്മാര്‍, സുന്ദരിമാര്‍, പാത്രങ്ങള്‍, കട്ടിലുകള്‍, പരിചാരകര്‍, കൊട്ടാരങ്ങള്‍, തമ്പുകള്‍, വേഷങ്ങള്‍, ആഭരണങ്ങള്‍, കട്ടിലുകള്‍, പരവതാനികള്‍ എന്നിങ്ങനെ ധാരാളം സുഖാനുഭൂതികളെക്കുറിച്ചും സമൃദ്ധമായ വിഭവങ്ങളെ സംബന്ധിച്ചും അല്ലാഹുവും റസൂലും(സ) നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവ യഥാവിധി നാം ഉള്‍ക്കൊണ്ട് സ്വര്‍ഗത്തിലെ ഉന്നത പദവി ലഭിക്കാനായി അല്ലാഹുവോട് ചോദിക്കുകയും ആഗ്രഹക്കുകയും അതിന്ന്‌വേണ്ടി പ്രയത്‌നിക്കുകയുമാണ് വേണ്ടത്. സ്വര്‍ഗത്തിലെ കാര്യങ്ങള്‍ ഉപമിക്കാവുന്ന ഒന്നും ഭൂമിയിലില്ല. എങ്കിലും ഉപമ പോലെ നബി(സ) വിശദീകരിച്ചതിലെ നേരിയ സാമ്യങ്ങള്‍ നമ്മുക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിവരിച്ചതാണെന്നോര്‍ക്കുക.