Skip to main content

വസ്ത്രങ്ങളും ആഭരണങ്ങളും

സ്വര്‍ഗവാസികള്‍ അണിയുന്ന ഉയര്‍ന്നതരം ഉടയാടകളെക്കുറിച്ചും മുന്തിയതരം ആഭരണങ്ങളെ സംബന്ധിച്ചുമൊക്കെ ഖുര്‍ആനില്‍ വിവരണങ്ങള്‍ കാണാം. ''അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം (22:23).

വെള്ളിവളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ് (76:21)

സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്. ''സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്കവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും. (35:33) ''തീര്‍ച്ചയായും വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടേയും പ്രതിഫലം നാം ഒരിക്കലും പാഴാക്കുന്നതല്ല (18:30).

അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്ക് അവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയുംചെയ്യും (18:31).

സ്വര്‍ഗത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഐഹിക ജീവിതത്തിലെ വിഭവങ്ങളുമായി നാമമാത്ര സാദൃശ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സ്ഥിരവാസികള്‍ അണിയുന്ന പട്ടും വളകളും മറ്റ് ആഭരണങ്ങളുമെല്ലാം ഭംഗിയിലും ഗുണത്തിലും എല്ലാം ഒന്നിനോടും സാമ്യപ്പെടുത്താന്‍ കഴിയാത്ത വിധം ഏറ്റവും മികവും തികവുള്ളതുമാണ്. സ്വര്‍ഗീയ സുഖാനുഭൂതികളെപ്പറ്റി വിശുദ്ധ ഖുര്‍ആനും നബിയും വിശദീകരിച്ചത് മനുഷ്യ സങ്കല്‍പത്തിലെ വിഭവ സമൃദ്ധി പോലെയാണ്. ഇവ പക്ഷേ, പേരില്‍ മാത്രമേ സമാനതകളുള്ളൂ. സങ്കല്‍പാതീതമായ മേന്‍മയാണ് അവയ്ക്കുള്ളത്. നമുക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു തരികയാണ് ചെയ്തത് എന്ന് ധരിച്ചാല്‍ മതി.

ഒരിക്കല്‍ ഉയ്യൈദിര്‍ രാജാവ് തിരുമേനിക്ക് നേരിയ പട്ടുകൊണ്ടുള്ള ജുബ്ബ കാഴ്ചവെക്കുകയുണ്ടായി. അതിന്റെ ഭംഗിയില്‍ ആശ്ചര്യ ഭരിതരായിപ്പോയി ജനങ്ങള്‍, എല്ലാവരും. റസൂല്‍(സ) പറഞ്ഞു; ''ഇത് കണ്ട് ആശ്ചര്യപ്പെടുകയാണോ നിങ്ങള്‍! സ്വര്‍ഗത്തില്‍ സഅ്ദ്ബ്‌നു ആദിന്റെ സ്വര്‍ഗപാലകന്‍ ഇതിനേക്കാള്‍ എത്രയോ അഴക് ഏറിയതാണ് (അണിയുക). (ബുഖാരി, മുസ്‌ലിം)

സ്വര്‍ഗ സുന്ദരികളുടെ സൗന്ദര്യത്തെക്കുറിച്ച് പറയുന്നിടത്ത് നബി പറഞ്ഞു: ''അവളുടെ ശിരോവസ്ത്രം ഇഹലോകത്തെക്കാളും അതിലുള്ള എല്ലാറ്റിനേക്കാളും മെച്ചപ്പെട്ടതാണ്'' (ബുഖാരി).

രക്തസാക്ഷിക്ക് ലഭിക്കുന്ന സ്വര്‍ഗീയാനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ നബി(സ) എണ്ണിയത് ഇങ്ങനെയാണ്. ''അദ്ദേഹത്തിന്റെ ശിരസ്സില്‍ ആദരവിന്റെ കിരീടമുണ്ടായിരിക്കും. അതിലെ രത്‌നം ദുനിയാവിനെക്കാളും അതിലുള്ള എല്ലാറ്റിനേക്കാളും മെച്ചപ്പെട്ടതായിരിക്കും(തിര്‍മിദി). ഇഹലോകത്ത് പട്ടണിയുന്ന പുരുഷന്മാര്‍ക്ക് പരലോകത്ത് അതണിയാന്‍ കഴിയില്ല എന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു (മുസ്‌ലിം).

സ്വര്‍ഗവാസികളുടെ മുടിചീകുന്ന ചീര്‍പ്പ് സ്വര്‍ണം കൊണ്ടുള്ളതായിരിക്കും (ബുഖാരി). മുന്തിയ സുഗന്ധവസ്തുക്കള്‍ അവിടെ അവര്‍ക്കായി സൂക്ഷിക്കുകയും ചെയ്യും.
 

Feedback