Skip to main content

സ്വര്‍ഗ പ്രവേശം

സ്വിറാത്തിലൂടെ നരകത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിശ്വാസികള്‍ സ്വര്‍ഗ കവാടത്തിലെത്തുന്നതിന് മുമ്പ്, സ്വര്‍ഗത്തിന്റേയും നരകത്തിന്റേയും ഇടയിലുള്ള പാലത്തിന്റെയരികെ തടഞ്ഞുവെച്ച്, ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായ അക്രമങ്ങളുടെ കണക്കുകള്‍ പരസ്പരം തീര്‍ത്ത് ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്ത ശേഷമാണ് സ്വര്‍ഗ പ്രവേശത്തിന് അനുമതി ലഭിക്കുന്നത്. ഇഹലോകത്തെ സ്വന്തം വീട്ടിലേക്കുള്ള വഴിയേക്കാള്‍ കൂടുതല്‍ അവര്‍ സ്വര്‍ഗത്തിലെ തങ്ങളുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയുന്നവരായിരിക്കും. മലക്കുകള്‍ സ്വാഗതമോതി നില്‍ക്കുന്ന സ്വര്‍ഗ കവാടങ്ങളിലേക്ക് അവര്‍ കൂട്ടങ്ങളായി നയിക്കപ്പെടുന്നു. അതുവഴി മലക്കുകളും വിശ്വാസികള്‍ക്ക് സമാധാന സന്ദേശം പകര്‍ന്നുകൊണ്ട് കടന്നുവരും. നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ അന്തിമ ഗൃഹം (സ്വര്‍ഗം) എത്ര മെച്ചം എന്ന് ആയിരിക്കും മലക്കുകള്‍ പറയുന്നത് (13:23). സദ്‌വൃത്തര്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന വിധം സ്വര്‍ഗവാതിലുകള്‍ സദാ തുറന്നുവെക്കപ്പെട്ടുകൊണ്ടേയിരിക്കും (38:50).

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒന്നാമന്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യാണ്. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസമുദായവും അദ്ദേഹത്തിന്റേതു തന്നെ. ഈ സമുദായത്തില്‍ നിന്ന് ആദ്യമായി സ്വര്‍ഗപ്രവേശത്തിന് അനുമതി ലഭിക്കുന്നതാകട്ടെ നബി(സ)യുടെ സന്തത സഹചാരിയായി ജീവിതത്തിലും മരണാനന്തരവും അവിടുത്തോട് സഹവസിച്ച അബൂബക്കര്‍(റ) തന്നെയെന്ന് നബി(സ) പറയുന്നു. ഞാനാണ് ആദ്യം സ്വര്‍ഗ കവാടത്തില്‍ മുട്ടുന്നത് (മുസ്‌ലിം). ഞാന്‍ സ്വര്‍ഗ കവാടത്തില്‍ ചെന്ന് തുറക്കാനാവശ്യപ്പെടുമ്പോള്‍ അതിന്റെ പാറാവുകാരന്‍ ചോദിക്കും. താങ്കള്‍ ആരാണ്? അപ്പോള്‍ ഞാന്‍ പറയും, മുഹമ്മദ്. അപ്പോള്‍ അദ്ദേഹം പറയും. താങ്കള്‍ക്ക്  തുറന്നു തരണമെന്നാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. താങ്കള്‍ക്ക് മുമ്പ് ആര്‍ക്കും തുറന്ന്‌കൊടുക്കരുതെന്നും (മുസ്‌ലിം). നാം അവസാനം വന്നവരാണ്. അന്ത്യനാളില്‍ ആദ്യത്തെവരും. നാമാണ് ജനങ്ങളില്‍ ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ (ബുഖാരി, മുസ്‌ലിം). അബൂബക്കര്‍ താങ്കളായിരിക്കും എന്റെ ജനതയില്‍ നിന്ന് ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്. (അബൂദാവൂദ്).

തന്റെ സമുദായത്തില്‍ നിന്ന് എഴുപതിനായിരം പേര്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ് എന്ന് പ്രവാചകന്‍(സ) തന്നെ പറഞ്ഞിട്ടുണ്ട്. ''എന്റെ സമുദായത്തില്‍ നിന്ന് എഴുപതിനായിരം പേര്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന അനുഗ്രഹം എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. അവരുടെ മുഖം പൂര്‍ണ ചന്ദ്രനെപ്പോലെയായിരിക്കും, മനസ്സ് ഒരു വ്യക്തിയുടേത് പോലെയും. അങ്ങനെ ഞാന്‍ എന്റെ നാഥനോട് വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ ഓരോരുത്തരുടെയുമൊപ്പം വേറെ എഴുപതിനായിരവും വര്‍ധിപ്പിച്ചു തരികയുണ്ടായി (അഹ്മദ്). ഈ വിഭാഗത്തിന്റെ ലക്ഷണം നബി(സ) പറഞ്ഞതിപ്രകാരമാണ്. 'അവര്‍ ചൂട് വെക്കാത്തവരും മന്ത്രിപ്പിക്കാത്തവരും പക്ഷി ലക്ഷണം നോക്കാത്തവരും തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പ്പിക്കുന്നവരുമായിരിക്കും (ബുഖാരി). സമ്പന്നരേക്കാള്‍ നേരത്തെ ദരിദ്രരായ വിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന ്കാണിക്കുന്ന ചില റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇതിന് കാരണം നബി (സ) തന്നെ വിശദീകരിച്ചിട്ടുള്ളത് വിചാരണയര്‍ഹിക്കുന്ന ഒന്നും തന്നെ അവര്‍ക്കില്ലായിരുന്നു എന്നുള്ളതാണ്. ആരാധനയുടെയും ജിഹാദിന്റെയുമെല്ലാം മേഖലയിലാകട്ടെ അവര്‍ മറ്റുള്ളവരോടൊപ്പം നില്‍ക്കുകയുംചെയ്യും. 

തൗഹീദ് ഉള്‍ക്കൊണ്ടവരില്‍ തന്നെ ജീവിതത്തില്‍ ചില കുറ്റകൃത്യങ്ങള്‍ സംഭവിച്ചു പോകുകയും അതിന് മാപ്പ് ലഭിക്കാതെ നരകശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ടാവുന്നു. ഈ ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ ശിപാര്‍ശ മുഖേന ഇവര്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കപ്പെടുന്നു. തീ തിന്ന കരിക്കട്ടപോലെയായിത്തീര്‍ന്ന ശരീരവുമായി അവരെ സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സ്വര്‍ഗക്കാര്‍ അവരെ വിശേഷിപ്പിക്കുന്നത് 'ജഹന്നമിയൂന്‍' എന്നാണ്. കരിക്കട്ട സമാനമായ ഇവരെ നരകവിമുക്തരാക്കി സ്വര്‍ഗത്തിന്റെ മുറ്റത്ത് നിര്‍ത്തുന്നു. എന്നിട്ട് ഇവര്‍ക്ക് മീതെ സ്വര്‍ഗക്കാര്‍ ജീവജലം ചൊരിയുന്നു. അതോടെ കുത്തിയൊഴുകി വരുന്ന ജലത്തില്‍നിന്ന് അടിഞ്ഞുകൂടുന്ന ചപ്പുചവര്‍ക്കിടയില്‍ നിന്ന് മുളച്ചുവരുന്ന വിത്തുപോലെ നല്ല കരുത്തോടെ ഇവര്‍ മുളച്ചുവരുന്നു.  ഇങ്ങനെ ഒരു അണുത്തൂക്കം ഈമാനും തൗഹീദും മനസ്സില്‍ അവശേഷിപ്പിക്കുന്ന മുഴുവന്‍ ആളുകളേയും നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യമാണ്.

അവസാനമായി  സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരാളുടെ ചിത്രം നബി (സ) പറയുന്നതിങ്ങനെയാണ്. നരകത്തില്‍ നിന്ന് അവസാനം പുറത്തു കടക്കുന്നതും സ്വര്‍ഗത്തില്‍ അവസാനം പ്രവേശിക്കുന്നതുമായവരെ തീര്‍ച്ചയായും എനിക്കറിയാം. മുട്ടിലിഴഞ്ഞ് ഒരാള്‍ നരകത്തില്‍ നിന്ന് പുറത്തു കടക്കുന്നു. അപ്പോള്‍ അല്ലാഹു അവനോട് പറയും പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അങ്ങനെ അവന്‍ അവിടെ ചെല്ലുമ്പോള്‍ അവിടം നിറഞ്ഞു നില്‍ക്കുന്നതായി അവന് തോന്നും. ഉടനെ അവന്‍ മടങ്ങിവന്നു പറയും നാഥാ, അത് നിറഞ്ഞതായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ അല്ലാഹു പറയും. പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. നിനക്ക് ഇഹലോകത്തിന്റെ അത്രയും പിന്നെ പത്തിരട്ടിയുമാണ് ഉള്ളത്. അപ്പോള്‍ അവന്‍ ചോദിക്കും. നീ രാജാവായിരിക്കെ എന്നെ പരിഹസിക്കുകയാണോ? ഹദീസ് നിവേദകനായ ഇബ്‌നുമസ്ഊദ്(റ) പറയുന്നു: (ഇത് പറയുമ്പോള്‍) നബി (സ) അവിടുത്തെ അണപ്പല്ല് കാണുമാറ് ചിരിക്കുന്നത് ഞാന് കാണുകയുണ്ടായി. ഇദ്ദേഹമാണ് സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന പദവിയുള്ളവന്‍ എന്ന് പറയപ്പെടുന്നു. (ബൂഖാരി മുസ്‌ലിം)
 

Feedback