സ്വര്‍ഗവാസികള്‍തന്നെ വിശ്വാസങ്ങളിലും കര്‍മങ്ങളിലും ഭിന്നനിലവാരത്തിലുള്ളവരായിരിക്കും. വിശ്വാസത്തിന്റെയും കര്‍മങ്ങളുടേയും തോതനുസരിച്ച് പ്രതിഫലത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകും. ''അവര്‍ സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ ധരിക്കുക പട്ടുവസ്ത്രമായിരിക്കും. അവര്‍ പറയും. ഞങ്ങളില്‍ നിന്ന് ദു:ഖമകറ്റിയ അല്ലാഹുവിന് സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും. തന്റെ അനുഗ്രഹത്താല്‍ നമ്മെ സ്ഥിരവാസത്തിനുള്ള വസതിയില്‍ പാര്‍പ്പിക്കുന്നവനാണവന്‍, ഇവിടെ ഇനി നമ്മെ ഒരുവിധപ്രയാസവും ബാധിക്കില്ല. ക്ഷീണവും സ്പര്‍ശിക്കില്ല'' (35:33-35).
സ്വര്‍ഗങ്ങളില്‍ (ജന്നാത്ത്) എന്ന പ്രയോഗത്തില്‍ നിന്ന്തന്നെ ഒന്നിലധികം സ്വര്‍ഗങ്ങളുണ്ട് എന്ന് വ്യക്തമാവുന്നു. ഫിര്‍ദൗസ്, അദ്‌ന്, നഈം, മഅ്‌വ്, ഖുല്‍ദ്, സലാം, ഇല്ലിയൂന്‍ എന്നിങ്ങനെ സ്വര്‍ഗത്തെക്കുറിക്കുന്ന പദപ്രയോഗങ്ങള്‍ അവിടെയുള്ള ഉയര്‍ന്നതും താഴ്ന്നതുമായ പദവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഐഹികജീവിതത്തില്‍ചെയ്ത കര്‍മങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും സ്വര്‍ഗത്തിലും അനുയോജ്യമായ പദവിലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍ (20:75). പ്രവചാകന്മാര്‍, അല്ലാഹുവിന്റെമാര്‍ഗത്തില്‍ സമരംചെയ്തവര്‍, മക്കാ വിജയത്തിന് മുമ്പ് ഇസ്‌ലാമിന്ന്‌വേണ്ടി ധനം വ്യയം ചെയ്യുകയും പൊരുതുകയും ചെയ്തവര്‍ എന്നിങ്ങനെ വിവിധ അടിസ്ഥാനങ്ങളില്‍ ചിലര്‍ക്ക് ശ്രേഷ്ഠതകള്‍ കൂടുതലുണ്ടായിരിക്കുമെന്ന് വ്യക്തമാണ്. അതനുസരിച്ച്‌സ്വര്‍ഗീയസൗഭാഗ്യങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. ഈ വസ്തുത പരിഗണിച്ചുകൊണ്ട് അല്ലാഹു സ്വര്‍ഗം സംവിധാനിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു ''നിങ്ങളുടെകൂട്ടത്തില്‍നിന്ന് (മക്ക) വിജയത്തിന് മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയുംചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീട് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കു വഹിക്കുകയുംചെയ്തവരേക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു (57:10).
''രണ്ടുകൂട്ടര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്ക് അവരുടേതായ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു ''ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരംചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയിലുയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ് (4:95). അല്ലാഹു പറയുന്നു. ''നോക്കുക, അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന്. പരലോകമാകട്ടെ പദവികളില്‍ ഏറ്റവും വലുതും ശ്രേഷ്ഠതയില്‍ ഏറ്റവും വലുതും തന്നെയാകുന്നു. (17:21). നബി(സ) പറഞ്ഞു. ''തീര്‍ച്ചയായുംഅല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്ന പോരാളികള്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ നൂറ് ഉന്നത പദവികള്‍ ഒരുക്കിവെച്ചിരിക്കുന്നു. ഓരോ ഉന്നതസ്ഥാനത്തിന്റേയും ഇടക്ക് ആകാശ ഭൂമിപോലെയുള്ള അകലമുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് തേടുമ്പോള്‍ 'ഫിര്‍ദൗസ്' ചോദിക്കുക. കാരണം അത് സ്വര്‍ഗത്തിന്റെ ഏറ്റവും ഉന്നതിയില്‍ മധ്യത്തിലാണ്.
ബദ്ര്‍ യുദ്ധത്തില്‍ അജ്ഞാതനായ ഒരാളുടെ അമ്പേറ്റ് രക്തസാക്ഷിത്വംവരിച്ച ഹാരിസയെപ്പറ്റി അദ്ദേഹത്തിന്റെ മാതാവ് തിരുമേനിയോടന്വേഷിച്ചപ്പോള്‍ തിരുമേനി(സ) പറഞ്ഞു. ''ഹാരിസയുടെ മാതാവേ, സ്വര്‍ഗത്തില്‍ ധാരാളംതോട്ടങ്ങളുണ്ട്. നിന്റെ പുത്രന്‍ അത്യുന്നതമായ ഫിര്‍ദൗസ് പ്രാപിച്ചിരിക്കുന്നു. (ബുഖാരി)
ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ ഇതാ ഖുര്‍ആന്‍ ഓതിക്കൊണ്ട് മേല്‍പോട്ട് കയറിക്കോളൂ എന്നദ്ദേഹത്തോട് പറയപ്പെടുമെന്നും അങ്ങനെ ഒരു സൂക്തത്തിന് ഒരു പദവികണ്ട് പഠിച്ച മുഴുവന്‍ സൂക്തങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹം കയറുന്നതായിരിക്കുമെന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് (അഹ്മദ്). ഉയര്‍ന്നപദവികള്‍ അലങ്കരിക്കുന്നവരെ അതിന് താഴെയുള്ളവര്‍ ഉന്നതങ്ങളില്‍ നോക്കികാണേണ്ടതാണ്. നബി(സ) പറഞ്ഞു. ''ചക്രവാളത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രത്തെ കിഴക്കും പടിഞ്ഞാറുമുള്ളവര്‍ താഴെ നിന്ന് കാണുന്നതാണ് (ബുഖാരി, മുസ്‌ലിം)
അല്ലാഹുവിനെ സൂക്ഷിച്ചുജീവിച്ചവര്‍ക്ക് ഉയര്‍ന്ന തട്ടുകളുള്ള മണിമേടകള്‍ ഉണ്ടായിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. സ്വര്‍ഗത്തിലെ പദവിയാണ് വസീല. സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു. എന്താണ് വസീല? അവിടുന്ന് പറഞ്ഞു. സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന പദവി. അത് ഒരാള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അത് ഞാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് (അഹ്മദ്). തനിക്ക് 'വസീല' കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് നബി(സ) ആവശ്യപ്പെടുകയുണ്ടായി. (അഹ്മദ്) ബാങ്ക്‌വിളികേട്ടാല്‍ നടത്തുന്ന പ്രാര്‍ഥനയില്‍ വിശ്വാസികളെല്ലാവരും 'വസീല' മുഹമ്മദ് നബിക്ക് നല്‍കേണമേ എന്ന് പ്രാര്‍ഥിക്കുന്നു.